
കോട്ടയം ∙ കുരുക്കോട് കുരുക്ക്. വഴിയിൽ കലക്ടറും ജില്ലാ പൊലീസ് മേധാവിയും കുടുങ്ങി.
വാഹനവുമായി റോഡിൽ ഇറങ്ങിയവർക്കെല്ലാം ദുരിതം. നഗരത്തിലും കഞ്ഞിക്കുഴിയിലും കളത്തിപ്പടിയിലും യാത്ര ദുഷ്കരമായി. ദേശീയപാത 183 (പഴയ കെകെ റോഡ്), പുതുപ്പള്ളി, ദേവലോകം, ഇറഞ്ഞാൽ എന്നീ റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ സംഗമിക്കുന്ന ജംക്ഷനാണു കഞ്ഞിക്കുഴി.
ശാസ്ത്രീയമല്ലാത്ത ബസ് സ്റ്റോപ്പുകൾ
∙ കലക്ടറേറ്റ് മുതൽ കഞ്ഞിക്കുഴി വരെ അരക്കിലോമീറ്റർ ദൂരത്തിൽ കുറഞ്ഞത് 3 ഇടങ്ങളിൽ സ്വകാര്യ ബസുകൾ നിർത്തുന്നുണ്ട്. മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്തവിധം ബസുകൾ നിർത്തുന്നതിനാൽ ഈ ബസ് സ്റ്റോപ്പുകൾ ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നു.
കഞ്ഞിക്കുഴി വഴി ഹയർ സെക്കൻഡറി സ്കൂളുകൾ, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു യാത്രക്കാർ കടന്നുപോകുന്നുണ്ട്. പൊതുപണിമുടക്കിനു ശേഷമുള്ള പ്രവൃത്തി ദിവസമെന്ന നിലയിൽ താരതമ്യേന വാഹനങ്ങളുടെ തിരക്കും റോഡിൽ ഇന്നലെ കൂടുതലായിരുന്നു.
ജില്ലാ ഭരണാധികാരികളും കുരുക്കിൽ
∙ കലക്ടർ, ജില്ലാ പൊലീസ് മേധാവി, മറ്റു വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വസതിയിലേക്കുള്ള വഴി കഞ്ഞിക്കുഴിയിലൂടെയാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിനു വാഹനങ്ങളാണു ദിനംപ്രതി ഇതുവഴി പോകുന്നത്.
അതുകൊണ്ടു തന്നെ രാവിലെയും വൈകിട്ടും തിരക്കേറിയ വേളകളിൽ റോഡിനു കുറുകെ കടക്കാനും യാത്രക്കാർ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്.
സ്റ്റാർ ജംക്ഷനിലെ കലുങ്ക് പണി
∙ കോട്ടയം നഗരത്തിലെ കുരുക്കിനു കാരണം സ്റ്റാർ ജംക്ഷനിലെ കലുങ്കുപണിയാണ്. കലുങ്കിനു സമീപം ഗതാഗതം നിയന്ത്രിക്കലാണു ട്രാഫിക് പൊലീസിന്റെ പ്രധാന ചുമതല. ഇവിടെ കുരുക്ക് അഴിയുന്നില്ല, മറ്റിടങ്ങളിലെ കുരുക്ക് ഇവർ അറിയുന്നുമില്ല.
കലുങ്കുപണി 10 ദിവസം കൂടി തുടരും.
കളത്തിപ്പടിയിൽ മഴ വില്ലൻ!
∙ മഴ ചാറിയാൽ കളത്തിപ്പടിയിൽ വെള്ളക്കെട്ടാകും. അതോടെ ഗതാഗതക്കുരുക്കുമാകും.
ഇവിടെ മണർകാട് പൊലീസാണു ശ്രദ്ധിക്കേണ്ടത്. പലപ്പോഴും വിവരം പൊലീസ് അറിയുന്നതു വൈകിയാണ്.
ക്യാമറകൾ ഉണ്ടായിട്ടും…
∙ ഗതാഗത നിയമം തെറ്റിക്കുന്ന വാഹനങ്ങളുമുണ്ട്.
ഇതിനെ പിടികൂടാൻ മിക്കയിടത്തും ക്യാമറകൾ ഉണ്ട്. ഇതു കൂടാതെ പൊലീസിന്റെ നിരീക്ഷണ ക്യാമറകളും ഉണ്ട്.
ഒരു ദിവസം 600 നിയമലംഘനങ്ങൾ
∙ നഗരത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ക്യാമറകളിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ശരാശരി 600 നിയമലംഘനം പ്രതിദിനം ലഭിക്കുന്നുണ്ടെന്നാണു കണക്ക്. ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ഇല്ലാത്ത യാത്ര, കാറുകളിൽ സീറ്റ് ബെൽറ്റ് ഇടാത്തത് എന്നിവയാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നതെന്നു മോട്ടർ വാഹന വകുപ്പ്.
ഒരു ക്യാമറയിൽ നിന്നു ശരാശരി 50ലേറെ നിയമലംഘന ദൃശ്യങ്ങൾ കിട്ടുന്നുണ്ട്. എന്നാൽ പൊലീസിന്റെ ക്യാമറകളിൽ പതിയുന്ന നിയമലംഘനത്തിനു പിഴ ഈടാക്കിത്തുടങ്ങിയിട്ടില്ല.
പുതിയ ഡിവൈഡർ ഫലം കണ്ടില്ല
∙ ഈസ്റ്റ് പൊലീസ് കഞ്ഞിക്കുഴിയിൽ റബർ ഡിലെയ്നെറ്റർ എന്ന ആധുനിക ഡിവൈഡർ സംവിധാനം സ്ഥാപിച്ചതു ഗുണം ചെയ്തില്ലെന്നു കണ്ടെത്തൽ. കുറഞ്ഞ ദിവസങ്ങളിൽ പഠനം നടത്തി പിന്നീട് ഡിവൈഡർ സ്ഥിരമാക്കുകയായിരുന്നു. നീളമേറിയ സ്ക്രൂ ഉപയോഗിച്ച് ഇവ റോഡിൽ ഉറപ്പിച്ചിരിക്കുകയാണ്.
യാത്രക്കാരുടെ കാഴ്ച മറയ്ക്കുകയില്ലെന്ന ഗുണം ഉണ്ട്. പക്ഷേ, കുരുക്കു കൂടി.
ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ വാഹനത്തിന്റെ സുഗമമായ ഗതാഗതസഞ്ചാരത്തിനു വേഗവും കുറഞ്ഞു. ഡിവൈഡർ വന്നതോടെ ട്രാഫിക് പൊലീസിന്റെ കൂടുതൽ സേവനം ലഭിക്കാതെയായി.
ഗതാഗത വകുപ്പ് സ്ഥാപിച്ച ക്യാമറകൾ
∙ എംസി റോഡിൽ മണിപ്പുഴ – 1
∙ കോടിമത നാലുവരിപ്പാത – 2
∙ കോട്ടയം ജനറൽ ആശുപത്രിക്കു സമീപം – 1
∙ ദേശീയപാത 183 കഞ്ഞിക്കുഴി – 1
∙ കോട്ടയം-കുമരകം റോഡിൽ – 2
∙ നാഗമ്പടം പാലം – 2
∙ കോട്ടയം സെൻട്രൽ ജംക്ഷൻ – 2
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]