വൈക്കം ∙ ജീവനൊടുക്കുന്നതിനു രണ്ടു ദിവസം മുൻപു ഫെയ്സ്ബുക്കിൽ ചെല്ലപ്പൻ ഇട്ട വിഡിയോയിലെ പ്രധാന ആരോപണങ്ങൾ: ‘എന്നെ ഇല്ലാതാക്കാൻ പല ഘട്ടങ്ങളായി സിപിഐ ശ്രമിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പിൽനിന്നു നീതി ലഭിച്ചില്ല. കൃഷിമന്ത്രി പി.പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചു.
കൃഷിവകുപ്പ് കർഷകർക്ക് നൽകാനായി 3 രൂപ വിലയ്ക്ക് വാങ്ങുന്ന പച്ചക്കറിത്തൈകൾ ഒരു രൂപയ്ക്കു നൽകാമെന്നു മന്ത്രിയുടെ അസിസ്റ്റന്റിനോട് പറഞ്ഞിട്ടും മന്ത്രിയെ കാണാൻ അനുവദിച്ചില്ല.
2007ൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഹോർട്ടികൾചറൽ യൂണിവേഴ്സിറ്റിയിൽനിന്നു നൂതന സാങ്കേതികവിദ്യ പഠിച്ച് കാർഷിക ഗവേഷണം നടത്തി വരികയാണ്. 2008ൽ സിപിഐയിലെ എ.പി.ഷാജി (മുൻ ലോക്കൽ സെക്രട്ടറി), എഐവൈഫിന്റെ എം.പി.സാനു (എഐവൈഎഫിന്റെ മണ്ഡലം സെക്രട്ടറിയായ സാനു ഇപ്പോൾ ജീവിച്ചിരിപ്പില്ല) തുടങ്ങിയവർ ചേർന്നു രണ്ടു തവണ എന്റെ കൃഷി നശിപ്പിച്ചു.
അത് ചെയ്തത് ഞാനാണെന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകും ചെയ്തു.
2010 ജൂലൈ മുതൽ സിപിഐ കൂടുതൽ ആക്രമണം ആരംഭിച്ചു. വൈക്കം താലൂക്ക് ഓഫിസിനു മുന്നിൽ നടത്തിയ നിരാഹാര സമരമാണു പ്രകോപനത്തിനു കാരണം.
വഴിത്തർക്കവുമായി ബന്ധപ്പെട്ടും പാർട്ടിയുമായി പ്രശ്നങ്ങളുണ്ടായി. തലയാഴം എസ്ഐയോടു പറഞ്ഞിട്ടും നടപടി ഉണ്ടായില്ല.
2018ൽ കോട്ടയം കലക്ടറായിരുന്ന ലതാ മാഡം ചേംബറിൽ വിളിച്ച് വിവരങ്ങൾ കേട്ടു. അപേക്ഷ എഴുതി നൽകാൻ ആവശ്യപ്പെട്ടു.
അപേക്ഷ നൽകിയതോടെ തലയാഴം വില്ലേജ് ഓഫിസറിൽനിന്നു കലക്ടർ റിപ്പോർട്ട് തേടി. പ്രശ്നത്തിൽ അനുകൂല നടപടിയുമുണ്ടായി.
പച്ചക്കറിത്തൈകൾക്ക് ഓർഡറുകൾ നൽകിയിട്ട് അവസാനവട്ടം ഓർഡർ ഇല്ലാതാക്കി.
സുനിൽകുമാർ കൃഷിമന്ത്രിയായിരുന്ന സമയത്ത് ‘ഒരുമുറം പച്ചക്കറി പദ്ധതി’യുടെ ഭാഗമായി വൈക്കം, കടുത്തുരുത്തി പ്രദേശത്ത് 50,000 വീതം പച്ചക്കറി തൈകൾക്ക് ഓർഡർ നൽകി. തയാറാക്കി വച്ചപ്പോൾ കൃഷിവകുപ്പ് വേണ്ടെന്നു പറഞ്ഞു.
ഒടുവിൽ തൈകൾ നശിപ്പിച്ചു കളഞ്ഞു. പച്ചക്കറിത്തൈ വിൽപന നടത്തുന്നതിനു പുതിയ സ്ഥലം കണ്ടെത്തി ലൈസൻസിനു അപേക്ഷിച്ചിട്ട് വെച്ചൂർ കൃഷി ഓഫിസർ മാസങ്ങളോളം താമസിപ്പിച്ചു.
ഇടയാഴത്ത് രണ്ടരയേക്കർ സ്ഥലത്ത് ഫാം ആരംഭിച്ചിട്ട് ഒരു കൃഷി ഓഫിസർ പോലും ഇതുവരെ വന്നില്ല. ഞാൻ മുന്നോട്ടു പോകാതിരിക്കാൻ പാർട്ടി ഇടപെട്ടിരിക്കുകയാണ്.
1996 ഫെബ്രുവരി 20നു തോട്ടകം കരയിൽ ചേന്ദ്രോത്തിൽ അപ്പു എന്ന ചെത്തു തൊഴിലാളിക്കു വേണ്ടി ഒരു വഴിത്തർക്കവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളായ ടി.എൻ.രമേശനും പി.ആർ.ശശിയും (ചെത്ത് തൊഴിലാളി വൈക്കം യൂണിയൻ ജോ.
സെക്രട്ടറി) ഗൂഢാലോചന നടത്തി. മനോഹരൻ എന്നയാളെ ആറുപേർ ചേർന്നു സിനിമാ സ്റ്റൈലിൽ വെട്ടി.
മറ്റൊരു സംഭവത്തിൽ സിഐടിയു ചെത്തുതൊഴിലാളി അംഗമായ നടരാജനെ വെട്ടിനുറുക്കി. പാർട്ടി അംഗമായ നടരാജനെക്കുറിച്ച് സിപിഐ അന്വേഷിച്ചില്ല.
പിരിവിനു പാർട്ടിക്ക് ആളെ വേണം. നിരപരാധിയായ ഒരാളെ വെട്ടിനുറുക്കിയിട്ടു പാർട്ടി അന്വേഷിച്ചില്ല.
സാനുവിനെതിരെ എന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണു കേസെടുത്തത്.
മുഖ്യമന്ത്രിക്കും കലക്ടർക്കും അടക്കം സാനുവിനെതിരെ പരാതി നൽകുകയും ചെയ്തു. ഇവിടെ നടന്ന അഴിമതിയെപ്പറ്റി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ വൈക്കത്തെ വി.കെ.അനിൽകുമാർ (നിലവിൽ സിപിഐ മണ്ഡലം കമ്മിറ്റിയംഗം) പറയുകയാണ് എന്റെ പ്രായത്തെ ഓർത്താണെന്ന്.
അവൻ എന്തും പറയട്ടെ, ഇലക്ഷൻ കഴിഞ്ഞിട്ട് നമുക്ക് പെരുമാറാമെന്നാണ് നേതാക്കൾക്കും പ്രവർത്തകർക്കും പാർട്ടി നൽകിയ നിർദേശം. എനിക്കു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപോ ശേഷമോ എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം വൈക്കത്തെ സിപിഐക്കാണ്’.
സിപിഐക്ക് എതിരെ പോസ്റ്റിട്ട
ജൈവകർഷകൻ എൽഡിഎഫ് ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ
ഉല്ലല (വൈക്കം) ∙ സിപിഐ നേതാക്കൾക്കെതിരെ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിനു പിന്നാലെ ജൈവകർഷകനെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെച്ചൂർ ഇടയാഴത്തെ ഗുരുകൃപ ഹൈടെക് ഹോർട്ടികൾചറൽ നഴ്സറി ഉടമയും സാമൂഹികപ്രവർത്തകനുമായ ഉല്ലല പുളിക്കാശേരിൽ വീട്ടിൽ കെ.ചെല്ലപ്പൻ (മക്കൻ–65) ആണു മരിച്ചത്.
തന്നെ ഇല്ലാതാക്കാൻ സിപിഐ നേതൃത്വം ശ്രമിക്കുകയാണെന്നും ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടുകയാണെന്നുമായിരുന്നു വിഡിയോയിലെ ആരോപണം. തലയാഴം സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസിന്റെ മുറ്റത്താണു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്.
ഇന്നലെ രാവിലെ 6.30നു പത്ര ഏജന്റാണു മൃതദേഹം കണ്ടത്. എൽഡിഎഫിനായി സിപിഐ സ്ഥാനാർഥി മത്സരിക്കുന്ന വൈക്കം മണ്ഡലത്തിൽ സംഭവം രാഷ്ട്രീയ വിവാദമായി.
2017ൽ ഫാമിലെ വീഴ്ചയെത്തുടർന്ന് അരയ്ക്കു താഴെ തളർന്നിട്ടും വോക്കറിന്റെ സഹായത്തോടെ സഞ്ചരിച്ച് ജൈവകൃഷി ഫാം ഒരുക്കിയ കർഷകനാണു ചെല്ലപ്പൻ.
അഴിമതിക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരങ്ങളും നിയമപോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് 21 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിട്ടുകൊടുത്തിരുന്നു.
സിപിഐ നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് വിമർശനവും ആരോപണവും ഉന്നയിക്കുന്ന വിഡിയോ രണ്ടുദിവസം മുൻപ് സ്വന്തം ഫെയ്സ്ബുക് അക്കൗണ്ടിൽ ചെല്ലപ്പൻ പോസ്റ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനു മുൻപോ ശേഷമോ തനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദിത്തം വൈക്കത്തെ സിപിഐക്കാണെന്നു പറഞ്ഞാണ് 25 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അവസാനിപ്പിക്കുന്നത്.
മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ, കൃഷിമന്ത്രി പി.പ്രസാദ് എന്നിവരുടെ പേരുകൾ വിഡിയോയിൽ പരാമർശിക്കുന്നുണ്ട്.
സിപിഐ നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകമാണെന്നാരോപിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അംഗപരിമിതനായ അദ്ദേഹത്തിന് ഈ വിധം ജീവനൊടുക്കാൻ സാധിക്കില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ്കുമാർ ആരോപിച്ചു.
തന്റെ അവയവങ്ങളും മൃതദേഹവും മെഡിക്കൽ കോളജിനു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞെങ്കിലും തിരച്ചിലിൽ സമ്മതപത്രം കിട്ടാത്തതിനെത്തുടർന്നു പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം ഉല്ലലയിലെ പുരയിടത്തിൽ നടത്തി.
ഭാര്യ: ആനന്ദവല്ലി, മക്കൾ: ദീപു, ജ്യോതി, മരുമക്കൾ: ആതിര, വിക്രം കുമാർ.
ഇത് കർഷകരുടെ രക്തക്കറ പുരണ്ട സർക്കാർ: സണ്ണി ജോസഫ്
തിരുവനന്തപുരം ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ എൽഡിഎഫ് ഭരണം മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കർഷകരുടെ രക്തക്കറ പുരണ്ട സർക്കാരാണിത്.
വൈക്കത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച ചെല്ലപ്പൻ അതിൽ ഒടുവിലത്തേതാണ്. എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകൾക്ക് ഇരയായതിനെ തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ അദ്ദേഹം അക്കാര്യം പറയുന്നുണ്ട്. എൽഡിഎഫിൽനിന്ന് പ്രതികാര നടപടിയുണ്ടായപ്പോൾ അദ്ദേഹം കൃഷിമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല– സണ്ണി ജോസഫ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

