പാലാ ∙ പ്രായത്തിൽ നൂറും സംസാരത്തിൽ മുപ്പതും വയസ്സുമാണു പാലാ രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കത്തോലിക്കാ ബിഷപ്പുമാരിൽ ഏറ്റവും മുതിർന്നയാളായ മാർ പള്ളിക്കാപ്പറമ്പിൽ ഇപ്പോഴും ലൈവാണ്.
വെറുതേ പറയുകയല്ല, ഒരു സാംപിൾ ഇതാ… പുതിയകാലത്തെ യുവാക്കളോട് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹത്തോടു ചോദിച്ചു. ഉടൻ വന്നു അദ്ദേഹത്തിന്റെ മറുപടി: ‘അവർ മുതിർന്നവരെ ബഹുമാനിക്കുന്നില്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് എന്നെല്ലാം പറയാം.
പണ്ട് കുറച്ചു വസ്തു മക്കൾക്കു വീതംവച്ചു നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇന്ന് അവർ ഓരോരുത്തരും തങ്ങളുടെ സാധ്യത കണ്ടെത്തി കഴിവു തെളിയിക്കേണ്ട
സാഹചര്യമാണുള്ളത്. അതിന് അവർ സ്വതന്ത്രമായി ചില തീരുമാനങ്ങളെടുക്കും.
മുതിർന്നവർ അവരോടു സംസാരിക്കണം. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ചേർത്തു നിർത്തണം.
അങ്ങനെ വരുമ്പോൾ അവരെ വെറുതേ കുറ്റം പറയാനാവില്ല. അവർ പറയുന്നതിലും കാര്യങ്ങളുണ്ടെന്നു മനസ്സിലാവും…’ ചെറുപ്പത്തിന്റെ ‘വൈബ്’ അറിഞ്ഞുള്ള ഈ മറുപടിയിലുണ്ട് എല്ലാം.
ഏറ്റവും സന്തോഷം തോന്നിയ കാലം
68 വർഷത്തെ പൗരോഹിത്യ ജീവിതം.
1973 മുതൽ 23 വർഷം മേൽപട്ടക്കാരനായുള്ള ശുശ്രൂഷ. 752 വൈദികർക്കു പട്ടം നൽകിയിട്ടുമുണ്ട്.അതിൽ, വടവാതൂർ സെന്റ് തോമസ് സെമിനാരിയിൽ റെക്ടറായും റോമിൽ വൈസ് റെക്ടറായും മറ്റുമായി ഉണ്ടായിരുന്ന 13 വർഷങ്ങളാണു കൂടുതൽ സന്തോഷം തന്നത്.
വൈദികവിദ്യാർഥികളായിരുന്ന ചെറുപ്പക്കാരുമായെല്ലാം ഇടപഴകാനും കൃഷി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനും കഴിയുമായിരുന്നു. അതൊരു സന്തോഷകാലമാണ്.
വികാരിയൊന്നും ആകാതെയാണു മെത്രാനായി നിയമിക്കപ്പെട്ടതും.
ഈ ദീർഘായുസ്സിന്റെ രഹസ്യം എന്താണ്
രണ്ടു വർഷം മുൻപുവരെ പറത്താനത്തെ സഭയുടെ എസ്റ്റേറ്റിൽ പോയി കൃഷിയൊക്കെ ചെയ്യാൻ കൂടുമായിരുന്നു. എന്നാൽ, ഇപ്പോൾ തീരെ നടക്കാൻ കഴിയില്ല.
ദിവസവും രണ്ടുനേരം മാത്രം ഭക്ഷണം മതി. ഗോതമ്പ് ബ്രെഡും മുട്ടയുമാണു പ്രധാനമായും കഴിക്കുന്നത്.
കുടുംബത്തിൽ ഏറെപ്പേർക്കും ദീർഘായുസ്സായിരുന്നു. എന്നും പുലർച്ചെ നാലരയ്ക്ക് ഉണരും.
ആറിന് ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കും. 3 യാമപ്രാർഥനകൾ ചൊല്ലുന്നതും ഇഷ്ടമാണ്.
രാഷ്ട്രീയമൊക്കെ നിരീക്ഷിക്കാറുണ്ടോ
വലിയ താൽപര്യമില്ല.
അതേസമയം, പേപ്പട്ടിയെയും തെരുവുനായ്ക്കളെയും മറ്റും നശിപ്പിക്കാൻ മടിക്കുന്ന ഭരണനേതൃത്വത്തോട് എതിർപ്പുണ്ട്. നായ്ക്കളുടെ കടിയേറ്റ് എത്ര പേരാണു മരിക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ എത്ര മനുഷ്യരാണു കൊല്ലപ്പെടുന്നത്. കാട്ടുപന്നിയെ കൊല്ലരുതെന്നു പറയുന്നതൊന്നും ന്യായമല്ല.
മനുഷ്യർക്കു ദ്രോഹമുണ്ടാക്കുന്നതിനെ തിന്നാനും അനുവദിക്കുകയാണു വേണ്ടത്.
ഇഷ്ടമുള്ള രാഷ്ട്രീയക്കാരൻ
ഇ.കെ. നായനാരെ വളരെ ഇഷ്ടമായിരുന്നു.
ഏറെ അടുപ്പവും ഉണ്ടായിരുന്നു. നർമത്തോടെയുള്ള തുറന്ന സംസാരവും ഹൃദ്യമായ പെരുമാറ്റവുമായിരുന്നു അദ്ദേഹത്തിന്റേത്.
ഇടപഴകിയവരിൽ ഏറ്റവും ഇഷ്ടപ്പെട്ട
മാർപാപ്പ
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായാണ് ഏറ്റവുമധികം അടുപ്പമുണ്ടായിരുന്നത്. അദ്ദേഹത്തിനു പാലായെക്കുറിച്ചു കൃത്യമായി അറിയുമായിരുന്നു.
ഏറെ വൈദികരും സന്യാസിനിമാരുമുള്ള പാലായെക്കുറിച്ചു മതിപ്പോടെയാണ് അദ്ദേഹം സംസാരിച്ചിരുന്നതും.
ജന്മദിനാഘോഷം
∙ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ നൂറാം ജന്മദിനാഘോഷം ഇന്നു (10) പാലാ ബിഷപ്സ് ഹൗസിൽ നടത്തും. വൈകിട്ട് 6നു സായാഹ്ന പ്രാർഥനയ്ക്കുശേഷം യോഗം.
സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, സിറോ മലങ്കര മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവരുൾപ്പെടെ പങ്കെടുക്കും.
സഹനമില്ലാതെ ജീവിതമില്ല. ക്രിസ്ത്യാനിയുടെ ജീവിതത്തിൽ സഹനങ്ങൾ ഉണ്ടാവും.
കർഷകന്റെയും ബിസിനസുകാരന്റെയും സന്യാസിയുടെയുമെല്ലാം ജീവിതത്തിൽ സഹനങ്ങളുടെ സമയമുണ്ട്. അതെല്ലാം സന്തോഷത്തോടെ സ്വീകരിക്കണം.
മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ
സേവനവഴിയിൽ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

