കോട്ടയം∙ ഭരണമാറ്റം ജനം എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. കോട്ടയം നഗരസഭ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായുണ്ടായിരുന്ന ഊഷ്മള ബന്ധം അനുസ്മരിച്ച അവർ തദ്ദേശ തിരഞ്ഞെടുപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കാണണമെന്നു പ്രവർത്തകരോട് നിർദേശിച്ചു.
‘കോട്ടയത്ത് വരുമ്പോഴെല്ലാം എനിക്ക് ഒരാളെ മാത്രമേ ഓർമ വരാറുള്ളു. നമ്മുടെ പ്രിയങ്കരനായ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിനെ.
ഞങ്ങൾക്കെല്ലാം എപ്പോഴും ഒരു നഷ്ടമാണ് അദ്ദേഹം.
കേരളത്തിന്റെ മാത്രമല്ല എനിക്ക് വ്യക്തിപരമായി നഷ്ടമാണ്. കാരണം, എന്റെ ഭർത്താവ് പ്രിയരഞ്ജൻ ദാസ്മുൻഷി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ആയിരുന്നപ്പോൾ സംസ്ഥാന പ്രസിഡന്റ് ഉമ്മൻ ചാണ്ടി ആയിരുന്നു.
അപ്പോൾ മുതൽ അദ്ദേഹം ഞങ്ങളുടെ കുടുംബാംഗമായിരുന്നു. എപ്പോഴൊക്കെ കേരളത്തിൽ വന്നാലും അദ്ദേഹത്തെ ഓർക്കും.
പുതുപ്പള്ളിയിൽ പോയി കാണും. അദ്ദേഹത്തിന് ഈ നാടിനോട് ഉണ്ടായിരുന്ന സ്നേഹവും വാത്സല്യവും വികസന കാഴ്ചപ്പാടും കേരളം ഇപ്പോഴും ഓർക്കുന്നു’– ദീപ ദാസ് മുൻഷി പറഞ്ഞു.
സ്വന്തം നേതാക്കൾക്കായി ശബരിമലയിൽ നിന്ന് സ്വർണം മോഷ്ടിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി.
കേരളത്തിലെ ലഹരി വ്യാപനമോ തൊഴിലില്ലായ്മയോ അവർ ശ്രദ്ധിക്കുന്നില്ല. കോട്ടയം നഗരത്തിലെ സ്കൈവോക് പദ്ധതി പോലും രാഷ്ട്രീയ വിരോധം കാരണം നടപ്പിലാക്കാൻ സമ്മതിച്ചില്ലെന്നും അവർ പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി, നേതാക്കളായ കെ.സി.ജോസഫ്, നാട്ടകം സുരേഷ്, പി.എ.സലിം, ഫിലിപ് ജോസഫ്, ഫിൽസൺ മാത്യൂസ്, അബ്ദുൽ സലാം, മോഹൻ കെ.നായർ, യൂജിൻ തോമസ്, ജയചന്ദ്രൻ ചീറോത്ത് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

