
നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ജീപ്പുകൊണ്ട് ഇടിച്ചുനിർത്തിയ പ്ലാന്റർ; രക്ഷിച്ചത് 105 പേരുടെ ജീവൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളിയുടെ കരളുറപ്പിന്റെ പ്രതീകം ടി.ജെ. കരിമ്പനാൽ (87) ഇനി ഓർമകളിൽ ധീരതയുടെ സ്മാരകം. കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ ബസ് ജീപ്പ് കൊണ്ട് ഇടിച്ചു നിർത്തി 105 പേരുടെ ജീവൻ രക്ഷിച്ച മനക്കരുത്തിന്റെ പേരാണ് ടി.ജെ.കരിമ്പനാൽ എന്ന അപ്പച്ചൻ കരിമ്പനാൽ.1986 നവംബറിൽ, പ്ലാന്ററായിരുന്ന ടി.ജെ.കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിറ്ററിയിൽനിന്നു ലേലത്തിൽ വാങ്ങിച്ച ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെകെ റോഡിൽ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോൾ മുന്നിൽ പോകുന്ന കെഎസ്ആർടിസി ബസിൽനിന്നു യാത്രക്കാരുടെ നിലവിളികൾ കേട്ടു.
നിറയെ ശബരിമല തീർഥാടകരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് പോയതാണെന്നു മനസ്സിലായി. ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ചിന്തിച്ചു കളഞ്ഞില്ല. അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുൻസീറ്റിൽ വരാൻ പറഞ്ഞു. തുടർന്നു ടി.ജെ. ബസിനെ ഓവർടേക്ക് ചെയ്തു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന ടി.ജെ. കരിമ്പനാൽ ജീപ്പ് ബസിനു മുന്നിൽക്കയറ്റിയ ശേഷം 4 വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു.
ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു. കുമളിയിൽനിന്ന് എരുമേലിയിലേക്കു തീർഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസായിരുന്നു അത്. തിരുവനന്തപുരം സിഇടി കോളജിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് പഠനം കഴിഞ്ഞ് ടി.ജെ. കരിമ്പനാൽ ജർമനിയിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. സഹോദരന് അപകടം ഉണ്ടായതോടെ ഒരു വർഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്കു മടങ്ങി. കോളജ് പഠനകാലം മുതലേ കൃഷിയിൽ താൽപര്യമുണ്ടായിരുന്ന ടിജെ പിന്നീടു മുഴുവൻസമയ പ്ലാന്ററായി. സംസ്കാരം നാളെ രാവിലെ 10.30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ.