
അമ്മമാർക്ക് പത്താംതരത്തിൽ ഒന്നാംതരം ജയം; മക്കളും മോശമാക്കിയില്ല, ആകെ സന്തോഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ അമ്മമാർ പത്താം ക്ലാസ് വിജയിച്ചതിനു തൊട്ടുപിന്നാലെ മക്കൾക്കും മിന്നുംവിജയം. അമ്മമാർക്കും മക്കൾക്കും ഇനി പ്ലസ് വണിന്റെ പഠനപാത. സാക്ഷരതാ മിഷന്റെ പത്താംക്ലാസ് തുല്യതാപരീക്ഷയിലാണ് അമ്മമാർ വിജയം നേടിയത്. എസ്എസ്എൽസി പരീക്ഷയിലാണ് മക്കളുടെ ജയം. കുറിച്ചി തെക്കേപ്പറമ്പിൽ പി.എം.ബിജിമോൾ സാക്ഷരത മിഷന്റെ ചങ്ങനാശേരി കേന്ദ്രത്തിലാണ് പഠിച്ചത്. തയ്യൽ ജോലിയാണ്. ഭർത്താവ് ടി.യു.ആന്റണിക്ക് പെയ്ന്റിങ് പണിയാണ്.
ഇവരുടെ മകൾ ഡോണ മരിയ ആന്റണി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വീട്ടിലെ പഠനത്തിന്റെ ആഹ്ലാദം ഇരട്ടിയാക്കിയത്. ഇത്തിത്താനം എച്ച്എസ്എസിലായിരുന്നു പഠനം. ഇനി അവിടെ തന്നെ പ്ലസ് വണിനു ചേരാനാണ് താൽപര്യം.പാറത്തോട് ഇടക്കുന്നം പുത്തൻപ്ലാക്കൽ കെ.എ.സീനത്ത് ബീവി കാഞ്ഞിരപ്പള്ളി സാക്ഷരതാ മിഷൻ കേന്ദ്രത്തിലാണ് പഠിച്ചത്. ഭർത്താവ് പരേതനായ നൗഷാദ്. ഇവരുടെ ഇരട്ടക്കുട്ടികളായ റിസ്വാൻ നൗഷാദ് ടെക്നിക്കൽ ഹൈസ്കൂളിലും രുക്സാന നൗഷാദ് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലുമാണ് പഠിച്ചത്.
ഉയർന്ന മാർക്കോടെയാണ് ഇരുവരുടെയും പത്താം ക്ലാസ് ജയം. പലകാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെപോയവർക്കു സഹായകരമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സാക്ഷരതാ മിഷനാണു തുല്യതാ പരീക്ഷകൾ നടത്തുന്നത്. ജില്ലയിൽ 4 കേന്ദ്രങ്ങളാണ് സാക്ഷരതാ മിഷനുള്ളതെന്നും പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പുതിയ ബാച്ചിന്റെ റജിസ്ട്രേഷൻ ആരംഭിച്ചതായും സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ.വി.വി.മാത്യു പറഞ്ഞു.