ശബരിപാത വരുന്നു എന്ന വാർത്ത ഇടുക്കി ജില്ലയ്ക്കും കോട്ടയം ജില്ലയുടെ മലയോര മേഖലയ്ക്കും പുതിയ പ്രതീക്ഷ. തീർഥാടകർക്കു മാത്രമല്ല ഈ റെയിൽപാത പ്രയോജനപ്പെടുന്നത്, 2 ജില്ലകളിലെ വിവിധ മേഖലകൾക്കു കൂടിയാണ്.
ഇടുക്കിയുടെ സമഗ്രവികസനം
∙ റെയിൽപാത ഇടുക്കി ജില്ലയിലേക്കുമെത്തും.
∙ ടൂറിസം വികസനം, ചരക്കു നീക്കം, സുഗന്ധവ്യഞ്ജന കച്ചവടം തുടങ്ങിയവയ്ക്കു പുതുപാത. ∙ മൂന്നാറിലേക്കുള്ള സഞ്ചാരികൾക്കു നെടുമ്പാശേരിയിൽ നിന്ന് തൊടുപുഴയിലേക്കു ട്രെയിനിൽ എത്താൻ സാധ്യത തെളിയും.
∙ തേക്കടി, രാമക്കൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികൾക്കും പാത പ്രയോജനപ്പെടും. പാറത്തോട്ടിൽ ദേശീയപാതയ്ക്ക് അരികെ വരുന്ന കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷനിൽ നിന്നു തേക്കടി, കുമളി പ്രദേശത്തേക്കു യാത്ര നടത്താം.
∙ സുഗന്ധ വ്യഞ്ജനങ്ങളുടെ സൂപ്പർ മാർക്കറ്റായ ഇടുക്കിയിൽ നിന്ന് ഏലയ്ക്ക, തേയില ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ രാജ്യത്തേക്കും വിദേശത്തേക്കും കയറ്റുമതിക്കായി എത്തിക്കാനും പാത സഹായിക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന കേന്ദ്രമായ നെടുങ്കണ്ടം, കട്ടപ്പന, കുമളി മേഖലയിൽ നിന്നു കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷനിലേക്കും തേയിലയുടെ പ്രധാന കേന്ദ്രമായ മൂന്നാർ മേഖലയിൽ നിന്നു തൊടുപുഴ സ്റ്റേഷനിലേക്കും സാധനങ്ങൾ എത്തിക്കാം.
∙ ഭാവിയിൽ പത്തനംതിട്ട വഴി കഴക്കൂട്ടത്തേക്കു പാത നീട്ടിയാൽ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളും ഇടുക്കിക്കു മുന്നിൽ റെയിൽ മാർഗം തുറക്കും.
∙ നിർമാണ മേഖലയുടെ വളർച്ചയ്ക്കും ഗുണം. പരിസ്ഥിതിലോല പ്രദേശമായതിനാൽ പലയിടത്തും ക്വാറികൾ പ്രവർത്തിക്കുന്നത് അധികൃതർ വിലക്കിയിട്ടുണ്ട്.
ഇതിനു പകരം മറ്റിടങ്ങളിൽ നിന്ന് നിർമാണ സാധനങ്ങൾ വലിയ തോതിൽ ജില്ലയിൽ എത്തിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ∙ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം, റൈഫിൾ ക്ലബ് എന്നിവയുള്ള തൊടുപുഴയ്ക്ക് റെയിൽപാത ലഭിച്ചാൽ സ്പോർട്സ് ഹബ്ബായി വളരാനുള്ള സാധ്യതകളുണ്ട്.
കോട്ടയവും വളരും
∙ റെയിൽപാത വന്നാൽ എരുമേലി കൂടുതൽ വികസിക്കും.
ശബരിമല തീർഥാടകർക്ക് എരുമേലിയിലേക്ക് ട്രെയിനിൽ നേരിട്ട് എത്താൻ സാധിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നു ശബരിമല സ്പെഷലുകൾ ഇവിടേക്ക് എത്തും.
∙ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ റബർ അടക്കമുള്ള നാണ്യവിളകൾക്കു റെയിൽ പദ്ധതി ഗുണം. കയറ്റുമതി വർധിപ്പിക്കാൻ റെയിൽപാത സഹായിക്കും.
∙ ഭരണങ്ങാനത്തെ അൽഫോൻസ തീർഥാടന കേന്ദ്രം, കടപ്പാട്ടൂർ ക്ഷേത്രം ഉൾപ്പെടെ വിവിധ തീർഥാടന കേന്ദ്രങ്ങൾ റെയിൽവേ സ്റ്റേഷനുകൾക്ക് അടുത്തുണ്ട്. ഇത് ഒരു തീർഥാടന സർക്കീറ്റ് സാധ്യത തുറക്കുന്നു.
∙ വിദ്യാഭ്യാസ ഹബ്ബായ പാലാ പട്ടണത്തിന് അടുത്ത് റെയിൽവേ സ്റ്റേഷൻ എത്തുന്നതു കൂടുതൽ ആൾക്കാർക്ക് പ്രയോജനപ്പെടും. ∙ ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കടുത്ത് സ്റ്റേഷനുകൾ വരുന്നതും ഗുണം ചെയ്യും.
ശബരി റെയിൽപാത നടപടികൾ ഇതുവരെ;
ഇനി വേണ്ടത്:
ശബരിപാത പദ്ധതിക്ക് പച്ചക്കൊടി വീശുകയാണ് അധികൃതർ.
എങ്കിലും പൂർത്തിയാക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. ശബരിമല വിമാനത്താവളം പദ്ധതിയുടെ കാര്യത്തിലും പ്രതീക്ഷകൾ പച്ചപിടിച്ചു നിൽക്കുകയാണ്.
ഇതുവരെ സംഭവിച്ച 5 കാര്യങ്ങൾ
1.
എറണാകുളം ജില്ലയിലെ അങ്കമാലി മുതൽ കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷൻ വരെ സ്ഥലമേറ്റെടുത്ത് കല്ലിട്ടു. 2.
കാലടി വരെ റെയിൽപാത നിർമിച്ചു. 3.
കാലടി സ്റ്റേഷൻ പൂർത്തിയാക്കി. 4.
ആകാശ സർവേ നടത്തി റെയിൽപാതയുടെ പ്രാഥമിക അലൈൻമെന്റ് തയാറാക്കി. 5.
നിർമാണച്ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാന സർക്കാർ തയാറായതോടെ ശബരി റെയിൽ പദ്ധതി വീണ്ടും മുന്നോട്ട്.
ഇനി പൂർത്തിയാക്കേണ്ട 18 കാര്യങ്ങൾ
1.
ബാക്കിയുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണം. 2.
സ്ഥലമേറ്റെടുപ്പ് ഓഫിസ് തുറക്കണം. റവന്യു ജീവനക്കാരെ നിയോഗിക്കണം.
3. മൂവാറ്റുപുഴ, പാലാ ഓഫിസുകളാണ് മുൻപ് കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലമേറ്റെടുപ്പിനായി പ്രവർത്തിച്ചിരുന്നത്.
ഇവ വീണ്ടും ആരംഭിക്കണം. 4.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സർവേ നടത്തിയ വില്ലേജുകളിൽ സാമൂഹികാഘാത പഠനം നടത്തണം. 5.
ബാക്കി വില്ലേജുകളിൽ സർവേ ആരംഭിക്കണം. 6.
ഭൂമി ഏറ്റെടുക്കലിനായി ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുള്ള അവകാശ നിയമം – 2013 പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുന്നത്. 7.
സാമൂഹികാഘാത പഠനവും അതിന്മേലുള്ള ഹിയറിങ്ങുകളും പൂർത്തിയായി അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു ശേഷം 11(1) വിജ്ഞാപനം ഇറക്കും. 8.
ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ ഏകദേശ വിസ്തീർണം, വസ്തു ഉടമകളുടെ പേര്, വിലാസം ഉൾപ്പെടെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.
9. ഇതിനു ശേഷം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം ഉടമകൾക്കും സമീപത്തെ വസ്തു ഉടമകൾക്കും നോട്ടിസ് നൽകി ഏറ്റെടുക്കേണ്ട
സ്ഥലം അളന്നു തിട്ടപ്പെടുത്തും. 10.
ഓരോ കാറ്റഗറി തിരിച്ച് സ്ഥലങ്ങളുടെ മൂല്യം കണക്കാക്കും. നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന ജോലി തുടരും.
11. നഷ്ടപരിഹാര പാക്കേജ് അനുസരിച്ച് റവന്യു വകുപ്പ് സർക്കാരിലേക്ക് ആവശ്യമായ പണത്തിനുള്ള അപേക്ഷ സമർപ്പിക്കും.
12. പണം ലഭ്യമായ ശേഷം 19 (1) വിജ്ഞാപനം ഇറക്കും.
ഏറ്റെടുക്കേണ്ട ഓരോ ഭൂമിയുടെയും കൃത്യമായ അളവ് അടക്കമാണ് ഈ വിജ്ഞാപനം.
13. ഓരോ സ്ഥലം ഉടമയ്ക്കും നോട്ടിസ് നൽകി വിളിച്ചുവരുത്തി ഹിയറിങ് നടത്തും.
14. അവരുടെ ആധാരങ്ങൾ, ഉടമസ്ഥാവകാശം എന്നിവ പരിശോധിച്ച് നഷ്ടപരിഹാരത്തുക ഉടമകളുടെ അക്കൗണ്ടിലേക്കു കൈമാറും.
15. തർക്കമുള്ള കേസുകളിൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കും.
16. 11(1) വിജ്ഞാപനം ഇറങ്ങിയ ശേഷം ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കണമെന്നാണ് ചട്ടം.
17. സ്ഥലം ഏറ്റെടുത്ത് റെയിൽവേക്കു കൈമാറിയാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
18. നടപടികൾ തടസ്സമില്ലാതെ നീങ്ങിയാൽ 2 വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

