
എരുമേലി ∙ നഗരമധ്യത്തിലൂടെ ഒഴുകുന്ന ചെറിയ തോട്ടിൽ വീണ്ടും ജലത്തിനു നിറം മാറ്റം. ഇന്നലെ ഉച്ചയോടെ വെള്ള നിറത്തിലാണ് 15 മിനിറ്റോളം ജലം ഒഴുകിയത്.
കഴിഞ്ഞ 31 നു തോട്ടിലെ ജലം ഏതാനും സമയം നീല നിറത്തിൽ ഒഴുകിയിരുന്നു. നഗര മധ്യത്തിലൂടെ ഒഴുകുന്ന കൊച്ചുതോട്ടിലെ ജലത്തിന്റെ നിറം മാറ്റത്തിൽ നാട്ടുകാർ ആശങ്കയിലാണ്.
തോടിന്റെ ഉത്ഭവ സ്ഥാനത്ത് പാറമട പ്രവർത്തിക്കുന്നുണ്ട്.
ഈ പാറമടയിൽ നിന്നുള്ള രാസ വസ്തുക്കൾ കലർന്ന ജലം മഴക്കാലത്ത് ഒഴുക്കി വിടുന്നതാണ് തോട്ടിലെ ജലത്തിന്റെ നിറം മാറ്റത്തിനു കാരണമെന്ന് തോടിന്റെ കരകളിൽ താമസിക്കുന്നവർ പറയുന്നു.ഈ സമയം തോട്ടിലെ ജലം ഉപയോഗിക്കുന്നവരുടെ ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നും പരിസരവാസികൾ പറയുന്നു.
മഴക്കാലമായതിനാൽ തോട്ടിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഇതുമൂലമാണ് നിറം മാറ്റം ഉള്ള ജലം അധിക സമയം തങ്ങി നിൽക്കാതെ ഒഴുകിയതെന്നും പറയുന്നു.ജലത്തിന്റെ നിറം മാറ്റം അറിഞ്ഞ് നിരവധി പേർ തോടിന്റെ കരകളിലും എത്തിയിരുന്നു.തോട്ടിലെ ജലത്തിന്റെ നിറം മാറ്റം സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് തരാൻ നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.പ്രിയ അറിയിച്ചു.
ജലത്തിന്റ നിറം മാറ്റം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പരിശോധന നടത്തുമെന്നും എരുമേലി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.
ആനക്കല്ല് ഭാഗത്തുനിന്നാണ് ചെറിയ തോട് ഒഴുകിയെത്തുന്നത്. മുണ്ടക്കയം റോഡിനു സമാന്തരമായി ചരള വഴിയാണ് നഗരത്തിലെ കടകൾക്ക് പിന്നിലൂടെ ഈ തോട് ഒഴുകുന്നത്.
ആനക്കല്ല്, ചരള ഭാഗങ്ങളിലും ഇരു വശങ്ങളിലും നിരവധി ആളുകൾ ഈ തോടിനെ ആശ്രയിച്ചാണ് കുളിക്കുകയും തുണി കഴുകുകയും ചെയ്യുന്നത്. നിരവധി കിണറുകളും ജല സ്രോതസുകളുമാണു തോടിനോടു ചേർന്നുളളത്.
രണ്ടുകിലോ മീറ്റർ ദൂരത്തിൽ ഒഴുകി ശബരിമല തീർഥാടകർ കുളിക്കുന്ന വലിയതോട്ടിൽ എത്തി അവിടുന്ന് കൊരട്ടി ഭാഗത്തുവച്ച് മണിമലയാറ്റിലേക്കു ചേരുകയാണ്.
തോട്ടിലെ ജലത്തിൽ വിഷ പദാർഥമാണ് കലർന്നിട്ടുള്ളതെങ്കിൽ അത് ജൈവ സമ്പത്തിനെയും മത്സ്യ സമ്പത്തിനെയും നശിപ്പിക്കുമെന്നും തോടിന്റെ കരകളിലുള്ള ജലസ്രോതസ്സുകൾ മലിനമാക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]