
ഈരാറ്റുപേട്ട ∙ മീനച്ചിലാറ്റിൽ മരണത്തിലേക്കു ആഴ്ന്നുപോയ ഐറിനെക്കൂടി രക്ഷിക്കാൻ കഴിയാത്ത വേദനയിലാണ് അയൽവാസിയും പ്ലസ് വൺ വിദ്യാർഥിയുമായ ബിബിൻ. ആറാം മൈലിൽ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെ മകൾ ഐറിൻ മീനച്ചിലാറ്റിൽ മുങ്ങിത്താഴ്ന്ന വിവരം ആദ്യമറിഞ്ഞ് ഓടിയെത്തി രണ്ടു ജീവനുകൾ രക്ഷിച്ചത് ബിബിന്റെ ധീരതയാണ്.
സഹോദരി മെറിൻ, ബന്ധു അന്നാമരിയ, കൂട്ടുകാരി ദേവനന്ദന എന്നിവർക്കൊപ്പമാണ് ഐറിൻ വീടിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയത്. ആദ്യം ഒഴുക്കിൽപ്പെട്ട
ഐറിനെ രക്ഷിക്കാൻ അന്നാ മരിയയും ദേവനന്ദനയും ചാടിയെങ്കിലും ഇവരും ഒഴുക്കിൽപ്പെട്ടു.
കരയ്ക്കു നിന്നിരുന്ന മെറിൻ തൊട്ടടുത്ത ബിബിന്റെ വീട്ടിലേക്ക് ഓടി വിവരമറിയിക്കുകയായിരുന്നു. ചെറുപ്പം മുതൽ അറിയുന്ന ഇവരെ രക്ഷിക്കാൻ ബിബിനും ആറ്റിലേക്കു ചാടി. അന്നാമരിയയെയും ദേവനന്ദനയെയും രക്ഷിച്ചു.
ഈ സമയം ഐറിൻ വെള്ളത്തിൽ താഴ്ന്നു പോയിരുന്നു. ഇടയ്ക്ക് മുകളിലേക്ക് ഉയർന്നു വന്നെങ്കിലും പിടിക്കാനായില്ല.
ഇതിനിടെ ഐറിന്റെ പിതാവ് ജിമ്മിയും ബന്ധുക്കളും നാട്ടുകാരും ഓടിക്കൂടി. 30 അടിയോളം താഴ്ചയുള്ള കയത്തിലേക്കാണ് ഐറിൻ മുങ്ങിപ്പോയത്.
തുടർന്ന് സന്നദ്ധ സംഘടനയായ ടീം എമർജൻസിയും അഗ്നിരക്ഷാ സേനയും എത്തി. ഐറിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 7 മണിയോടെ മരിച്ചു.
ഇന്നലെ സ്കൂളിൽ എത്തിയപ്പോഴാണ് ഐറിനെ രക്ഷിക്കാൻ സാധിക്കാത്തതിന്റെ വേദന കൂട്ടുകാരോടും അധ്യാപകനായ സുധീഷ് ജി പ്ലാത്തോട്ടത്തിനോടും പങ്കുവച്ചത്. ചെറുപ്പം മുതൽ കാണുന്ന അയൽവാസികളായ കൂട്ടുകാർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും സർവ ശക്തിയുമെടുത്ത് നീന്തി രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ബിബിൻ പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് ഹയര് സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ബിബിൻ.
കൊണ്ടൂർ മോസ്കോ ദാസ്ഭവനിൽ ക്രിസ്തുദാസിന്റെയും അങ്കണവാടി അധ്യാപികയായ അനുമോൾ തോമസിന്റെയും മൂത്ത മകൻ. ബിൻസ് സഹോദരനാണ്.
ഐറിന്റെ സംസ്കാരം നാളെ 11ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]