
കോട്ടയം ∙ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ അവസ്ഥ ദയനീയം. 3 നില കെട്ടിടത്തിന്റെ പിൻഭാഗത്തെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുകയാണ്.
കെട്ടിടത്തിന്റെ മുൻവശത്തെ രണ്ടും മൂന്നും നിലകളിൽ സൺ ഷെയ്ഡിന്റെ പ്ലാസ്റ്ററിങും അടർന്നു. 40 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റിനുള്ളിലെ കമ്പികളടക്കം പുറത്തേക്കു തെളിഞ്ഞു കാണാം.
തകരാറിലായ കെട്ടിട
ഭാഗത്തോട് ചേർന്നാണ് കുട്ടികളുടെ ആറാം വാർഡ് പ്രവർത്തിക്കുന്നത്. അപകടനിലയിലായ ഭാഗത്തോട് ചേർന്നുള്ള മുറികളൊന്നും പ്രവർത്തിക്കുന്നില്ലെന്നും ഒരു വാർഡ് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.
എന്നാൽ ഓപ്പറേഷൻ തിയറ്ററടക്കം കെട്ടിടത്തിലുണ്ട്. കണ്ണ് ശസ്ത്രക്രിയയ്ക്കു ശേഷമെത്തിക്കുന്നവരെയും മൂന്നാം നിലയിലാണ് കിടത്തുന്നത്.
കെട്ടിടത്തിനുള്ളിലെ ഏതാനും ഭാഗത്ത് തകരാർ പ്ലാസ്റ്ററിങ് ചെയ്ത് താൽക്കാലികമായി അടച്ചിട്ടുണ്ട്.
എന്നാൽ പിൻവശം ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. മൂന്നാം നിലയോടു ചേർന്നുള്ള ഭാഗത്ത് ആൽമരം വളർന്നു നിൽക്കുന്നുണ്ട്.
ഒന്നാം നിലയിലും കുട്ടികളുടെ വാർഡുണ്ട്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമാണവും മണ്ണുമാറ്റുന്ന ജോലികളും നടക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ ഈ കെട്ടിടത്തിനു കുലുക്കമുണ്ടാകുന്നതായി ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
ഇതിനോടു ചേർന്നുള്ള ഭാഗത്താണ് കിടപ്പുരോഗികൾ വസ്ത്രങ്ങൾ അലക്കി വിരിക്കുന്നത്.
കെട്ടിടത്തിന്റെ ബലക്ഷയം ജില്ലാ പഞ്ചായത്തിൽ അറിയിച്ചിട്ടുണ്ട്. നവീകിക്കാനും ബലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
അടുത്ത ദിവസം ജില്ലാ പഞ്ചായത്തിന്റെ എൻജിനീയറിങ് വിഭാഗം പരിശോധനയ്ക്കെത്തും.
ഡോ. പി.കെ.സുഷമ, ജനറൽ ആശുപത്രി സൂപ്രണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]