
കൊടുങ്ങൂർ ∙ അപകടാവസ്ഥയിൽ നിൽക്കുന്ന വാഴൂർ പഞ്ചായത്തിന്റെ പഴയ ഷോപ്പിങ് കോംപ്ലക്സ് ഉടൻ പൊളിച്ചുമാറ്റണമെന്നാവശ്യം. കോംപ്ലക്സിന്റെ മുകളിലെ നിലയിൽ ചോർച്ചയുണ്ട്.
കോൺക്രീറ്റ് അടർന്നുവീഴുന്നുമുണ്ട്. കെട്ടിടത്തിന്റെ ഭിത്തിക്കു വിള്ളലുണ്ട്.
കോൺക്രീറ്റ് താഴേക്ക് അടർന്നുവീണ് അപകടം ഉണ്ടാകാതിരിക്കാൻ ഇരുമ്പുവല സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഇതിന്റെ മുൻപിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും കാൽനടക്കാർ റോഡിന്റെ എതിർവശം വഴി മാത്രമേ പോകാവൂ എന്നും നിർദേശിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ മുൻപിൽ ബോർഡ് വച്ചിട്ടുണ്ട്. 5 വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കോംപ്ലക്സിന് പഴക്കം 30 വർഷം മാത്രം
30 വർഷം മുൻപ് നിർമിച്ച 3 നില ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലെ നിലയിൽ ചോർച്ച ഉണ്ടായതോടെ കോൺക്രീറ്റ് അടർന്നുവീഴാൻ തുടങ്ങിയതിനെ തുടർന്ന് 8 വർഷം മുൻപ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു.
ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി കരാർ ചെയ്യുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണി നടത്തരുതെന്നും കെട്ടിടം പൊളിച്ചു മാറ്റണമെന്നും എൻജിനീയറിങ് വിഭാഗം നിർദേശിച്ചതോടെ പദ്ധതി നടന്നില്ല. കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ കോംപ്ലക്സിലെ വ്യാപാരികൾ കോടതിയെ സമീപിച്ചു.
ഇതോടെ കെട്ടിടത്തിന്റെ താഴത്തെ നില ഒഴിച്ചുള്ള ഭാഗം പൊളിച്ചുനീക്കി വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കാമെന്നു തീർപ്പാക്കിയിരുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയിൽ കെട്ടിടത്തിന്റെ താഴത്തെ നില മാത്രം നിർത്തി പൊളിച്ചു മാറ്റുമ്പോൾ താഴത്തെ നിലയ്ക്ക് ബലക്ഷയം ഉണ്ടാകുമെന്നും കെട്ടിടം പൂർണമായി പൊളിച്ചുനീക്കണമെന്നും നിർദേശിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി പറഞ്ഞു. 15നു പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന്, കെട്ടിടം ഒഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നോട്ടിസ് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]