ചങ്ങനാശേരി ∙ തൃക്കൊടിത്താനം സ്റ്റേഷനിലെ എസ്എച്ച്ഒ ബൂട്ടിട്ട് ചവിട്ടിയതോടെ കാലിലെ രണ്ടു വിരലുകൾ നഷ്ടപ്പെട്ടെന്ന പരാതിയുമായി തെങ്ങണ സ്വദേശി കിഴക്കേപ്പുറത്ത് ബിജു തോമസ് (58). 2024 ഏപ്രിലിലായിരുന്നു സംഭവം.
2 ആശുപത്രികളിലായി ചികിത്സിച്ചെങ്കിലും നാലു മാസം കാല് നിലത്ത് കുത്താൻ കഴിയാതെ കിടക്കയിലായിരുന്നു എന്നു ബിജു പറയുന്നു. ‘‘ചെയ്ത ജോലിയുടെ കൂലി കിട്ടാതെ വന്നപ്പോൾ പരാതി നൽകിയത് ഞാനാണ്.
സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ ഒത്തുതീർപ്പിനു വഴങ്ങാതെ വന്നതോടെ എസ്എച്ച്ഒ വിരൽ ചുരുട്ടി വയറിൽ കുത്തി. ബൂട്ടിട്ട
കാലുകൾകൊണ്ടു കാലിൽ ചവിട്ടി പിടിച്ചു. നെഞ്ചിൽ ഇടിച്ചു.
വീഴാൻ പോയപ്പോൾ സിവിൽ പൊലീസ് ഓഫിസർമാർ താങ്ങിപ്പിടിച്ചു.
എന്നിട്ടും കാലിൽ നിന്നു ബൂട്ട് മാറ്റിയില്ല. അന്ന് രാത്രി തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽപ്പോയി.
കാലിന്റെ പുറത്ത് മുറിവില്ലാത്തതിനാൽ ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തു. ജോലിക്കായി അടുത്ത ദിവസം ബെംഗളൂരുവിലെത്തിയപ്പോൾ കാലിനു വേദന കൂടി.
വിരലിലേക്കുള്ള രക്തയോട്ടം നിലച്ചതായി പരിശോധനയിൽ കണ്ടു. അണുബാധയായപ്പോൾ ഒരു വിരൽ മുറിച്ചു മാറ്റി.
16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തി. പിന്നീട് രണ്ടാമത്തെ വിരലും മുറിച്ചു മാറ്റി.
എന്റെ കുടുംബത്തെക്കരുതി ഉദ്യോഗസ്ഥനെതിരെ പരാതി നൽകാൻ പോയില്ല’’ – ബിജു പറയുന്നു.
ഒരു ദിവസം മുഴുവൻ മർദിച്ചു ഏറ്റുമാനൂർ പൊലീസിന് എതിരെ പരാതി
കോട്ടയം ∙ കാരണങ്ങളൊന്നുമില്ലാതെ പിടിച്ചുകൊണ്ടുപോയി അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഒരു ദിവസം മുഴുവൻ മർദിച്ചെന്ന് പൊലീസിനെതിരെ പരാതി. ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് കുറ്റിക്കാട്ട് കെ.എസ്.സംഗീതാണ് (46) ഏറ്റുമാനൂർ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നൽകിയത്.വ്യാപാരിയായ സംഗീതിന് ഏറ്റുമാനൂരിലെ ഒരു സിനിമാ തിയറ്റർ നടത്തിപ്പുകാരുമായി കേസ് നിലവിലുണ്ട്.
തിയറ്റർ ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നു പറഞ്ഞാണ് സ്വന്തം സ്ഥാപനത്തിൽ നിന്നു തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് സംഗീത് പറയുന്നു. ഭക്ഷണമോ, വെള്ളമോ നൽകാതെ മർദിച്ചു.
മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ല.
24 മണിക്കൂറിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. പൊലീസ് മർദിച്ച വിവരം കോടതിയെ അറിയിച്ചിരുന്നുവെന്നും ബ്ലഡ് ഷുഗർ കൂടി 4 ദിവസം ആശുപത്രിയിൽ ചികിത്സയിലായെന്നും സംഗീത് പറയുന്നു. അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സംഗീതത്തിനെതിരെ 15 ക്രിമിനൽ കേസുകളുണ്ടെന്നും കരുതൽ തടങ്കലിൽ കസ്റ്റഡിയിൽ എടുത്തതാണെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
കടുത്തുരുത്തി പൊലീസിനെതിരായ പരാതി എസ്പിക്ക് കൈമാറി
കടുത്തുരുത്തി ∙ ക്ഷേത്രത്തിൽ ഉണ്ടായ വഴക്ക് പരിഹരിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ച കടുത്തുരുത്തി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതി പൊലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്പിക്ക് കൈമാറി.
ഡിവൈഎഫ്ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റ് കപിക്കാട് ഞാറക്കാട്ട് വീട്ടിൽ എൻ. അഭിലാഷിന് (27) 2024 ഓഗസ്റ്റ് 26 ന് മർദനമേറ്റതായാണ് പരാതി. സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിവരങ്ങളും ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയതായും അഭിലാഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]