
പോളയും കടകലും തടികളും വീണ് തോടുകൾ അടഞ്ഞു
കുമരകം ∙ പടിഞ്ഞാറൻ മേഖലയിൽ തോടുകൾ നിറയുന്നത് പ്രതിസന്ധിയാകുന്നു. പ്രശ്നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല.
കുമരകം, അയ്മനം, തിരുവാർപ്പ് മേഖലയിലെ പല ഇടത്തോടുകളിലൂടെയും ചെറിയ ജലവാഹനങ്ങൾക്കു പോലും കടന്നുപോകാൻ കഴിയില്ല. പോളയും കടകലും നിറഞ്ഞും തെങ്ങിൻ തടികൾ തോട്ടിലേക്കു വീണും എക്കൽ അടിഞ്ഞും യാത്രയ്ക്കു തടസ്സമായിരിക്കുന്നു. ടൂറിസം മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ തോടുകൾ.
3 പഞ്ചായത്തുകളിലെയും തോടുകളിലൂടെ വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ കഴിയും. സ്പീഡ് ബോട്ടുകളിലും ചെറിയ വള്ളങ്ങളിലും സഞ്ചരിച്ച് ഗ്രാമീണ സൗന്ദര്യവും ജനങ്ങളുടെ ജീവിതരീതികളും അടുത്തറിയാനാകും.
പക്ഷിനിരീക്ഷണവും സാധ്യമാണ്. ഗ്രാമീണ കാഴ്ചകളാണ് വിനോദ സഞ്ചാരികൾ ഇപ്പോൾ ഏറെ ഇഷ്ടപ്പെടുന്നത്.
2 – 3 മണിക്കൂർ തോടുകളിലൂടെ യാത്ര ചെയ്യാൻ കഴിയും. കായൽ ടൂറിസം പോലെ തന്നെ ഉൾനാടൻ തോടുകളിലൂടെയുള്ള ടൂറിസവും ഈ 3 പഞ്ചായത്തുകളിലും വളർത്തിയെടുക്കാൻ കഴിയുമെന്നു നാട്ടുകാർ പറയുന്നു. ഓരോ പഞ്ചായത്തിലെയും ഏതൊക്കെ തോടുകളിലൂടെ വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ കഴിയുമെന്നു കണ്ടെത്തി ഇവിടത്തെ തടസ്സങ്ങൾ നീക്കാൻ പഞ്ചായത്ത് അധികൃതർ നടപടി എടുത്താൽ പ്രശ്നത്തിനു പരിഹാരമാകും.
തോടുകൾ ഇറിഗേഷൻ വകുപ്പിന്റെ കീഴിലായതിനാൽ പഞ്ചായത്ത് ഈ വകുപ്പുമായി ചേർന്ന് ഇതു നടപ്പാക്കിയാൽ പഞ്ചായത്തുകളിലെ ടൂറിസത്തിനു വൻ കുതിപ്പ് ഉണ്ടാകും. പഞ്ചായത്ത് തലത്തിൽ എടുക്കാവുന്ന നടപടികൾ പൂർത്തിയാക്കി നിലവിലുള്ള തടസ്സങ്ങൾ നീക്കിയാൽ വരുന്ന ടൂറിസം സീസണിൽ തോടുകൾ പ്രയോജനപ്പെടുത്താൻ കഴിയും.
അയ്മനം പഞ്ചായത്തിലാണ് വിനോദസഞ്ചാരികളുമായി സ്പീഡ് ബോട്ടിലും ചെറിയ വള്ളങ്ങളിലും പോകാനുള്ള തോടുകൾ ഏറെയുള്ളത്. ഇവിടത്തെ പല തോടുകളിലും പുല്ലിൻകൂട്ടം വളർന്നു തോട് അടഞ്ഞ നിലയിലാണ്.
തോടരികിൽ നിന്ന തെങ്ങുകൾ തോട്ടിലേക്കു വീണുകിടക്കുന്നത് ജലഗതാഗതത്തിനു തടസ്സമാകുന്നുണ്ട്. പഞ്ചായത്ത് ഭരണ സമിതി ഈ കാര്യത്തിൽ നടപടിയെടുത്താൽ ഉടമകളെ കൊണ്ടുതന്നെ ഇതു നീക്കം ചെയ്യാൻ കഴിയുമെന്നു നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]