കോട്ടയം ∙ എംജി സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സംസ്ഥാന സർക്കാർ സർവീസിലും വിദേശത്തുമായി 16 പേർ ഉദ്യോഗം നേടിയതായി കണ്ടെത്തി. ഇതിൽ 12 പേരും കേരളത്തിനു പുറത്ത് ജോലി നേടിയവരാണ്.
അതതു സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റുകൾ സാധുതാ പരിശോധനയ്ക്ക് സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് വ്യാജമെന്നു തിരിച്ചറിഞ്ഞത്. 2020 മുതൽ 2025 വരെയുള്ള കണക്കാണ് ഇത്. ഇവർക്ക് എതിരെ പൊലീസിൽ പരാതിയും കോടതിയിൽ കേസുമുണ്ട്.
സർവീസിൽനിന്നു പിരിച്ചുവിട്ടു.
ബി.കോമിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഒരു ഉദ്യോഗാർഥി സംസ്ഥാനത്തെ ചരക്കു സേവന നികുതി ഓഫിസിലും ബിഎസ്സി (ഫിസിക്സ്) വ്യാജ സർട്ടിഫിക്കറ്റ് നൽകി മറ്റൊരാൾ സർക്കാരിന്റെ വേറൊരു വകുപ്പിലുമാണ് കടന്നുകൂടിയത്. ഇടുക്കി ജില്ലയിലെ ഒരു സഹകരണ ബാങ്കിൽ ‘ബികോം’കാരനും സ്വകാര്യ സ്ഥാപനത്തിൽ ‘ബി.ടെക്’കാരനും ജോലി നേടി.ഒരാൾ ഒമാനിൽ സ്വകാര്യ കമ്പനിയിൽ ജോലി നേടിയ ആളാണ്.
മറ്റൊരു ‘ബിടെക്’ ബിരുദധാരിയുടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലുമാണ്. ബിബിഎ, ബിഫാം, ബിസിഎ, ബിഎ, എൽഎൽബി തുടങ്ങിയവയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയവരുണ്ട്.
കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി ജോലി നേടിയ 47 പേരെ 5 വർഷത്തിനിടെ വിവിധ സ്ഥാപനങ്ങൾ പിരിച്ചുവിട്ടിരുന്നു.
എംജിയിലെ മോഷണം പോയ സർട്ടിഫിക്കറ്റുകൾ എവിടെ?
∙എംജി സർവകലാശാലയിൽനിന്നു പേരെഴുതാത്ത ഡിഗ്രി – പിജി സർട്ടിഫിക്കറ്റുകൾ മോഷണം പോയ കേസിൽ ഇതുവരെ തുമ്പുണ്ടാക്കാനായില്ല. ഉദ്യോഗസ്ഥഒത്താശയോടെ ‘സർട്ടിഫിക്കറ്റ് മാഫിയ’യാണ് മോഷണത്തിനു പിന്നിലെന്നു ഗാന്ധിനഗർ പൊലീസ് നിഗമനത്തിലെത്തിയെങ്കിലും അന്വേഷണം വഴിമുട്ടി.
സർവകലാശാലാ പരീക്ഷാഭവനിൽനിന്നു വിദ്യാർഥികളുടെ പേരും മറ്റു വിവരങ്ങളുമെഴുതാത്ത 154 ബിരുദ – പിജി സർട്ടിഫിക്കറ്റുകൾ കാണാതായ വിവരം 2023 ജൂണിലാണു പുറത്തറിഞ്ഞത്. എന്നാൽ 54 പിജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ മാത്രമാണ് മോഷണം പോയതെന്നും അവ അസാധുവാക്കിയെന്നുമായിരുന്നു സർവകലാശാല പിന്നീട് നൽകിയ വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]