
2.5 ടൺ ഭാരമുള്ള കൂറ്റൻ മണിയുടെ മാതൃകയിൽ ബിനാലെ ശിൽപം; താഴെ വീണിട്ട് ഒരു വർഷം പിന്നിടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ നഗരസഭ പാർക്കിനു സമീപം വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശിൽപം മറിഞ്ഞ് വീണ് ഒരു വർഷം ആയിട്ടും പുനഃസ്ഥാപിക്കാതെ ബീച്ച് മൈതാനത്തേക്ക് പോകുന്ന റോഡരികിൽ കിടന്നു കാടുകയറി നശിക്കുന്നു. 2024 മേയ് മാസത്തിലാണ് കൂറ്റൻ മണിയുടെ മാതൃകയിലുള്ള ശിൽപം സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ ദ്രവിച്ച് മണി ഉൾപ്പെടെ മറിഞ്ഞു വീണത്. കോൺക്രീറ്റ് തൂണിൽ തങ്ങി നിന്നതിനാൽ കായലിലേക്ക് വീണില്ല. ഇത് പാർക്കിൽ എത്തുന്നവർക്ക് ഉൾപ്പെടെ അപകട ഭീഷണി ആയതിനെ തുടർന്ന് വേമ്പനാട്ടുകായലിൽ നിന്നും അഴിച്ച് യന്ത്ര സഹായത്തോടെ ബീച്ച് മൈതാനത്തുള്ള റോഡരികിലേക്കു മാറ്റി. ഇവിടെ ബിനാലെ മണി ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
വേഗത്തിൽ അറ്റകുറ്റപ്പണി നടത്തി സെൽഫി പോയിന്റ് ഉൾപ്പെടെ നിർമിച്ച് കായലിൽ സ്ഥാപിക്കുമെന്നായിരുന്നു ലളിത കലാ അക്കാദമിയുടെ വാഗ്ദാനം. എന്നാൽ ഒരു വർഷമായിട്ടും ഒരുനടപടിയും ഉണ്ടായില്ല. സമയാസമയം അറ്റകുറ്റപ്പണികൾ നടത്താതെ വന്നതാണ് മണി മറിഞ്ഞുവീഴാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
2014-ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന മണി കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ.ഷിബുവിന്റെ ശ്രമഫലമായി 2015-ലാണ് വൈക്കത്ത് എത്തിച്ചത്. തുടർന്ന് നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി, നഗരസഭ പാർക്കിനടുത്ത് വേമ്പനാട്ടുകായലിൽ മണി സ്ഥാപിച്ചു. ജലനിരപ്പിന് മുകൾഭാഗം വരെ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിൽ ഇരുമ്പുതൂണുകൾ സ്ഥാപിച്ചാണ് മണി ഉറപ്പിച്ചത്. 13 അടി ഉയരത്തിലും 16 അടി വ്യാസത്തിലും സ്റ്റീലിൽ നിർമിച്ച മണിക്കു 2.5 ടൺ ഭാരമുണ്ട്.
കോയമ്പത്തൂരിൽ ആറ് മാസം കൊണ്ടാണ് മണി നിർമാണം പൂർത്തീകരിച്ചത്. തുടർന്ന് ബിനാലെയിൽ പ്രദർശിപ്പിച്ചു. പ്രശസ്ത ശിൽപി ജിജി സ്കറിയ നിർമിച്ച ശിൽപത്തിന് ‘ക്രോണിക്കിൾ ഓഫ് ദ് സീഷോർ ഫോർ ടോൾഡ് എന്നായിരുന്നു പേര്. മണിയുടെ ദ്വാരത്തിലൂടെ വെള്ളം പ്രവഹിക്കുന്ന രീതിയിലായിരുന്നു നിർമാണം.