
മാലിന്യമുക്ത പ്രഖ്യാപനം ഗംഭീരമായി; മാലിന്യം വഴിയിൽതന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ നഗരസഭയെ മാലിന്യമുക്തമായി പ്രഖ്യാപിച്ചത് കടലാസിലൊതുങ്ങി. ജില്ലയെ ഇന്നു മാലിന്യമുക്തമായി പ്രഖ്യാപിക്കുകയാണ്. മാലിന്യമുക്ത നവകേരളം ക്യാംപെയ്ൻ ജില്ലാ കൺവീനർ കലക്ടറും ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാണ്. പ്രഖ്യാപനം കഴിഞ്ഞെങ്കിലും നഗരത്തിൽ പലസ്ഥലങ്ങളിലും മാലിന്യം മാറ്റാൻ നടപടിയില്ല. പ്രധാനയിടങ്ങളിൽ മാലിന്യം ഇടുന്നത് നിയന്ത്രിക്കാനായെങ്കിലും സ്വകാര്യഭൂമിയിലും നഗരഹൃദയത്തിൽനിന്ന് അകന്നു കിടക്കുന്ന സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് കൂടി.ഇതിൽ ഒരു നടപടിയുമെടുക്കാതെയാണ് ഒരാഴ്ച മുൻപ് നഗരസഭ മാലിന്യമുക്ത പ്രഖ്യാപനം നടത്തിയത്.
നഗരത്തിൽ ഏറ്റവുമധികം മാലിന്യം കോടിമതയിലെ എംജി റോഡിന്റെ വശങ്ങളിലാണ്. കോടിമതയിൽ ദുർഗന്ധം മൂലം മൂക്കുപൊത്താതെ നടക്കാൻ സാധിക്കുന്നില്ലെന്ന് മാർക്കറ്റിലെ ജീവനക്കാർ പറഞ്ഞു. നാഗമ്പടം സ്റ്റാൻഡിന് സമീപത്തും മണിപ്പുഴ ഈരയിൽക്കടവ് ബൈപാസിലും മുപ്പായിക്കാട് റോഡിലും മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. സപ്ലൈകോ സൂപ്പർമാർക്കറ്റിന് പിറകുവശം, പൈകടാസ് റോഡിലെ സ്വകാര്യ ഭൂമി, ടിബി റോഡ്– ചന്തക്കടവ് റോഡിലെ സ്വകാര്യ പുരയിടം തുടങ്ങിയ ഇടങ്ങളിലെയും മാലിന്യം നീക്കാൻ നടപടിയില്ല.
നഗരസഭ മാലിന്യ നിർമാർജനത്തിന് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും പൂർത്തിയാക്കിയിട്ടില്ല. ഏറ്റവും വെല്ലുവിളി നേരിടുന്നത് ഡയപ്പറുകളും നാപ്കിനും സംസ്കരിക്കാൻ നടപടിയില്ലാത്തതാണ്. വലിച്ചെറിയുന്ന മാലിന്യത്തിൽ ഇവ ഒട്ടേറെയുണ്ട്. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതിയും നടപ്പായില്ല. നഗരത്തിലെ മലിനജലം മീനച്ചിലാറ്റിലേക്കും കൊടൂരാറ്റിലും ഒഴുക്കി വിടുന്നത് തടയുന്നതിനും നടപടിയില്ല.