കോട്ടയം ∙ തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ പരിശോധന. കോട്ടയം, ചങ്ങനാശേരി സ്റ്റേഷനുകളിലാണു പരിശോധന നടത്തിയത്.
റെയിൽവേ പൊലീസ്, റെയിൽ സുരക്ഷാസേന, അഗ്നിരക്ഷാ സേന എന്നിവർ സംയുക്തമായാണു പരിശോധന നടത്തിയത്.
കോട്ടയം സ്റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിങ് കേന്ദ്രത്തിലാണു പരിശോധന നടത്തിയത്. വൈദ്യുത വിതരണ ലൈനുകളും പാർക്കിങ് കേന്ദ്രവും തമ്മിലുള്ള ദൂരം, സിസിടിവി ഇല്ലാത്ത സ്ഥലങ്ങൾ, ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഇല്ലാത്ത ഭാഗങ്ങൾ എന്നിവയാണ് പരിശോധിച്ചത്.
അപകടസാഹചര്യമില്ലെന്ന് സംഘം വിലയിരുത്തി. സമീപത്തെ വൈദ്യുത വിതരണ ലൈനുകൾ കേബിളായി മാറ്റുക, കൂടുതൽ സിസിടിവികൾ സ്ഥാപിക്കുക, അഗ്നിരക്ഷാ ഉപകരണങ്ങൾ പാർക്കിങ് കേന്ദ്രത്തിൽ ഘടിപ്പിക്കുക തുടങ്ങിയ ശുപാർശ റെയിൽവേയ്ക്കു നൽകും.
പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാനും റെയിൽവേ പൊലീസ് തീരുമാനിച്ചു.
ചങ്ങനാശേരിയിൽ നടത്തിയ പരിശോധനയിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ വേണ്ടത്ര ഇല്ലെന്നു കണ്ടെത്തി. ഗുഡ്സ് ഷെഡ് റോഡിനു സമീപത്തെ ട്രാക്കിൽ കാടു കയറി. പാർക്കിങ് ഏരിയയുടെ ഒരു ഭാഗത്തും കാടുണ്ട്.
ഇവ ഒഴിവാക്കണമെന്നു നിർദേശിച്ചു. അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാൻ റെയിൽവേയ്ക്കു നിർദേശം നൽകി.
‘റെയിൽവേ സ്റ്റേഷനുകളിൽ ഫയർ ഓഡിറ്റ് നടത്തും’
അഗ്നിരക്ഷാസേനയുടെ സഹായത്തോടെ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഫയർ ഓഡിറ്റ് നടത്തുമെന്നു കേരള റെയിൽവേ പൊലീസ്.
തീയണയ്ക്കാനുള്ള സംവിധാനം പാർക്കിങ് സ്ഥലങ്ങളിലോ സ്റ്റേഷനുകളിലോ ഇല്ലെന്നു സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തിയ സാഹചര്യത്തിലാണിത്. തീയണയ്ക്കുന്നതിൽ ജീവനക്കാർക്കു പരിശീലനം നൽകുമെന്നും റെയിൽവേ എസ്പി കെ.എസ്.ഷഹൻഷാ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

