കോട്ടയം ∙ കുട്ടിക്രിക്കറ്റിന്റെ കിരീടത്തിളക്കത്തിൽ ഇന്ത്യ അഭിമാനം കൊള്ളുമ്പോൾ കോട്ടയം കീഴുക്കുന്ന് സോനാവില്ല വാക്കപ്പറമ്പിൽ വീട്ടിൽ എക്സ്ട്രാ സന്തോഷം. സോനാവില്ല വീട്ടിലെ വി.ജെ.തോമസിന്റെയും സാറാ ജോർജിന്റെയും മകൾ പ്രീതി സൂസൻ വർഗീസിന്റെ മകനാണ് അണ്ടർ 19 ഇന്ത്യൻ ടീം ഓപ്പണിങ് ബാറ്റർ ആരോൺ ജോർജ്. പ്രീതിയുടെയും മാവേലിക്കര തറയിൽ ഈശോ വർഗീസിന്റെയും മകനായ ആരോൺ ജനിച്ചതു കോട്ടയത്താണെങ്കിലും വളർന്നത് ഹൈദരാബാദിലാണ്. അച്ഛൻ ഈശോ ഹൈദരാബാദ് പൊലീസിൽ എസ്ഐയായിരുന്നു.
നാലു വയസ്സുള്ളപ്പോൾ പ്ലാസ്റ്റിക് ബാറ്റ് ഉപയോഗിച്ചു ഒരു പതർച്ചയുമില്ലാതെ ക്ലാസിക് സ്ട്രെയ്റ്റ് ഡ്രൈവ് ചെയ്യുന്ന ആരോണിൽ ഒരു ക്രിക്കറ്റ് താരത്തെ അച്ഛൻ ഈശോ തിരിച്ചറിഞ്ഞു.
ആറാം വയസ്സിൽ കളി തുടങ്ങിയ ആരോൺ, ജൂനിയർ തലത്തിൽ ഹൈദരാബാദ് ടീമിലും തുടർന്ന് ഇന്ത്യൻ ടീമിലും എത്തി. അണ്ടർ 16 ഇന്ത്യൻ ടീം ക്യാപ്റ്റനുമായി.
മകനു വേണ്ടി അച്ഛൻ ഈശോ ജോലി ഉപേക്ഷിച്ചു. തുടർന്ന് നോക്കിയയിൽ ആന്റി ഫ്രോഡ് ഡിവിഷനിൽ ജോലിക്ക് കയറി.
മകനൊപ്പം യാത്ര ചെയ്യാൻ വർക് അറ്റ്ഹോം സൗകര്യമുള്ള ഈ ജോലി വഴി ഈശോയ്ക്ക് സാധിക്കുന്നു. ഹൈദരാബാദ് മല്ലാപ്പുരിലാണ് ആരോണും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.
ബികോം ഒന്നാം വർഷ വിദ്യാർഥിയാണ് ആരോൺ. ഏക സഹോദരി അനന്യ ഗോദ്റെജ് റിയൽ എസ്റ്റേറ്റിൽ അസിസ്റ്റന്റ് ലീഗൽ അഡ്വൈസറാണ്.
എംജി സർവകലാശാലയിൽനിന്നു ജോയിന്റ് റജിസ്ട്രാറായി വിരമിച്ചവരാണ് തോമസുംസാറയും.
രണ്ട് വർഷം മുൻപാണ് ആരോൺ കോട്ടയത്ത് എത്തിയത്. ആരോൺ ബാറ്റ് ചെയ്യുമ്പോൾ തോമസിനും സാറയ്ക്കും ടെൻഷനാണ്; എന്നാൽ ആരോണിന് ഒരു ടെൻഷനുമില്ലെന്ന് ഇരുവരും പറയുന്നു. ലോകകപ്പ് സെമിയിൽ അഫ്ഗാൻ ഉയർത്തിയ 311 എന്ന മികച്ച സ്കോർ ആരോണിന്റെ സെഞ്ചറി (115) മികവിലാണ് ഇന്ത്യ മറികടന്നത്. സെമിയിലെ പ്ലെയർ ഓഫ് ദ് മാച്ചും ആരോണായിരുന്നു.
സെഞ്ചറി അടിച്ച ശേഷം ആരോൺ വിളിച്ചിരുന്നു. രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലേക്ക് ആരോൺ എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

