കുറവിലങ്ങാട് ∙ ബ്രേക്ക് തകരാറിലായതിനെത്തുടർന്നു നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മറ്റൊരു കെഎസ്ആർടിസി ബസിലും കാറിലും ഇടിച്ചു; നിയന്ത്രണം നഷ്ടപ്പെട്ട
ബസിലെ ഡ്രൈവറുടെ മനഃസാന്നിധ്യംമൂലം വൻ ദുരന്തം ഒഴിവായി. തിങ്കൾ വൈകിട്ട് 3ന് എംസി റോഡിൽ പുതുവേലി അരിവാവളവിനു സമീപത്താണ് അപകടം.
തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു പോവുകയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. ഈ ബസിന്റെ ഡ്രൈവർ തിരുവനന്തപുരം തൊടുമല വഴിയരികത്ത് വീട്ടിൽ ടി.രഞ്ജിത്ത് കുമാറിന്റെ (42) സമയോചിത ഇടപെടലാണ് അൻപതോളം യാത്രക്കാരെ ദുരന്തത്തിൽനിന്നു രക്ഷപ്പെടുത്തിയത്.
രണ്ടു വാഹനങ്ങളിൽ ഇടിച്ചശേഷം ബസ് റോഡരികിലെ മതിലിനോടു ചേർത്തുനിർത്തിയാണു രഞ്ജിത്ത് വലിയ അപകടമൊഴിവാക്കിയത്.
ബസിന്റെ ഇടത്തുവശത്തേക്കു മാറി ഇരിക്കാൻ യാത്രക്കാരോടു നിർദേശം നൽകുകയും ചെയ്തു. അച്ചിക്കൽ ഭാഗം കഴിഞ്ഞ് അരിവാവളവിനു സമീപം എത്തിയപ്പോൾ ബ്രേക്ക് തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട
ബസ് എതിരെ വന്ന കോതമംഗലം – കോട്ടയം ബസിന്റെ വശത്ത് ഇടിച്ചു. ഇതിനുശേഷം കാറിലും ഇടിച്ചു.
ഏകദേശം 250 മീറ്ററോളം നിയന്ത്രണംവിട്ടു സഞ്ചരിച്ച ബസ് റോഡരികിലെ മതിലിൽ ചേർത്തുനിർത്താൻ പോകുകയാണെന്നു രഞ്ജിത്ത് യാത്രക്കാർക്കു മുന്നറിയിപ്പ് നൽകി. ഇടതുവശം ചേർന്ന് ഒന്നിച്ചുനിൽക്കാനും ആവശ്യപ്പെട്ടു.
രഞ്ജിത്ത് കുമാറിന് ഉൾപ്പെടെ 11 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

