
തലയെടുപ്പോടെ ‘വാഴപ്പള്ളി മഹാദേവൻ’; അതിശയിപ്പിച്ച് ആനച്ചന്തം…
കോട്ടയം ∙ തല കുലുക്കി, ചെവിയാട്ടി, തുമ്പിക്കൈ പതുക്കെ ഇളക്കി, തലയെടുപ്പോടെ ‘വാഴപ്പള്ളി മഹാദേവൻ’ എന്ന കൊമ്പൻ. കണ്ണുചിമ്മാതെ നോക്കിനിന്ന് ഒരുപറ്റം കുട്ടികൾ.
ആനയുടെ സ്വഭാവവിശേഷങ്ങൾ പങ്കുവച്ച് വെറ്ററിനറി സർജൻ. മലയാള മനോരമയും കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു നടത്തുന്ന ‘ഹോർത്തൂസ് മലയാളം പാഠശാല’ അവധിക്കാല ക്യാംപിന്റെ ഭാഗമായാണു ക്യാംപ് അംഗങ്ങളായ കുട്ടികൾ ആനയെ കാണാനും പഠിക്കാനും പോയത്.
ചങ്ങനാശേരി വാഴപ്പള്ളിയിൽ മുൻ എംഎൽഎ പരേതനായ എ.എം.കല്യാണകൃഷ്ണൻ നായരുടെ വീട്ടുവളപ്പിലാണ് ആനയെ കെട്ടിയിരുന്നത്. അദ്ദേഹത്തിന്റെ മകൾ കെ.കൃഷ്ണകുമാരിയും ഭർത്താവ് പി.എൻ.വിജയകുമാറും കുട്ടികളെ സ്വീകരിക്കാനെത്തി.
കൃഷ്ണൻ നായരുടെ മകനും റിട്ട. ചീഫ് വെറ്ററിനറി സർജനുമായ ഡോ.
കെ. ഉണ്ണിക്കൃഷ്ണനാണ് ആനയെക്കുറിച്ചു കുട്ടികൾക്ക് വിവരിച്ചു നൽകിയത്.
‘ആനകളുടെ അടുത്തേക്കു പോകുമ്പോൾ ഒരിക്കലും മുഖത്തിനു നേരെ അഭിമുഖമായി പോകരുത്. ഇടത്തുവശത്തുകൂടിയോ വലത്തുവശത്തുകൂടിയോ മാത്രമേ ആനയെ സമീപിക്കാവൂ.
ആനയ്ക്ക് കയറ്റം അതിവേഗം ഓടിക്കയറാനാകും. എന്നാൽ ഇറക്കം അത്രവേഗം ഇറങ്ങാൻ കഴിയില്ല.
മനുഷ്യനു കൈകൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ആനയ്ക്കു തുമ്പിക്കൈക്കൊണ്ടു ചെയ്യാൻ കഴിയും’ – അദ്ദേഹം വിശദീകരിച്ചു. ടിജു തോമസ് തുമ്പമൺ ക്യാംപിൽ ക്ലാസെടുക്കുന്നു.
കടലാസുകൾ ഉപയോഗിച്ച് വൈവിധ്യമാർന്ന ഇനങ്ങൾ ഉണ്ടാക്കുന്ന വിധം ക്യാംപിൽ ടിജു തോമസ് തുമ്പമൺ പരിചയപ്പെടുത്തി.
കോടിമത മനോരമയിൽ പ്രിന്റിങ് പ്രസിന്റെ പ്രവർത്തനവും കുട്ടികൾ കണ്ടു മനസ്സിലാക്കി. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു മോഡറേറ്ററായി.ക്യാംപ് ഇന്നു സമാപിക്കും.
സേതുപാർവതിയാണു ക്യാംപ് ഡയറക്ടർ. നാടകാവതരണത്തിന്റെ വിവിധ വശങ്ങൾ രാജേഷ് ശർമ ഇന്നു കുട്ടികൾക്കു പരിചയപ്പെടുത്തും.
നടി മീനാക്ഷി അനൂപ് കുട്ടികളുമായി സംവദിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]