
എരുമേലി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം ഏതു സമയവും നിലം പൊത്തുന്ന വിധം അപകടാവസ്ഥയിൽ. 25 സർവീസുകൾ നടത്തുന്നതും അന്തർ സംസ്ഥാന സർവീസുകൾ കയറിയിറങ്ങി പോകുന്നതും ശബരിമല മണ്ഡല കാലത്ത് 2 കോടിയിലധികം വരുമാനം നേടുന്നതുമായ എരുമേലി ഡിപ്പോയിലെ കെട്ടിടമാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്.
ലാഭകരമായി പ്രവർത്തിക്കുന്ന ഈ ഡിപ്പോയുടെയും ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണി നടത്താൻ കെഎസ്ആർടിസിയും തദ്ദേശ വകുപ്പും സർക്കാരും തയാറാകുന്നില്ല.
പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിന് ബലക്ഷയമാണെന്നു കഴിഞ്ഞ ദിവസം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പുറമേയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടവും അപകടാവസ്ഥയിൽ നിൽക്കുന്നത്.
പഴക്കം 25 വർഷം
1998ൽ ആണ് എരുമേലി കെഎസ്ആർടിസി ഡിപ്പോ ഉദ്ഘാടനം ചെയ്തത്.
2000–21ൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചു. ഓഫിസ്, ടിക്കറ്റ് – കാഷ് കൗണ്ടർ, യാത്രക്കാരുടെ വിശ്രമ കേന്ദ്രം, വനിതാ ജീവനക്കാരുടെ ശുചിമുറി, പൊതുജനങ്ങളുടെ കംഫർട്ട് സ്റ്റേഷൻ എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്. എരുമേലി വലിയ തോടിനു സമീപമാണ് ബസ് സ്റ്റാൻഡ് കെട്ടിടം. 2019 ലെ പ്രളയത്തിൽ ഈ കെട്ടിടം പൂർണമായും മുങ്ങി.
അതോടെയാണ് കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചത്.
ഏതു സമയവും വീഴാവുന്ന നിലയിൽ
വനിതാ ജീവനക്കാരുടെ ശുചിമുറിയുടെ പിന്നിലെ ഭിത്തിക്കു വിള്ളൽ വീണു കെട്ടിടം തകർന്ന നിലയിലാണ്. ഇതിനു സമീപത്തെ പൊതുജനങ്ങളുടെ ശുചിമുറി കെട്ടിടവും അപകടത്തിലാണ്.ഓഫിസ് മുറിയുടെ അടിത്തറ തകർന്ന നിലയിലാണ്.
ടിക്കറ്റ് ആൻഡ് കാഷ് വിഭാഗവും തകർച്ചയിലാണ്. നൂറുകണക്കിനു യാത്രക്കാരാണ് എരുമേലി ഡിപ്പോയിൽ നിന്ന് ദിവസവും കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ശബരിമല തീർഥാടന കാലത്ത് പതിനായിരക്കണക്കിനു തീർഥാടകരാണ് പമ്പയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞ ബസ് സ്റ്റാൻഡ്, തെളിയാത്ത ലൈറ്റ്
ബസ് സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞു കുഴികൾ രൂപപ്പെട്ട നിലയിലാണ്.
തീർഥാടന കാലത്ത് കുഴിയടയ്ക്കൽ മാത്രമാണ് നടക്കുന്നത്. പഞ്ചായത്ത് ഇടപെട്ടാണ് ഇതു നടത്തുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായിട്ട് മാസങ്ങളായി.
ഇതിന്റെ അറ്റകുറ്റപ്പണി നടക്കുന്നില്ല.ഗാരിജിൽ ഒരു ബസ് പണിയാനുള്ള സംവിധാനം മാത്രം. റാംപ് സംവിധാനമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]