കുമാരനല്ലൂർ ∙ ഭക്തിയുടെ അകമ്പടിയോടെ ദേശവഴികളിൽ അനുഗ്രഹം ചൊരിഞ്ഞ് കുമാരനല്ലൂരമ്മ മീനച്ചിലാറ്റിൽ ഊരുചുറ്റി. ക്ഷേത്രനടയിൽ നിന്ന് സിംഹവാഹനം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും കരവഞ്ചിയുടെയും അകമ്പടിയോടെയാണ് ആറാട്ട് കടവിൽ എത്തിച്ചത്. കൊടിമരച്ചുവട്ടിൽ ക്ഷേത്ര ഭരണാധികാരി കെ.എ.മുരളി കാഞ്ഞിരക്കാട്ടില്ലം ദേവീചൈതന്യം ആവാഹിച്ച സിംഹവാഹനം കൈമാറി.
ശ്രീവിനായക ചുണ്ടൻ വള്ളത്തിലാണ് സിംഹവാഹനം എഴുന്നള്ളിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ സാബു മാത്യു, ടി.ആർ.അനിൽകുമാർ, ഷൈനി തോമസ്, വിനു ആർ.മോഹൻ, എം.ടി.മോഹനൻ എന്നിവർ യാത്രാമംഗളം നേരാൻ എത്തിയിരുന്നു.
വെപ്പുവള്ളങ്ങളും ചുരുളൻ വള്ളങ്ങളും ഭജന സംഘങ്ങളുടെ ബോട്ടുകളും ദേവീ ചൈതന്യം വഹിച്ച പള്ളിയോടത്തിന് അകമ്പടി സേവിച്ചു.
ഇരുകരകളിലും നിലവിളക്കു തെളിച്ചും പറനിറച്ചും ഭക്തർ വരവേൽപ് നൽകി. നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, നട്ടാശേരി എന്നിവിടങ്ങളിലൂടെ ദേവീ ചൈതന്യം വഹിച്ച പള്ളിയോടം സൂര്യകാലടി മനയിൽ എത്തിയപ്പോൾ സ്വീകരണം നൽകി. സൂര്യകാലടി ഗണപതിയെ വന്ദിച്ച് പുറപ്പെട്ട
ജലഘോഷയാത്ര ഇടത്തിൽ മണപ്പുറം, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂർ, പനമ്പാലം, കുമാരനല്ലൂർ വടക്കേനട വഴി സന്ധ്യയോടെ ആറാട്ടുകടവിൽ തിരികെ എത്തി.
എൻഎസ്എസ് കരയോഗങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഊരുചുറ്റു വള്ളംകളി നടത്തിയത്.
ജനറൽ കൺവീനർ സന്തോഷ് ജെ.പുതുപ്പള്ളിൽ, പബ്ലിസിറ്റി കൺവീനർ എസ്.ആനന്ദക്കുട്ടൻ ശ്രീനിലയം, ഊരുചുറ്റു വള്ളംകളി കൺവീനർ ബി.ഉണ്ണിക്കൃഷ്ണൻ നായർ, സുധീഷ് പൂരാടത്ത്, എൻഎസ്എസ് കരയോഗം പ്രസിഡന്റുമാരായ പി.എൻ.ശശിധരൻ നായർ, പി.കെ.രാധാകൃഷ്ണൻ നായർ, ജി.മോഹൻ കുമാർ എന്നിവർ നേതൃത്വം നൽകി. സി.കെ.രാധാകൃഷ്ണൻ നായർ, എം.ജി.ചന്ദ്രശേഖരൻ നായർ, എം.ടി.ചന്ദ്രൻ, ശ്രീകുമാർ, പ്രസന്നകുമാർ എന്നിവർ കരവഞ്ചിക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]