കോട്ടയം ∙ 20 വർഷം മുൻപു ആന്ധ്രയിലെ അനന്ത്പൂർ ജില്ലയിൽ നിന്നു വീട് വിട്ടിറങ്ങിയ രാമനെയും 19 വർഷം മുൻപു നാടുവിട്ട ലതയെയും കർണാടകയിലെ കോലാറിൽ നിന്നു 10 വർഷം മുൻപ് വീടുവിട്ട
ലക്ഷ്മിയെയും 6 മാസം മുൻപ് ആന്ധ്ര ചിറ്റൂരിൽ നിന്നു ശബരിമലയിലെത്തിയ കിരൺകുമാറിനെയും സ്വന്തം വീടുകളിൽ മടക്കി എത്തിച്ചിരിക്കുകയാണ് സാമൂഹിക നീതിവകുപ്പിന്റെ ‘പ്രത്യാശ’ പ്രൊജക്ട്. മലയാറ്റൂർ മാർവലഹ് ദയറയുടെ അയർക്കുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റാണ് സാമുഹ്യ നീതി വകുപ്പുമായി ചേർന്നു അനാഥാലയങ്ങളിൽ കഴിയുന്ന ഇതര സംസ്ഥാനക്കാരയവരെ കണ്ടെത്തി സ്വന്തം വീടുകളിലേക്കു എത്തിക്കുന്നത്.
ലക്ഷ്മി വീട്ടിലെത്തുന്നതിനു 5 ദിവസം മുൻപു മക്കളും ബന്ധുക്കളും ചേർന്നു മരണാനന്തര കർമം നടത്തിയിരുന്നു.
ആചാരമനുസരിച്ചുള്ള ചടങ്ങിന്റെ ഭാഗമായി 50 പേർക്ക് സദ്യയും നൽകി. ഭർത്താവുമായി പിണങ്ങിയതിന്റെ പേരിൽ നാടുവിട്ടതാണ് ലക്ഷ്മി.
മരിച്ചെന്നു കരുതിയ ലക്ഷ്മി തിരിച്ചു വന്നപ്പോൾ മക്കൾ അതൊരു ആഘോഷവുമാക്കി. തിരുവനന്തപുരത്തെ സ്നേഹതീരം അനാഥാലയത്തിലാണ് ലക്ഷ്മി കഴിഞ്ഞിരുന്നത്.
ഭർത്താവിന്റെ മരണത്തെ തുടർന്നാണ് ലതയ്ക്കു മാനസിക അസ്വസ്ഥ്യമുണ്ടായത്.
വീട് വിട്ടിറങ്ങിയ ലതയ്ക്കു അഭയമായതു ആലപ്പുഴ പ്രത്യാശ മരിയദാം അനാഥാലയമാണ്. ഭാര്യ മരിച്ചതിന്റെ വിഷമത്തെ തുടർന്നു 20 വർഷം മുൻപു രാമൻ നാടുവിടുകയായിരുന്നു.
മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രാമനെ 10 വർഷം മുൻപാണു പള്ളിക്കത്തോട് ലൂർദ് ഭവൻ ട്രസ്റ്റിലെത്തിച്ചത്. 6 മാസം മുൻപാണ് കിരൺകുമാറിനെ ശബരിമലയ്ക്കു സമീപത്തു നിന്നു പൊലീസ് കണ്ടെത്തി തമ്പലക്കാട് പെനുവേൽ ആശ്രമത്തിലാക്കിയത്.
ട്രസ്റ്റിന്റെ ചുമതലയുള്ള സിസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, സോണി പാലക്കൽ, മരിയ സോണി, സിസ്റ്റർ ജസ്റൂത്, ജോണി രാമു എന്നിവർ ചേർന്നു 320 പേരെ ഇതുവരെ നാട്ടിലെത്തിച്ചു.
ഇവർ സംസ്ഥാനത്തെ ഓരോ അനാഥലയങ്ങളിലുമെത്തി ഇതരസംസ്ഥനക്കാരായ അന്തേവാസികളെ കൗൺസലിങ് നടത്തി വിവരങ്ങൾ മനസിലാക്കി നാട്ടിലെത്തിക്കും. ഇവർക്കു സർക്കാർ ചെറിയ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
അധികമായുണ്ടാകുന്ന ചിലവ് ഇവർ വഹിക്കും.
സംസ്ഥാനത്തെ വിവിധ അനാഥലയങ്ങളിൽ കഴിയുന്ന ഒഡിഷ സ്വദേശികളായ 7 പേരെ വീടുകളിലേക്കു എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിസ്റ്റർ ബിന്ദു സെബാസ്റ്റ്യനും സംഘവുമിപ്പോൾ. നാട്ടിലെത്തിക്കുന്നതിനു മുൻപു അയർക്കുന്നത്തെ ട്രസ്റ്റിന്റെ സെന്ററിൽ എത്തിച്ച് പ്രത്യേക ട്രെയിനിങ് നൽകും.
സിസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ സമീപകാലത്തു മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ വീട്ടിലെത്തിച്ചു.
അവിടെയെത്തിയപ്പോഴാണ് രസം. യുവാവ് മരിച്ചെന്നു കരുതി യുവാവിന്റെ വീട്ടുകാർ തന്നെ യുവാവിന്റെ ഭാര്യയെ മറ്റൊരാൾക്കു വിവാഹം ചെയ്തു നൽകി.
കൂടാതെ യുവാവിന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന സ്വത്തും കൈമാറി. ഈ സമയത്താണ് യുവാവ് തിരികെയെത്തിയത്.
ആന്നാട്ടിലെ പൂജാരിയാണ് യുവാവ് മരിച്ചെന്നു വീട്ടുകാരോട് പറഞ്ഞത്. ഇതനുസരിച്ച് മരണാനന്തര ചടങ്ങുകളും നടത്തി.
മടങ്ങിവന്ന യുവാവ് പ്രേതമെന്നു പറഞ്ഞു പേടിച്ചോടിയ നാട്ടുകാരും ഈ ഗ്രാമത്തിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]