
കോണത്താറ്റ് പാലം സമീപന പാത നിർമാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരകം ∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ കിഴക്കേക്കരയിലെ സമീപന പാതയുടെ നിർമാണത്തിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്. വൈക്കം, ചേർത്തല ഭാഗത്ത് നിന്ന് കോട്ടയത്തേക്കു പോകുന്ന വാഹനങ്ങൾ കല്ലറ റോഡിലൂടെ പോയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുമെന്ന് എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു. വാഹനങ്ങൾക്കു സമീപന പാത പണിയുന്ന ഭാഗത്തു കൂടി കടന്നു പോകുന്നതിനു വീതി കുറഞ്ഞ ഇടുങ്ങിയ ഭാഗമാണു ഉള്ളത്.
കോട്ടയത്ത് നിന്നും പടിഞ്ഞാറ് താൽക്കാലിക റോഡ് കടന്നും വരുന്ന വാഹനങ്ങൾക്കും തമ്മിൽ ഈ ഭാഗത്തു കൂടി സൈഡ് നൽകി പോകുക പ്രയാസമാണ്. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുന്നതിനൊപ്പം കാൽനടക്കാരും വരുന്നതോടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ഇടുങ്ങിയ ഭാഗത്തു കൂടി വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടക്കാർക്ക് അപകട സാധ്യതയുണ്ട്. കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കുമരകത്തേക്കും ഇവിടെ നിന്നുള്ള വാഹനങ്ങൾ കോട്ടയത്തിനും ഈ ഭാഗത്തു കൂടി പോയാൽ ഗതാഗതക്കുരുക്കിനു ഒരുപരിധിവരെ പരിഹാരമാകും. രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്.
പൊലീസിനെയും ഹോം ഗാർഡിനെയും ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ കൂടുതൽ എണ്ണം വരുന്നതോടെ ഗതാഗതം തടസ്സപ്പെടുന്നു. ഇതുവഴിയുള്ള വാഹനത്തിരക്കു കുറയ്ക്കുക മാത്രമേ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയൂ. സമീപന പാതയുടെ പണി എന്ന് തീരുമെന്നതിന് നിശ്ചയമില്ല.നിർമാണ ജോലി തീരുന്നതുവരെ ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഒരു സമയം ഒരു വശത്തു നിന്ന് വരുന്ന വാഹനങ്ങളെ മാത്രമേ ഈ ഭാഗത്തു കൂടി കടത്തി വിടൂ എന്നും പൊലീസ് അറിയിച്ചു.