കോട്ടയം ∙ സൗമ്യമായ സംസാരവും ഇടപെടലുമായിരുന്നു പ്രിൻസ് ലൂക്കോസിന്റെ ശൈലി. മറ്റുള്ളവരുടെ പ്രശ്നങ്ങളും ദുരിതങ്ങളും മനസ്സിലാക്കാനും പരിഹാരം കാണാനും എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
അഭിഭാഷകനെന്ന നിലയിൽ പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായം നൽകിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കടകൾ അടച്ചതിനാൽ കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾ ഭക്ഷണം കിട്ടാതെ പട്ടിണിയിലാണെന്നു മനോരമ വാർത്ത പ്രസിദ്ധീകരിച്ചത് 2021 ജൂൺ 12ന് ആണ്. വാർത്ത കണ്ടയുടനെ പ്രിൻസ് ലൂക്കോസ് യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്സിനെ വിളിച്ചു. രോഗികൾക്ക് ഭക്ഷണം എത്തിക്കണം – അതായിരുന്നു ലക്ഷ്യം.
സുഹൃത്തുക്കളായ പ്രിൻസ് കുഴിച്ചാലിൽ, ജോർജ് ജോസഫ്, ജോബിൻ ചാമക്കാല, സി.സി.വിജു, സാം കൊടിക്കുളം, ജോമി പെരുമ്പറപ്പ്, ജിമ്മിച്ചൻ തുരുത്തുമാലിയിൽ എന്നിവർ ചേർന്ന് സബർമതി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. പിറ്റേന്നു മുതൽ മെഡിക്കൽ കോളജിൽ ഭക്ഷണം വിതരണം ആരംഭിച്ചു.
സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരികൾ ഡീൻ കുര്യാക്കോസ് എംപിയും പ്രിൻസുമാണ്. ഭക്ഷണവിതരണം ആരംഭിച്ചിട്ട് ഇന്ന് 1550 ദിവസം പൂർത്തിയായി. പലതവണ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ പണം പലിശയ്ക്കു കടം വാങ്ങി രോഗികൾക്കു ഭക്ഷണമെത്തിച്ചത് പ്രിൻസാണ്.
കാര്യം അറിഞ്ഞപ്പോൾ പണം തിരിച്ചുതരേണ്ടെന്ന് കടം തന്നവർ പറഞ്ഞ കാര്യം കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം ഓർമിക്കുന്നു.
‘ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’; പ്രിൻസ് ലൂക്കോസിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അഭിഭാഷകനായ കുമാരനല്ലൂർ പാണംപറമ്പിൽ ജോർജ് ജോസഫ് പറയുന്നു
ട്രെയിനിൽ കയറും മുൻപ് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ കുറച്ചുനേരം അദ്ദേഹം നടന്നിരുന്നു. പുലർച്ചെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
ശുചിമുറിയിലേക്കു പോകാനായി നടന്നുനീങ്ങിയതാണ്. ശുചിമുറിക്ക് അടുത്തെത്തിയപ്പോഴേക്കും കുഴഞ്ഞുവീണു.
ടിടിഇയാണ് ആദ്യം കണ്ടത്.
ആ ബോഗിയിൽ ഒരു ഡോക്ടറുണ്ടായിരുന്നു. അദ്ദേഹം സിപിആർ നൽകി.
ഹൃദയാഘാതമാണെന്നു ഡോക്ടർക്കു മനസ്സിലായിരുന്നു. ശങ്കരൻകോവിൽ സ്റ്റേഷനിൽ ബന്ധപ്പെട്ട് ടിടിഇ, ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ വേഗം ചെയ്തു. 8 മിനിറ്റിനുള്ളിൽ ട്രെയിൻ സ്റ്റേഷനിൽ എത്തി.
അവിടെ ആംബുലൻസ് കാത്തുകിടന്നിരുന്നു. 3.15ന് അദ്ദേഹത്തെ ട്രെയിനിൽ നിന്ന് ഇറക്കി 3.23ന് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ രക്ഷിക്കാനായില്ല.
ഒരാഴ്ച ദുഃഖാചരണവുമായി കേരള കോൺഗ്രസ്
ഏറ്റുമാനൂർ ∙ കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്കു 2.30ന് ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പൊതുദർശനത്തിനു വയ്ക്കും. 3നു കോട്ടയം ബാർ അസോസിയേഷൻ ഹാളിലും 4നു കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊതുദർശനം.
6നു പാറമ്പുഴയിലെ വസതിയിലെത്തിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർട്ടിയുടെ പൊതുപരിപാടികളെല്ലാം മാറ്റിവച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ അറിയിച്ചു.
കുന്നംകുളം പൊലീസ് മർദനത്തിലുള്ള പ്രതിഷേധമായി കോൺഗ്രസ് കോട്ടയം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കു മുന്നിലും നാളെ നടത്താനിരുന്ന പ്രതിഷേധ സദസ്സ് മാറ്റിയതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. 12ന് നടത്തും.ശങ്കരൻകോവിലിൽ നിന്നു പ്രിൻസിന്റെ മൃതദേഹം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡയറക്ടർ ഫാ.
ഡോ. ബിനു കുന്നത്ത്, പാറമ്പുഴ പള്ളി വികാരി ഫാ.
മാത്യു ചൂരവടി, ഫാ.ഡോ. ജയിംസ് മുല്ലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥന നടത്തി.
മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.സുരേഷ് കുറുപ്പ്, ജോയ് ഏബ്രഹാം, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്, എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ അനുശോചിച്ചു.
വേളാങ്കണ്ണിയിൽ കണ്ടതിന്റെ ഓർമയിൽ ജോസ് കെ.മാണി
കോട്ടയം ∙ വേളാങ്കണ്ണിയിലെ ഹോട്ടലിൽ പ്രിൻസ് ലൂക്കോസിനെ അവസാനമായി കണ്ട ഓർമയിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപിയും ജോബ് മൈക്കിൾ എംഎൽഎയും.
തിരുനാളിന്റെ സമയത്ത് വേളാങ്കണ്ണി പള്ളിയിലെത്തിയതായിരുന്നു നേതാക്കന്മാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]