
കടുത്തുരുത്തി ∙ പൂവക്കോട് പാലത്തിനോടു ചേർന്ന് വലിയതോടിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള വിതരണ പൈപ്പിന്റെ തൂണിൽ മരത്തടികളും മരക്കമ്പുകളും വന്നടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടത് പൈപ്പ് ലൈനിനും പാലത്തിനും അപകടഭീഷണി ഉയർത്തുന്നു. വെള്ളപ്പൊക്കത്തിൽ കിഴക്കുനിന്നും തോട്ടിലൂടെ ഒഴുകിയെത്തിയ മരങ്ങളും കമ്പുകളും പൈപ്പിന്റെ തൂണിൽ തടഞ്ഞു നിൽക്കുകയാണ്.
ഏതാനും മാസം മുൻപ് പാലത്തോടു ചേർന്ന് വന്നടിഞ്ഞ മരങ്ങൾ നാട്ടുകാരായ സാമൂഹ്യപ്രവർത്തകർ മാറ്റിയിരുന്നു. ഏതാനും ദിവസം മുൻപ് വീണ്ടും മരങ്ങൾ വന്നടിയുകയായിരുന്നു.
തടികൾ നീക്കാത്തത് ശോച്യാവസ്ഥയിലായ പാലത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്.
കടുത്തുരുത്തി – ഞീഴൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 1964ൽ നിർമിച്ച പാലം അന്ന് മന്ത്രിയായിരുന്ന പി.പി.ഉമ്മർ കോയയാണ് തുറന്ന് നൽകിയത്. പാലത്തിന് ഇതുവരെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.
ഏതാനും വർഷങ്ങളായി പൂവക്കോട് പാലം പുതുക്കി നിർമിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. സമീപന റോഡ് ചേരുന്ന ഇരു ഭാഗത്തും കുഴികൾ രൂപപ്പെട്ടത് കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നു.
പാലത്തിന്റെ തൂണുകളുടെ ചുവടും ശോച്യാവസ്ഥയിൽ ആണെന്നും നാട്ടുകാർ പറയുന്നു. കടുത്തുരുത്തിയിൽ നിന്നും ഇലഞ്ഞിയിലേക്കുള്ള പ്രധാന റോഡിലാണ് 61 വർഷം മുൻപ് നിർമിച്ച പാലം അപകടാവസ്ഥയിൽ ഉള്ളത്.
ദിവസവും സ്കൂൾ ബസുകളടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിന് ഇതുവരെ സുരക്ഷാ പരിശോധനയോ അറ്റകുറ്റപ്പണികളോ നടത്തിയിട്ടില്ല.
പദ്ധതി തയാറാക്കി, പണി നടന്നില്ല
ആറ് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന് 6 മീറ്റർ വീതിയും 20 മീറ്റർ നീളവും ഉണ്ട്. 6 വർഷം മുൻപ് റോഡ് ടാറിങ് നടത്തിയപ്പോൾ പാലവും പണിയുന്നതിന് പദ്ധതി തയാറാക്കിയിരുന്നു.നിയമ പ്രശ്നങ്ങളും വകുപ്പുകൾ തമ്മിലുള്ള തർക്കവും മൂലം പാലം പണി നടന്നില്ല.പിന്നീട് തുക പോരെന്ന കാരണത്താൽ കരാറുകാരൻ പണിയും ഉപേക്ഷിച്ചു.
പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ പദ്ധതിയുടെ ഡിസൈൻ വരെ തയാറാക്കിയിരുന്നതാണ്.
പാലവും ഇരുവശത്തും നടപ്പാതയും അടക്കമായിരുന്നു പാലത്തിന്റെ ഡിസൈൻ.പാലം റോഡ്സ് വിഭാഗം നിർമിക്കണോ ബ്രിജസ് വിഭാഗം നിർമിക്കണോ എന്ന തർക്കത്തിലാണ് പാലം പണി നടക്കാതെ പോയെതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിലുള്ള പാലം ശോച്യാവസ്ഥയിൽ ആണെന്നും ബോധ്യപ്പെട്ടിട്ടുള്ളതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]