ചങ്ങനാശേരി ∙ 2030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ഗേറ്റുകൾ ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. റെയിൽവേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകൾ വരുന്നതോടെ റെയിൽവേ ഗേറ്റുകളെല്ലാം അണ്ടർ ബ്രിഡ്ജുകളോ ഓവർ ബ്രിഡ്ജുകളോ ആയി മാറുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
പുതുതായി സ്റ്റോപ് അനുവദിച്ച തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ചങ്ങനാശേരിയിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേ വികസന പ്രക്രിയയുടെ ഭാഗമായാണ് സ്റ്റോപ് അനുവദിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ഇനി വരാൻ പോകുന്നത് വന്ദേഭാരത് ട്രെയിനുകൾ ആണെന്നും വൈകാതെ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിനുകൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭാവിയിൽ ദീർഘദൂര, അതിവേഗ ട്രെയിനുകളടക്കം എല്ലാ സ്റ്റേഷനുകളിലും നിർത്തും. കേരളത്തിൽ 35 റെയിൽവേ സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സ്റ്റേഷനുകളുടെ വികസനത്തിനായി 2500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കപ്പെടും’ – അദ്ദേഹം വ്യക്തമാക്കി.
റോഡുകളും റെയിൽപ്പാതകളുമാണ് രാജ്യത്തിന്റെ പുരോഗതിക്ക് ആധാരമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, സമാന്തര പാതയായി വികസിപ്പിക്കപ്പെടുന്ന ശബരി പാത, പുനലൂർ റെയിൽപാത എന്നിവയുമായി ചങ്ങനാശേരി ബന്ധിപ്പിക്കപ്പെടുമെന്നും പ്രഖ്യാപിച്ചു.
രാജ്യത്തെ റെയിൽവേ മേഖലയിൽ ഒരു വലിയ മാറ്റം നടക്കുകയാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി എംപിമാർക്കും എംഎൽഎമാർക്കും ട്രെയിൻ സ്റ്റോപ്പുകൾ ആവശ്യപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ചങ്ങനാശേരി സ്റ്റേഷൻ വരുമാനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
12082 നമ്പർ തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനെ പുതുതായി അനുവദിച്ച സ്റ്റോപ്പായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ വരവേറ്റ കേന്ദ്രമന്ത്രി, ചങ്ങനാശേരിയിൽ നിന്നുമുള്ള ട്രെയിനിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു.
ഈ ട്രെയിനിനും തിരിച്ചുള്ള 12081 നമ്പർ കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിനും വെള്ളിയാഴ്ച മുതൽ ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ, സീനിയർ ഡിസിഎം വൈ.സെൽവൻ, ചങ്ങനാശേരി മുനിസിപ്പൽ ചെയർപഴ്സൻ കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]