ചേനപ്പാടി ∙ ‘അമ്മേ ചേച്ചിയെ കൂട്ടി വരാം’ എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്രയായ മകൻ ശ്രീനാഥ്, ചേച്ചിയോടൊപ്പം ജീവനറ്റ ശരീരമായി തിരികെ വീട്ടിൽ എത്തി മൗനമായി യാത്ര പറഞ്ഞതോടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ലാതായ നാഗമറ്റത്തിൽ വീട്ടിൽ തനിച്ചായ അമ്മയുടെ തേങ്ങൽ ഒരു നാടിന്റെ ദുഃഖമായി മാറുന്നു. പാലായിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എൻ.എസ്.ശ്രീനാഥ്, സഹോദരി ശ്രീലക്ഷ്മി എന്നിവരുടെ സംസ്കാരം തിങ്കളാഴ്ച നടത്തി.
രണ്ട് രണ്ട് മാസം കഴിഞ്ഞാൽ വീട്ടുമുറ്റത്ത് ഉയരേണ്ട വിവാഹ പന്തലിന് പകരം മക്കൾക്കായി ചിത ഒരുക്കേണ്ടി വന്ന അമ്മയുടെ നീറുന്ന വേദനയെ ആശ്വസിപ്പിക്കാൻ ചുറ്റും കൂടിയിരുന്ന ആർക്കും കഴിഞ്ഞിരുന്നില്ല.
ഇരുവരുടെയും ചേതനയറ്റ ശരീരം വീട്ടിൽ എത്തിച്ചതോടെ എല്ലാ കണ്ണുകളും നിറഞ്ഞ തീരാ വേദനയിലായി നാട്.
പാലായിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീനാഥ് (22) സഹോദരി ശ്രീലക്ഷ്മി (27) എന്നിവർ മരിച്ചത്. എറണാകുളത്തെ ഐടി കമ്പനിയിൽ ജോലി ചെയ്ത് മടങ്ങിയെത്തിയ ലക്ഷ്മിയെ കൂട്ടാൻ ശനിയാഴ്ച രാത്രിയാണ് ശ്രീനാഥ് ചേനപ്പാടിയിൽ നിന്നും പാലായിൽ എത്തിയത്.
തിരികെ ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീനാഥ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീലക്ഷ്മി ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ചത്.
രണ്ട് വർഷം മുൻപ് ഇവരുടെ പിതാവ് എൻ.സി.സന്തോഷ് രോഗബാധിതനായി മരിച്ചു . ഇതോടെ വീട് വലിയ പ്രതിസന്ധിയിലായിരുന്നു.
തുടർന്ന് മക്കൾ ഇരുവരും പഠിച്ച് ജോലി നേടി ജീവിതം തിരികെ നല്ല നിലയിൽ കൊണ്ടുവരുന്നതിനിടെയാണ് നാഗമറ്റത്തിൽ വീട്ടിൽ വീണ്ടും ദുരന്തം വിളയാടിയത്. ശ്രീനാഥ് ഒരു മാസം മുൻപാണ് എംആർഎഫിൽ ട്രയ്നിയായി ജോലിക്ക് കയറിയത്.
അമ്മ ശ്രീജ കാഞ്ഞിരപ്പള്ളിയിലെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുകയായിരുന്നു എൻജിനീയറിങ് പഠിച്ച ഇരുവർക്കും ജോലി ആയതോടെ വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം. ശ്രീലക്ഷ്മിയുടെ വിവാഹം ഏപ്രിലിൽ രണ്ടിന് നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു.
ഇതിനിടെയാണ് കുടുംബത്തിന്റെ സകല പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്ത് ശ്രീജയെ തനിച്ചാക്കി വിധി ഇവരെ മരണത്തിലേക്ക് വിളിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

