
കാഞ്ഞിരപ്പള്ളി ∙ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്ന തകർന്നുവീഴാൻ സാധ്യതയുള്ള 225 കെട്ടിടങ്ങളിൽ കോട്ടയം ജില്ലയിലുള്ളതു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിലെ പഴക്കമേറിയ കെട്ടിടങ്ങൾ. നൂറ്റാണ്ടു പഴക്കമുള്ള ആശുപത്രിക്കെട്ടിടങ്ങളാണിവ. 2 വർഷം മുൻപ് ആശുപത്രിക്കായി പുതിയ 5 നില കെട്ടിടം നിർമിച്ചു ഭൂരിഭാഗം വിഭാഗങ്ങളും അവിടേക്കു മാറ്റിയതോടെയാണു പഴയ 6 കെട്ടിടങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നത്.
ഇതിൽ നൂറു വർഷം മുൻപ് ആശുപത്രി തുടങ്ങിയ കെട്ടിടം വരെയുണ്ട്.
പഴയ ഒപി, ആശുപത്രി ഓഫിസ്, സൂപ്രണ്ടിന്റെ ഓഫിസ്, ഫാർമസി, നഴ്സിങ് ക്വാർട്ടേഴ്സ് എന്നിവ പ്രവർത്തിച്ചിരുന്ന നൂറു വർഷം പഴക്കമുള്ള കെട്ടിടവും പഴയ കന്റീൻ കെട്ടിടവുമാണു തകർന്നുവീഴാൻ സാധ്യതയുള്ളതായി റിപ്പോർട്ടിൽ പറയുന്നത്. പഴയ ഓഫിസ് കെട്ടിടത്തിനു സമീപത്തു കൂടി വേണം പുതിയ ആശുപത്രിക്കെട്ടിടത്തിലേക്കു കടന്നുപോകാൻ. പഴയ കെട്ടിടത്തിലെ ഒപി വിഭാഗം ഗ്രിൽ ഉപയോഗിച്ചു പൂട്ടിയിട്ടുണ്ടെങ്കിലും ആശുപത്രിയിലെത്തുന്ന പലരും വിശ്രമിക്കാനും മറ്റുമായി കെട്ടിടത്തിന്റെ സമീപത്താണ് ഇരിക്കുന്നത്.
പഴയ കന്റീൻ കെട്ടിടം അതീവ ശോചനീയാവസ്ഥിയിലാണ്.
മേൽക്കൂര നശിച്ച കെട്ടിടത്തിന്റെ മുകളിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് ഏറെക്കാലം കന്റീൻ ഇവിടെ പ്രവർത്തിച്ചിരുന്നത്. തുടക്കക്കാലത്തു കരിങ്കല്ലിൽ നിർമിച്ച പഴയ വാർഡുകളും ഓപ്പറേഷൻ തിയറ്ററും പ്രവർത്തിച്ചിരുന്ന കെട്ടിടം കഴിഞ്ഞയിടെ നവീകരിച്ചു.
ഇവിടെ ഡയാലിസിസ് സെന്റർ സ്ഥാപിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
പുതിയ കെട്ടിടം നിർമിച്ചതോടെ മുൻപു കുട്ടികളുടെ വിഭാഗം, അത്യാഹിതവിഭാഗം, എക്സ്റേ, ഇസിജി, ലബോറട്ടറി, പുരുഷ വാർഡ് തുടങ്ങിയവ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളാണു നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്.പുതിയ പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും നിർമിച്ചതോടെ ഇവ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളും ഒഴിഞ്ഞു കിടക്കുകയാണ്. ഇവയിൽ പഴക്കമേറിയവ പൊളിച്ചുമാറ്റണമെന്നും ഉപയോഗയോഗ്യമായ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടന്നു നശിക്കുന്നതിനു മുൻപു ബലപ്പെടുത്തി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നുമാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]