
വാഹനാപകടങ്ങൾ തുടർക്കഥ: ‘എസ്’ വളവ് റോഡിലെ ബാർ മാർക്കിങ്ങുകൾ ഇളകി
എരുമേലി ∙ വാഹനാപകടങ്ങൾ തുടർക്കഥയായതോടെ മോട്ടർ വാഹന വകുപ്പ് കണമല ‘എസ്’ വളവിൽ സ്ഥാപിച്ച ബാർ മാർക്കിങുകൾ 7 മാസം പിന്നിട്ടപ്പോഴേ ഇളകി തുടങ്ങി. കഴിഞ്ഞ തീർഥാടന കാലത്ത് നിരന്തരം അപകടങ്ങൾ ഉണ്ടായതോടെയാണ് മോട്ടർ വാഹനവകുപ്പും പൊതുമരാമത്തുവകുപ്പും സംയുക്ത പരിശോധന നടത്തി വാഹനവേഗം നിയന്ത്രിക്കുന്നതിനു കണ്ണിമല മഠം പടിയിൽ ബാർ മാർക്കിങ്ങുകൾ സ്ഥാപിച്ചത്.
റോഡിലെ മധ്യത്തിലൂടെയാണ് ബാർ മാർക്കിങ് സ്ഥാപിച്ചിട്ടുള്ളത്. ബാർ മാർക്കിങിനു മുകളിലൂടെ വാഹനം കയറിയിറങ്ങി പോകുമ്പോൾ ഉണ്ടാകുന്ന ഇളക്കം മൂലം ഡ്രൈവർ ജാഗ്രതയിലാകുകയും വാഹനത്തിന്റെ വേഗം കുറയുകയും ചെയ്യും. ഇതുമൂലം അമിതവേഗം മൂലവും ഡ്രൈവിങ്ങിനിടെ ഉറങ്ങിയും ഉണ്ടാകുന്ന അപകടങ്ങളും കുറയും എന്നതായിരുന്നു നേട്ടം. കൂടുതൽ സുരക്ഷ കണക്കിലെടുത്ത് 7 സെറ്റ് ബാർ മാർക്കിങുകളാണ് സ്ഥാപിച്ചത്.
എന്നാൽ ഏതാനും മാസം കഴിഞ്ഞപ്പോൾ തന്നെ ഇവയുടെ ഓരോ ഭാഗങ്ങൾ ഇളകുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തീർഥാടനകാലത്ത് കണ്ണിമലമഠം പടി എസ് വളവ്, കണമല അട്ടിവളവ് എന്നിവിടങ്ങളിൽ നിരവധി അപകടങ്ങളും മരണങ്ങളുമാണ് ഉണ്ടായിട്ടുള്ളത്.
അടുത്ത തീർഥാടന കാലത്തിനു മുൻപ് റോഡിലെ അപകട മേഖലകളിൽ സുരക്ഷാ കാര്യങ്ങൾ സജ്ജമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]