കാഞ്ഞിരപ്പള്ളി ∙ ആരോഗ്യ സംരക്ഷണത്തിനു ഉത്തമം കൃഷിയും കളിയുമെന്നു തെളിയിക്കുകയാണ് ഈ സംഘം. കത്തലാങ്കൽപ്പടി സ്വദേശികളായ അയൽവാസികളായ 8 പേർ ചേർന്നു 10 വർഷം മുൻപാണ് കളിക്കൊപ്പം കൃഷിയും തുടങ്ങിയത്.
വ്യത്യസ്ത ജോലി ചെയ്തു ജീവിക്കുന്ന സുഹൃത്തുക്കളായ ഇവരിൽ ഓട്ടോ ഡ്രൈവർ മുതൽ സൂപ്പർ മാർക്കറ്റ് മാനേജർ വരെയുണ്ട് . രാവിലെ വ്യായാമത്തെ ക്കുറിച്ചു ചിന്തിച്ചപ്പോൾ സമീപത്തെ 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്തു.ഒരു ബാഡ്മിന്റൻ കോർട്ട് നിർമിച്ച ശേഷം സ്ഥലം പിന്നെയും ബാക്കി. ഇവിടെ കൃഷി കൂടി പരീക്ഷിക്കാമെന്നു തീരുമാനിച്ചു.
കപ്പ, ചേന, വഴുതന, കോവൽ എന്നിവ നട്ടു. ഒരു പറമ്പിൽ കളിയും കൃഷിയും സംയുക്തമായി കൊണ്ടുപോകുന്ന ഇവർ കൃഷി ഭൂമി എന്ന പേരിൽ വാട്സാപ് കൂട്ടായ്മയും ആരംഭിച്ചു.
ദിവസവും ജോലിക്കു പോകും മുൻപ് രാവിലെ 6 മുതൽ 7.30 വരെ കൃഷിപ്പണി, അല്ലെങ്കിൽ ഷട്ടിൽ ബാഡ്മിന്റൻ കളി. അങ്ങനെ 10 വർഷമായി കൃഷിയും കളിയും മുടങ്ങാതെ തുടർന്നപ്പോൾ ആരോഗ്യത്തിനൊപ്പം പറമ്പിലും നൂറുമേനി.
പൂർണമായും ജൈവക്കൃഷിയിൽ വിളഞ്ഞ 1100 മൂട് കപ്പയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം തുടങ്ങി.
ശനിയാഴ്ച 250 മൂട് കപ്പ വിളവെടുത്തു ഇൻഫാമിനു നൽകി.ഓട്ടോ ഡ്രൈവർമാരായ ഇലവുങ്കൽപറമ്പിൽ തോമസുകുട്ടി, വടക്കേടത്ത് വി.എസ്.രാജപ്പൻനായർ, കേബിൾ ടിവി ഓപ്പറേറ്റർ നടുവിലാത്ത് എൻ.സി.രാജീവ്, മെഡിക്കൽ റപ്രസന്റേറ്റീവ് കാട്ടൂപ്പറമ്പിൽ കെ.എസ്.ജയരാജ്, സുലഭ സൂപ്പർ മാർക്കറ്റ് മാനേജർ ഗണപതിപ്ലാക്കൽ ഡയസ് സെബാസ്റ്റ്യൻ, സേവന ടെയ്ലേഴ്സ് ഉടമ മേലേതിൽ രാജേഷ് സേവന, തയ്യൽ മെഷീൻ മെക്കാനിക് കുടിലംപ്ലാക്കൽ അനിൽ കുമാർ, ബിസിനസ്സുകാരനായ ജോബി ഇളംതോട്ടം എന്നിവരാണ് കൂട്ടായ്മയിലുള്ളത്. കപ്പ വിളവെടുക്കുമ്പോൾ സമീപ വീടുകളിൽ സൗജന്യമായും നൽകും.
കൃഷിയിൽ നിന്നു ലഭിക്കുന്ന ചെറിയ വരുമാനം വർഷത്തിലൊരിക്കലുള്ള വിനോദ യാത്രയ്ക്കായി ഉപയോഗിക്കുമെന്നും ഇവർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]