
മാറി മറിഞ്ഞ കിടങ്ങൂർ രാഷ്ട്രീയം; പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ എൽഡിഎഫ് ഭരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലാ ∙ ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്ത് ഭരണം നേടി എൽഡിഎഫ്. സിപിഎം അംഗം പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് (എം) അംഗം വൈസ് പ്രസിഡന്റുമായി. ബിജെപി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച 9-ാം വാർഡ് അംഗം കെ.ജി.വിജയന്റെ പിന്തുണയോടെയാണു ഭരണം എൽഡിഎഫ് നേടിയത്. സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായും കേരള കോൺഗ്രസിലെ (എം) ടീന മാളിയേക്കൽ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
15 അംഗ പഞ്ചായത്തിൽ ബിജെപി-5, കേരള കോൺഗ്രസ് (എം)-4, സിപിഎം-3, കേരള കോൺഗ്രസ്-3, എന്നിങ്ങനെയാണു കക്ഷിനില. ബിജെപിയുടെ 4 അംഗങ്ങളും കേരള കോൺഗ്രസിലെ 3 അംഗങ്ങളും തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നതോടെ എതിരില്ലാതെ 8 വോട്ടുകൾ നേടിയാണ് ഇരുവരുടെയും വിജയം.
തിരഞ്ഞെടുപ്പ് യോഗത്തിൽ നിന്നു വിട്ടുനിൽക്കണമെന്നു കാട്ടി അംഗങ്ങൾക്കു ബിജെപി വിപ്പ് നൽകിയിരുന്നു. വിപ്പ് നേരിൽ കൈപ്പറ്റാത്ത വിജയനു റജിസ്റ്റേഡ് ആയി അയച്ചെന്നും വിപ്പ് ലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ബിജെപി അറിയിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ട വോട്ടുകൾ എൽഡിഎഫിന് പഞ്ചായത്തിൽ ഇല്ല.എൽഡിഎഫിനു വോട്ടു ചെയ്ത കെ.ജി.വിജയനെതിരെ ബിജെപി അംഗങ്ങളും പ്രവർത്തകരും പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
കിടങ്ങൂർ സഹകരണ ബാങ്ക് ഭരണ സമിതി മുൻ അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇ.എം.ബിനു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടീന മാളിയേക്കൽ 2015ലും പഞ്ചായത്ത് അംഗമായിരുന്നു. കേരള വനിത കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റാണ്.
മാറി മറിഞ്ഞ കിടങ്ങൂർ രാഷ്ട്രീയം
2020ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കേരള കോൺഗ്രസിലെ (എം) ബോബി മാത്യു പ്രസിഡന്റായി. ബിജെപി മത്സരിച്ചെങ്കിലും 7–5ന് ഭരണം എൽഡിഎഫ് നേടി. കേരള കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിട്ടുനിന്നു. രണ്ടര വർഷത്തിനു ശേഷം ഇടതു ധാരണ പ്രകാരം സിപിഎം അംഗം പ്രസിഡന്റാകാൻ ബോബി മാത്യു രാജിവച്ചു. ഈ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും ബിജെപിയും സഖ്യമുണ്ടാക്കി ഏഴിന് എതിരെ എട്ട് വോട്ടുകൾക്കു പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിച്ചു.
കേരള കോൺഗ്രസിലെ തോമസ് മാളിയേക്കൽ പ്രസിഡന്റും ബിജെപിയിലെ രശ്മി രാജേഷ് വൈസ് പ്രസിഡന്റുമായി. തുടർന്ന് കേരള കോൺഗ്രസ് അംഗങ്ങളെ പാർട്ടി പുറത്താക്കി. ബിജെപി ജില്ലാ നേതൃത്വം പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. തുടർന്ന് കഴിഞ്ഞ മാസം 20ന് ബിജെപിയിലെ കെ.ജി.വിജയന്റെ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ പ്രസിഡന്റ് തോമസ് മാളിയേക്കൽ പുറത്തായി. വൈസ് പ്രസിഡന്റ് രശ്മി രാജേഷ് രാജിവച്ചു.