കോട്ടയം ∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് കോട്ടയം ആതിഥ്യമരുളിയിട്ട് ഇന്ന് 40 വർഷം. 1986 ഫെബ്രുവരി എട്ടിന് വിശുദ്ധിയുടെ വെൺമയിലേക്ക് കോട്ടയത്തിന്റെ പേര് എഴുതിച്ചേർക്കപ്പെട്ടതിന്റെയും നാല്പതാം വാർഷികമാണിന്ന്.
സിസ്റ്റർ അൽഫോൻസാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാനാണ് മാർപാപ്പ എത്തിയത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന പേരുവിളിക്കൽ ചടങ്ങ് ഇവിടെ നടത്തിയത് രണ്ടുപേരും കോട്ടയം ജില്ലയിൽ ജീവിച്ചവരായതിനാലാണ്.
ഇരുവരും പിന്നീട് വിശുദ്ധരുടെ ഗണത്തിലേക്കും ഉയർത്തപ്പെട്ടു.
കോട്ടയം പട്ടണം കണ്ട ഏറ്റവും വലിയ സംഭവമായിരുന്നു മാർപാപ്പയുടെ സന്ദർശനം.
ജോൺ പോൾ രണ്ടാമനുമായി വന്ന ഹെലികോപ്റ്റർ ഗാന്ധിനഗർ ഐസിഎച്ച് ഗ്രൗണ്ടിലാണ് ഇറങ്ങിയത്. അവിടെക്കൂടിയ വിശ്വാസി സഹസ്രങ്ങളെ ‘ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ’ എന്നു മലയാളത്തിൽ പറഞ്ഞ് മാർപാപ്പ വിസ്മയിപ്പിച്ചു.
റോമിൽ നിന്നെത്തിച്ച പാപ്പാ മൊബീലിലാണ് നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയത്. നാഗമ്പടം മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പാപ്പാവേദിയിലായിരുന്നു പ്രഖ്യാപനച്ചടങ്ങ്.
സിറോ മലബാർ സഭയുടെ റാസക്രമത്തിൽ നാമകരണ ശുശ്രൂഷ പ്രത്യേകമായി ഉൾപ്പെടുത്തി തയാറാക്കിയ ആരാധനക്രമത്തിലായിരുന്നു ചടങ്ങുകൾ. ‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി’ എന്നു മൂന്നു തവണ മലയാളത്തിൽ ചൊല്ലിയ പാപ്പ വിശ്വാസികളുടെ ഹൃദയം കവർന്നു.
സിറോ മലബാർ സഭയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന, പരിഷ്കരിച്ച ആരാധനാക്രമത്തിൽ മാർപാപ്പ അന്ന് ആദ്യമായി ദിവ്യബലി അർപ്പിച്ചതോടെ ഈ ക്രമം സഭയിൽ പ്രാബല്യത്തിൽ വന്നു.
അംശവടിയും മുടിയും ധരിച്ച് ജനസമൂഹത്തിന് നേരെ തിരിഞ്ഞ് കസേരയിൽ ഇരുന്നുകൊണ്ട് തന്റെ എക്സ് കത്തിദ്ര അധികാരം ഉപയോഗിച്ചാണ് സിസ്റ്റർ അൽഫോൻസാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും മാർപാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. കസേരയിൽ ഇരുന്നു പ്രഖ്യാപിക്കുന്ന വിധികൾക്കേ സാധുതയുള്ളൂ എന്ന റോമൻ പാരമ്പര്യം ഉയർത്തിപ്പിടിച്ചായിരുന്നു അത്.
അന്ന് രണ്ട് ഉദ്ഘാടനങ്ങൾ കൂടി മാർപാപ്പ നിർവഹിച്ചു. കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലിയും ദീപിക ദിനപത്രത്തിന്റെ ശതാബ്ദിയും.
കോട്ടയം ബിഷപ്സ് ഹൗസിന്റെ ബാൽക്കണിയിൽ നിന്നാണ് അന്ന് അദ്ദേഹം താഴെ നടന്ന മാർഗംകളി കണ്ടത്.
സന്ദർശനത്തിന്റെ ഓർമയ്ക്കായി ക്രിസ്തുരാജ കത്തീഡ്രലിൽ മാർപാപ്പയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുമായി മാർ ഏലിയാ കത്തീഡ്രലിൽ മാർപാപ്പ കൂടിക്കാഴ്ച നടത്തി.
പാപ്പാവേദി ഇപ്പോൾഭരണങ്ങാനത്ത്
മാർപാപ്പയുടെ സന്ദർശനത്തിനായി കോട്ടയത്തു നിർമിച്ച വേദി ഇപ്പോഴും അതേ ചാരുതയോടെ ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിനു മുൻപിൽ സ്ഥാപിച്ചിട്ടുണ്ട്.
50,000 രൂപയ്ക്കാണ് പാലാ രൂപത വേദി സ്വന്തമാക്കിയത്. ചരിത്ര സ്മാരകമായി ഇതു സംരക്ഷിക്കാൻ അന്നു ബിഷപ്പായിരുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള രൂപതാ സമിതി തീരുമാനിക്കുകയായിരുന്നു.
രൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാ. സിറിയക് കുന്നേലാണ് തുക കൈമാറി വേദി വാങ്ങിയത്.
ഫാ. തോമസ് മൂത്തേടത്തിന്റെ നേതൃത്വത്തിലാണ് ഭരണങ്ങാനത്ത് വേദി സ്ഥാപിച്ചത്.
പൂർണമായും തടികൊണ്ടു നിർമിച്ച വേദിയുടെ നാലു തൂണും പിച്ചള പൊതിഞ്ഞതാണ്.
പാപ്പാവേദിയുടെ മുകളിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെയും വലിയ ചിത്രങ്ങൾ തീർഥാടന കേന്ദ്രം റെക്ടർ ഫാ.
ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ പിന്നീട് സ്ഥാപിച്ചു.
ധന്യ സ്മരണകളുമായിമാർ പള്ളിക്കാപ്പറമ്പിൽ
അൽഫോൻസാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ടവരായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ച ധന്യസ്മരണയിലാണ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ.നെഹ്റു സ്റ്റേഡിയത്തിലെ കുർബാനയിൽ പതിനായിരക്കണക്കിനു വിശ്വാസികളാണ് എത്തിയതെന്ന് 99 വയസ്സ് പിന്നിട്ട
മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ഓർമിക്കുന്നു. ‘‘അന്നു രാവിലെ 8 നു മുൻപ് എത്തണമായിരുന്നു.
ഞാൻ അതുകൊണ്ട് 7നു തന്നെ പോയി. വാഹനങ്ങളൊക്കെ പരിശോധിച്ചാണ് കടത്തിവിട്ടിരുന്നത്.
റാസ കുർബാന ആരംഭിക്കുന്നതിനു മുൻപ് അൽഫോൻസാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും സംബന്ധിച്ചുള്ള വിവരങ്ങൾ റോമിൽ നിന്നെത്തിയ 2 പോസ്റ്റുലേറ്റർമാർ വായിച്ചു.
റാസ കുർബാനയിലെ സാഷ്ടാംഗ പ്രണാമം നടത്തിയത് മാർ ജോസഫ് പൗവത്തിലാണ്. ഞാനും മാർ കുര്യാക്കോസ് കുന്നശേരിയും അന്നത്തെ വിജയപുരം ബിഷപ്പുമായിരുന്നു സഹകാർമികർ.
വലിയ സന്തോഷവും അഭിമാനവും തോന്നിയ സന്ദർഭമാണത്.’’– അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

