
ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡ് അടച്ചു; ബദൽ സംവിധാനം? വ്യക്തതയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ചങ്ങനാശേരി ∙ കെഎസ്ആർടിസി സ്റ്റാൻഡ് അടച്ചതിനു പകരം ഒരുക്കിയ ബദൽ സംവിധാനങ്ങളെ സംബന്ധിച്ച് കൃത്യമായ അറിയിപ്പില്ല. യാത്രക്കാർക്ക് ആശയക്കുഴപ്പവും പരക്കം പാച്ചിലും. ബസ് നിർത്തുന്ന സ്ഥലങ്ങൾ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. വിവിധയിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരാണ് ഏറ്റവും കൂടുതൽ വലയുന്നത്. നിലവിൽ തിരുവല്ല ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ എംസി റോഡിൽ നഗരസഭ കാര്യാലയത്തിനു സമീപം നിർത്തി ആളുകളെ കയറ്റി ഇറക്കുകയാണ്.
കോട്ടയം, കറുകച്ചാൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിലെ കെഎസ്ആർടിസി സ്റ്റാൻഡിനു മുൻപിൽ നിർത്തി ആളുകളെ കയറ്റി ഇറക്കുന്നു. ആലപ്പുഴ ഭാഗത്തേക്കുള്ള സർവീസുകൾ പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡിൽ നിന്നുമാണ് സർവീസ്. എന്നാൽ പുറത്ത് നിന്ന് നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ക്രമീകരണങ്ങൾ അറിയില്ല. കൃത്യമായ അറിയിപ്പ് സ്റ്റാൻഡിലോ ബദൽ സ്റ്റോപ്പുകളിലോ കെഎസ്ആർടിസി സ്ഥാപിച്ചിട്ടില്ല.
തിരുവല്ല ഭാഗത്തേക്ക് പോകാനുള്ള യാത്രക്കാർ നിലവിലെ സ്റ്റാൻഡിനു എതിർവശത്തു ബസിനായി കാത്ത് നിൽക്കുന്നുണ്ട്. ഇവരെ കണ്ട് ബസ് നിർത്തുന്നതോടെ സെൻട്രൽ ജംക്ഷൻ ഗതാഗതക്കുരുക്കിലാകും. തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്കുള്ള ബസുകൾ അന്വേഷിച്ച് പലരും പെരുന്ന സ്റ്റാൻഡിലെത്തി കാത്ത് നിൽക്കുന്നുണ്ട്.
എന്നാൽ തിരുവനന്തപുരം, കൊല്ലം ബസുകൾ പെരുന്ന സ്റ്റാൻഡിനു മുൻപിൽ നിർത്തി ആളുകളെ കയറ്റി ഇറക്കി കടന്നു പോകുന്നുണ്ട്. ആലപ്പുഴ ബസുകളും ചങ്ങനാശേരി ബോർഡ് വച്ചു വരുന്ന ബസുകളുമാണ് പെരുന്ന സ്റ്റാൻഡിൽ കയറുന്നത്. നഗരസഭ കാര്യാലയത്തിനു മുൻപിൽ ആളുകൾ കൂടി നിന്നാൽ മാത്രമേ അവിടം ഒരു ബസ് സ്റ്റോപ്പ് ആണെന്ന് മനസ്സിലാകൂ.
വെയിലും മഴയും കൊള്ളണം
∙ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം ഒരുക്കാത്തതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. കെഎസ്ആർടിസി സ്റ്റാൻഡിനു മുൻപിലും, നഗരസഭ കാര്യാലയത്തിനു സമീപവും വെയിലും മഴയും കൊണ്ടാണ് യാത്രക്കാർ കാത്തു നിൽക്കുന്നത്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർ ഏറെ വലയുന്നു.
കെഎസ്ആർടിസി സ്റ്റാൻഡിനു മുൻപിലെ എടിഎം കൗണ്ടറിന് മുന്നിലും പരസ്യ ബോർഡിനു കീഴിൽ നിന്നുമാണ് വെയിലിൽ നിന്നു യാത്രക്കാർ രക്ഷപ്പെടുന്നത്. പെരുന്ന സ്റ്റാൻഡിനു സമീപവും കാത്തിരിപ്പു കേന്ദ്രം ഇല്ല. മഴ പെയ്താൽ നഗരത്തിലെ കടമുറികളുടെ മുൻപിലേക്കാണു ആളുകൾ ഓടിക്കയറുന്നത്.
പാർക്കിങ് അപകട ഭീഷണി
∙എസ്ബി കോളജിനു സമീപം എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ രാത്രി പാർക്ക് ചെയ്യുന്നത് അപകട ഭീഷണിയുണ്ടാക്കുന്നതായി പരാതി. റോഡിലെ ഭാരവാഹനങ്ങളുടെ പാർക്കിങ് കാരണം ഒട്ടേറെ അപകടങ്ങൾ ഈ മേഖലയിൽ സംഭവിച്ചിട്ടുണ്ട്. ഇവിടത്തെ പാർക്കിങ് ഒഴിവാക്കി വേഴയ്ക്കാട്ടുചിറ ബസ് സ്റ്റാൻഡ് പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.