കോട്ടയം ∙ മീനച്ചിലാറിന്റെ കിഴക്കൻ പ്രദേശത്തു മഴ പെയ്താൽ ആ വെള്ളം പടിഞ്ഞാറോട്ടെത്താൻ ഒരു ദിവസമെന്നാണ് പഴമക്കാരുടെ കണക്ക്. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതു പോലെ തന്നെ.
ഇവിടെ പെയ്യുന്ന വോട്ടുമഴ അര വർഷത്തിനുള്ളിൽ എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടൊഴുക്കായി മാറും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും ഭൂരിഭാഗം പഞ്ചായത്തുകളും പിടിച്ച എൽഡിഎഫ്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിച്ച കോട്ടയമെന്ന കോട്ടയിൽ വിള്ളൽ വീഴ്ത്തി.
കേരള കോൺഗ്രസുകളുടെ രാഷ്ട്രീയ പരീക്ഷണശാലയായ കോട്ടയം ഇക്കുറി എങ്ങനെ ചിന്തിക്കുന്നു എന്നത് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൂടി ഗതി നിർണയിക്കുന്ന ഘടകം.
നേർക്കുനേർ കാണാവുന്ന ഒഴുക്കല്ല, അതിനിടയിലെ കാണാക്കയങ്ങളാണ് മീനച്ചിലാറിൽ അപകടമൊരുക്കുന്നത്.
രാഷ്ട്രീയം പറയുമെങ്കിലും വോട്ടർമാരുടെ ഉള്ളിലെ കാണാക്കയങ്ങളാണ് മുന്നണികളെ ഒരുപോലെ ആകാംക്ഷയിലാക്കുന്നത്.ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഡ് പുനർനിർണയിച്ച ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾക്കിടയിലൂടെ ഈ അതിർത്തി വരകളും സ്വാധീനമായുണ്ടാകും. പ്രധാന മുന്നണികൾക്കൊപ്പം ആം ആദ്മി പാർട്ടി, ട്വന്റി ട്വന്റി, എസ്ഡിപിഐ തുടങ്ങിയ പാർട്ടികളും മത്സരത്തിനുണ്ട്.
വിഷയം പലവിധം
പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം സംസ്ഥാനത്ത് അടുത്തിടെ ഉയർന്നുവന്ന വിവാദങ്ങളും പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തി.
ശബരിമല സ്വർണപ്പാളി വിവാദം ആദ്യാവസാനം യുഡിഎഫ് മുന്നോട്ട് വച്ച പ്രചാരണ വിഷയമായി. ബിജെപിയും ഇതേ വിഷയം യുഡിഎഫിനെക്കൂടി ചേർത്ത് പ്രചാരണ ആയുധമാക്കി.
വീടുകയറിയുള്ള പ്രചാരണത്തിലും സ്വർണപ്പാളി വിവാദം സജീവമായിരുന്നു.
ക്ഷേമപെൻഷൻ വർധന, സ്ത്രീ സുരക്ഷാ പദ്ധതി തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് എൽഡിഎഫ് പ്രചാരണം മുന്നോട്ട് പോയത്. യുഡിഎഫ്– എൽഡിഎഫ് ഭരണകാലത്തെ ക്ഷേമപെൻഷൻ വർധന പ്രത്യേക ചാർട്ട് ആക്കി വീടുകളിൽ എത്തിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ പരാതി ഉയർന്നു വന്നപ്പോൾ സദാചാര രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രചാരണം നടത്തിയെങ്കിലും പ്രധാന വിഷയമാക്കാതെയായിരുന്നു എൽഡിഎഫ് മുന്നോട്ട് പോയത്. കേന്ദ്ര സർക്കാർ പദ്ധതികൾ വിശദമാക്കിയാണു ബിജെപി പ്രചാരണം.
മുന്നണികളുടെ പ്രതീക്ഷകൾ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിട്ട
തിരിച്ചടിക്കു മറുപടിയുമായാണു യുഡിഎഫ് ഇക്കുറി രംഗത്ത്. സ്ഥാനാർഥി നിർണയത്തിൽ അടക്കം പുലർത്തിയ സൂക്ഷ്മതയാണ് പ്ലസ് ആയി യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്.
മുന്നണിക്കുള്ളിൽ തർക്കങ്ങളില്ലാത്ത സീറ്റ് വിഭജനവും പ്ലസ്. ജില്ലാ പഞ്ചായത്തിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് എന്നിവർ ഉയർത്തിയ ആവശ്യങ്ങൾ തങ്ങൾക്കു പരുക്കില്ലാതെ പരിഹരിക്കാനും കോൺഗ്രസിനായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് റിബൽ ശല്യം കാര്യമായി കുറയ്ക്കാനും സാധിച്ചു.
കേരള കോൺഗ്രസ് (എം) എത്തിയ ശേഷം രണ്ടാമത്തെ തദ്ദേശ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം എത്തിയ കേരള കോൺഗ്രസി (എം) നു വേണ്ടി സ്ഥലമൊരുക്കിയപ്പോഴുള്ള അസ്വസ്തകൾ മുന്നണിയിലുണ്ടായി.
എന്നാൽ ഇക്കുറി ഇതെല്ലാം പരിഹരിക്കാനായെന്ന് എൽഡിഎഫ് ആത്മവിശ്വാസം.
ജില്ലയിൽ കൂടുതൽ നിയമസഭാ സീറ്റുകളിൽ അവകാശ വാദം ഉന്നയിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം കേരള കോൺഗ്രസി (എം) നു കൂടിയേ തീരൂ. ശക്തി കേന്ദ്രങ്ങളിൽ വോട്ടുയർത്താൻ സിപിഐയും ശ്രമിക്കുന്നു.
കഴിഞ്ഞ തവണത്തെ മുന്നേറ്റം നിലനിർത്താനായാൽ സംസ്ഥാന രാഷ്ട്രീയത്തിൽ ജില്ലയിൽ നിന്നുള്ള സിപിഎം നേതാക്കൾക്ക് കൂടുതൽ പരിഗണനയും ലഭിക്കും.
കൂടുതൽ പഞ്ചായത്തുകളിൽ സീറ്റ് വർധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും ഈ തിരഞ്ഞെടുപ്പ് നിർണായകം. പൂഞ്ഞാർ മേഖലയിൽ പി.സി.ജോർജിനെ ഒപ്പമെത്തിച്ചതു വഴി മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ പള്ളിക്കത്തോട്, മുത്തോലി, ചിറക്കടവ് പോലുള്ള പരമ്പരാഗത മേഖലകളിൽ മുന്നേറ്റം പാർട്ടി പ്രതീക്ഷിക്കുന്നു.
കുമരകം, അയ്മനം പോലുള്ള മേഖലകളിലേക്ക് കടന്നുകയറാൻ സാധിച്ചതു പോലെ കൂടുതൽ പ്രദേശങ്ങളും ലക്ഷ്യമിടുന്നു.
അടവുനയങ്ങൾ, തന്ത്രങ്ങൾ
സ്വാധീന മേഖലകൾ അല്ലാത്തിടത്തു സ്വതന്ത്ര ചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്തിയാണു സിപിഎം– സിപിഐ മത്സരം. പാലാ, ഉഴവൂർ, കടുത്തുരുത്തി മേഖലകളിൽ പാർട്ടി ഭാരവാഹികൾ തന്നെ സ്വതന്ത്ര വേഷം അണിയുന്നു.
കേരള കോൺഗ്രസ് (എം) വഴി ലഭിക്കാവുന്ന വോട്ടുകൾ ചിഹ്നത്തിൽത്തട്ടി പോകേണ്ട എന്ന ചിന്തയിലാണ് ഈ അടവുനയം.
കൂടുതൽ ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്തി പുതിയ രാഷ്ട്രീയ സമവാക്യത്തിനാണു ബിജെപി ശ്രമിക്കുന്നത്.
ക്രിസ്ത്യൻ മേഖലകളിൽ പാർട്ടി കാര്യമായി ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. പഞ്ചായത്തുകളിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ത്രികോണ മത്സരത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
തർക്കങ്ങൾ മാറ്റിവച്ച് പരമാവധി വോട്ട് കേന്ദ്രീകരിക്കാനാണു കോൺഗ്രസ് അടക്കമുള്ള യുഡിഎഫ് പാർട്ടികൾ ശ്രമിക്കുന്നത്.
ഈ വിധി നിർണായകം
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അതു പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതിനാൽ കരുതലോടെയാണ് യുഡിഎഫ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട
കഴിഞ്ഞ തവണ 9 നിയമസഭാ സീറ്റിൽ 4 എണ്ണത്തിൽ മാത്രമാണ് യുഡിഎഫിന് നേടാനായത്. സംസ്ഥാന ഭരണത്തിൽ തിരിച്ചെത്താൻ 7 സീറ്റ് എങ്കിലും ഏറ്റവും കുറഞ്ഞത് ജില്ലയിൽ നിന്ന് നേടണമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
ജില്ലാ പഞ്ചായത്ത് അടക്കം മത്സരിക്കുന്ന സീറ്റുകളിൽ മികച്ച വിജയം കേരള കോൺഗ്രസിനും നിർണായകം.
തങ്ങളുടെ മേഖലയിലെ സ്വാധീനം പ്രകടിപ്പിക്കുക കേരള കോൺഗ്രസി (എം)നും തിരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സീറ്റുകൾ നിലനിർത്താനും വിജയം അനിവാര്യം.
5 സീറ്റുകളാണ് കഴിഞ്ഞ നിയമസഭയിൽ കേരള കോൺഗ്രസി (എം) നു മത്സരിക്കാൻ ലഭിച്ചത്. ഇതിൽ 3ൽ വിജയിച്ചു.
കേരള കോൺഗ്രസി(എം)ന്റെ വരവോടെ മുന്നണിയിലെ രണ്ടാം കക്ഷി സ്ഥാനമെന്ന സ്ഥാനത്തിനു ഭീഷണി നേരിട്ട
സിപിഐക്ക് വൈക്കം, കാഞ്ഞിരപ്പള്ളി മേഖലകളിലെ പരമ്പരാഗത വോട്ട് ബാങ്ക് ഒപ്പം നിർത്തി കാണിക്കേണ്ടതുണ്ട്. ശക്തമായ സാന്നിധ്യത്തിനൊപ്പം സ്വാധീനമില്ലാത്ത മേഖലകളിലും കടന്നെത്താൻ ശ്രമിക്കുന്ന സിപിഎമ്മിനും തദ്ദേശ തിരഞ്ഞെടുപ്പ് നിർണായകം.
ബിജെപിയിൽ എത്തി കാര്യമായ പരിഗണന ലഭിച്ച പി.സി.ജോർജിനും മകൻ ഷോൺ ജോർജിനും വിജയം നിർണായകം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളും ഈ ഫലത്തിൽ ഒളിച്ചിരിക്കുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ജില്ലയിലും മികച്ച ഫലം നിർണായകം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

