
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ അത്യാവശ്യ സർവീസിനായി ഒരു ആംബുലൻസ് മാത്രം. ഇത് രാത്രി സർവീസ് നടത്തുന്നുമില്ല.
അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ കൊണ്ടുപോകാൻ 108 ആംബുലൻസുകളെയോ, സ്വകാര്യ ആംബുലൻസുകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ആകെയുണ്ടായിരുന്ന 3 ആംബുലൻസുകളിൽ ഒരെണ്ണം ഡിഎംഒ ഓഫിസിലേക്കു തിരിച്ചു കൊണ്ടുപോയി.
ഒരെണ്ണം രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുമ്പോൾ അപകടത്തിൽപെട്ടു തകരാറിലായി വർക്ഷോപ്പിലാണ്. 6 മാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
പഴകിയ ആംബുലൻസിന്റെ തകരാർ പരിഹരിക്കുന്നതിലും ഭേദം പുതിയതു വാങ്ങുന്നതാണെന്ന അഭിപ്രായമാണ് അധികൃതർക്കുള്ളത്.
ഡോ. എൻ.ജയരാജിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസാണ് അപകടത്തിൽപെട്ടു തകരാറിലായത്.
നിലവിൽ സർവീസ് നടത്തുന്ന ആംബുലൻസ് ആന്റോ ആന്റണി എംപി അനുവദിച്ചതാണ്. എംപി ആംബുലൻസ് അനുവദിച്ചപ്പോൾ പഴയ ആംബുലൻസ് ഡിഎംഒ ഓഫിസിലേക്കു തിരിച്ചുകൊണ്ടുപോയി.
ജോസ് കെ.മാണി എംപി അനുവദിച്ച ജീപ്പ് ആംബുലൻസ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കാണ് ഓടുന്നത്.
നിലവിൽ ആരോഗ്യവകുപ്പിന്റെ ആംബുലൻസ് ഒന്നു പോലുമില്ല. രോഗികളെ കൊണ്ടുപോകാനുള്ള ഏക ആംബുലൻസ് ഒരാളെയുമായി 50 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജിലേക്കു പോയാൽ പിന്നീട് ഇതു തിരിച്ചുവരുന്നതു വരെ ആശുപത്രിയിൽ ആംബുലൻസില്ല.
ഈ സമയത്ത് ആവശ്യം വന്നാൽ 108 ആംബുലൻസുകളെയോ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കുക മാത്രമാണ് മാർഗം.
ഡ്രൈവർമാരുടെ കുറവാണ് രാത്രി ആംബുലൻസ് സർവീസ് നിലയ്ക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ 3 ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിയിലുണ്ട്. സ്ഥിരനിയമനത്തിലുള്ള ഡ്രൈവർക്ക് പാലിയേറ്റീവ് ആംബുലൻസിലാണു ഡ്യൂട്ടി.
ആശുപത്രി മാനേജ്മെന്റ് സമിതി നിയമിച്ച 2 താൽക്കാലിക ഡ്രൈവർമാരാണുള്ളത്.
3 ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ ഇവർ മടിക്കുന്നതാണു രാത്രി സർവീസ് മുടങ്ങാൻ കാരണമെന്നും പറയുന്നു. ആരോഗ്യ വകുപ്പിന്റെ മറ്റു സ്ഥാപനങ്ങളിൽ അധികമുള്ള ഡ്രൈവർമാരെ ഇവിടേക്കു നിയമിച്ച് കൂടുതൽ ആംബുലൻസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായി.
ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുൾപ്പെടെയുള്ള ദിവസവും ആയിരത്തിലധികം ആളുകൾ ചികിത്സ തേടുന്ന ആശുപത്രിയാണ്.
ഇവിടെ അത്യാവശ്യ സർവീസുകൾക്കു മാത്രം കുറഞ്ഞത് 3 ആംബുലൻസുകൾ വേണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]