
എരുമേലി ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് സാരമായ കേടുപാടുകൾ വന്നതായും സുരക്ഷിതമല്ലെന്നും പൊതുജന സുരക്ഷ മുൻനിർത്തി കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിക്കണമെന്നും അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ട്. കാലപ്പഴക്കം മൂലം സ്ലാബ്, ബീം, കോളം എന്നിവയിലുൾപ്പെടെ കോൺക്രീറ്റ് ദ്രവിച്ചതായും അതിനാൽ കെട്ടിടം സുരക്ഷിതമല്ലെന്നും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സബ് ഡിവിഷൻ എൻജിനീയർ മുഖേന ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നിർദേശ പ്രകാരമാണ് കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന നടത്തിയത്.
കച്ചവട സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ
ഷോപ്പിങ് കോംപ്ലക്സിന്റെ താഴത്തെ നിലയിൽ ബസ് സ്റ്റാൻഡിനും മുണ്ടക്കയം റോഡിനും അഭിമുഖമായി 18 കച്ചവട
സ്ഥാപനങ്ങളും, ബസ് കാത്തിരിപ്പ് കേന്ദ്രവും പഞ്ചായത്ത് ശുചിമുറികളുമാണുള്ളത്. ഒന്നാം നിലയിൽ എരുമേലി തെക്ക് വില്ലേജ് ഓഫിസ്, പഞ്ചായത്ത് ലൈബ്രറി, പൊതുമരാമത്ത് റോഡ് സെക്ഷൻ ഓഫിസ് എന്നിവയും പ്രവർത്തിക്കുന്നു.
യാത്രക്കാർക്ക് ഭീഷണി
ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ വർഷങ്ങളായി കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് കമ്പി തെളിഞ്ഞു നിൽക്കുകയാണ്.
കമ്പികൾ തന്നെ പലതും തുരുമ്പെടുത്തു നശിച്ച നിലയിലാണ്. സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞു.
വില്ലേജ് ഓഫിസ് ഉൾപ്പെടെയുള്ള സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ടൈലുകളും മിക്കതും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്.
പടിക്കെട്ടുകളുടെയും വരാന്തകളുടെയും മുകൾ ഭാഗത്തെ കോൺക്രീറ്റ് പൊഴിഞ്ഞു വീണിട്ടുണ്ട്. കെട്ടിടത്തിന്റെ ഭിത്തിയിൽ ഒരു ഭാഗത്ത് ആൽമരം വളർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്.
നൂറുകണക്കിന് യാത്രക്കാരാണ് കെട്ടിടത്തിൽ ബസ് കാത്തുനിൽക്കുന്നത്. യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഭാഗത്തേക്ക് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ആർഡിഒ കണ്ടു, പിന്നാലെ പഞ്ചായത്ത് പരിശോധന
കോട്ടയം ആർഡിഒ ഡി.രഞ്ജിത്ത് ഇന്നലെ രാവിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിൽ പരിശോധന നടത്തുകയും തുടർന്ന് ഷോപ്പിങ് കോംപ്ലക്സിന്റെ സ്ഥിതി പരിശോധിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണ്ടതോടെയാണ് എത്രയും വേഗം സുരക്ഷിതത്വം പരിശോധിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് നിർദേശം നൽകിയത്.
തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റും അസിസ്റ്റന്റ് എൻജിനീയറും സ്ഥലത്തെത്തി പരിശോധന നടത്തിയത്.
3 മണിയോടെ തന്നെ, കെട്ടിടം സുരക്ഷിതമല്ലെന്ന റിപ്പോർട്ട് അസിസ്റ്റന്റ് എൻജിനീയർ പഞ്ചായത്ത് പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കും നൽകി. വില്ലേജ് ഓഫിസ് മാറ്റി സ്ഥാപിക്കുന്നതിനു മറ്റൊരു സ്ഥലം കണ്ടെത്തി നൽകാനും ആർഡിഒ നിർദേശം നൽകി.
പ്രതിസന്ധിയിലായി കച്ചവടക്കാർ
പല കച്ചവടക്കാരും ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ് സമീപകാലത്ത് കടകൾ നവീകരിച്ചത്. 18 കച്ചവട
സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. മിക്കവരും തന്നെ ബാങ്ക് വായ്പയും മറ്റു വായ്പകളും എടുത്താണ് കച്ചവടം നടത്തുന്നത്. ഇപ്പോൾ കെട്ടിടം ഒഴിയാൻ നിർദേശിക്കുന്നതോടെ ഇവരുടെ ജീവിതം വഴിമുട്ടും.
പല കച്ചവടക്കാരും കച്ചവടത്തിൽ നിന്നു ലഭിക്കുന്ന വരുമാനം മുന്നിൽക്കണ്ട് ദീർഘകാല വായ്പകളാണ് എടുത്തിട്ടുള്ളത്. ഇവിടെ നിന്ന് ഒഴിയാൻ നിർദേശിച്ചാൽ പലരും വലിയ കടക്കെണിയിലാകും.
പഴക്കം 41 വർഷം
1980ൽ നിർമാണം ആരംഭിച്ച് 1984ൽ ഉദ്ഘാടനം ചെയ്ത ഇരുനില കെട്ടിടമാണ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്.
രണ്ടാം നിലയുടെ മുകൾഭാഗം 4 വർഷത്തിനു മുൻപ് പഞ്ചായത്ത് റൂഫ് ചെയ്യുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു.
പെട്ടെന്ന് ഒരു ദിവസം കെട്ടിടം സുരക്ഷിതമല്ലെന്ന് കേട്ടത് ഇടിത്തീ പോലെയാണ് അനുഭവപ്പെട്ടത്. ഇവിടെ കച്ചവടം ചെയ്യുന്ന ഞാനടക്കം എല്ലാവരും വലിയ പ്രതിസന്ധിയിലാകും.
4 വർഷം മുൻപു കെട്ടിടം നവീകരിക്കുകയും റൂഫിങ് നടത്തുകയും ചെയ്തിരുന്നു. അന്ന് അധികൃതർ പറഞ്ഞത് അടുത്ത 20 വർഷം കെട്ടിടം സുരക്ഷിതമായിരിക്കുമെന്നാണ്.
ഇതു മുന്നിൽ കണ്ടാണ് കടകളുടെ നവീകരണം നടത്തിയത്.
എം.എ.നിഷാദ്.വ്യാപാരി, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]