
വടക്കുപുറത്തു പാട്ട്; മൂന്നാം ദിനം എതിരേൽപ് ഭക്തിസാന്ദ്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് മൂന്നാം ദിവസം നടന്ന എതിരേൽപ് ഭക്തിസാന്ദ്രം. ശ്രീ മൂല സ്ഥാനമായ കൊച്ചാലും ചുവട്ടിലെ വിശേഷാൽ പൂജകൾക്കു ശേഷം കൊടുങ്ങല്ലൂർ ഭഗവതിയെ ആനപ്പുറത്ത് എഴുന്നള്ളിച്ചു. ഉദയനാപുരം ഹരിയുടെ പ്രമാണത്തിൽ 60ൽ പരം കലാകാരൻമാർ പങ്കെടുത്ത പാണ്ടിമേളവും വ്രതമെടുത്ത് കുത്തു വിളക്കെടുത്ത 117 സ്ത്രീകളും അകമ്പടിയായി.
വൈക്കത്തപ്പന്റെ അത്താഴ ശ്രീബലി ആദ്യ പ്രദക്ഷിണം നാലമ്പലത്തിന്റെ വടക്കു വശത്ത് എത്തിയപ്പോൾ അവിടെയെത്തിയ ദേവിയും ഒന്നിച്ച് പ്രദക്ഷിണം പൂർത്തിയാക്കി വൈക്കത്തപ്പൻ ശ്രീകോവിലിലേക്കും ദേവി കളത്തിലേക്കും പ്രവേശിച്ചു. വൈക്കത്തപ്പന്റെ നടയടച്ച ശേഷം കളത്തിൽ വിശേഷാൽ പൂജകൾ നടത്തി കളംപാട്ട് ആരംഭിച്ചു. പുതുശ്ശേരി ഗോപാലകൃഷ്ണ കുറുപ്പ്, വെച്ചൂർ രാജേഷ്, അമ്പലപ്പുഴ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ കളംപാട്ട് നടത്തി കളം മായ്ച്ചു.കളം വരച്ച പൊടി ഭക്തർക്കു പ്രസാദമായി വിതരണം ചെയ്തു.
വടക്കുപുറത്തു പാട്ട് കോടിയർച്ചന- ഇന്ന്
രാവിലെ 4.30നു കലശപൂജ, 5.30ന് സൂക്താർച്ചന, 6മുതൽ 8.30വരെ കോടിയർച്ചന, 8 മുതൽ 9വരെ ദേവീപൂജ, 8.30ന് കലശാഭിഷേകം, 9.30 മുതൽ 11.30 വരെ കോടിയർച്ചന, 9 മുതൽ 11.30 വരെയും, വൈകിട്ട് 3.30 മുതൽ രാത്രി 10 വരെയും വടക്കുപുറത്തുപാട്ട് കളം ദർശനം. 5ന് താലപ്പൊലി വരവ്, 4.30 മുതൽ 7.30 വരെ കോടിയർച്ചന, 6.15നു കളത്തിൽ തിരി ഉഴിച്ചിൽ, 7.30ന് വാരം ഇരിക്കൽ, വേദസ്തുതി (അകത്ത് മണ്ഡപത്തിൽ), 8ന് കൊച്ചാലും ചുവട്ടിൽനിന്നു എതിരേൽപ് വൈക്കം ഹരിഹരയ്യർ, ടി.വി.പുരം അനിരുദ്ധൻ എന്നിവരുടെ നാഗസ്വരം, 10ന് കളം പാട്ട് തുടർന്ന് കളം മായ്ക്കൽ.
തിരുവരങ്ങിൽ ഇന്ന്
12ന് വൈക്കം ശിവകൃപ ഭജൻസിന്റെ ഭജൻസ്, 1ന് മാള ശ്രീദേവി കലാക്ഷേത്രം അവതരിപ്പിക്കുന്ന തിരുവാതിര, 1.30ന് കുമ്പളം സഞ്ജീവനി തിരുവാതിര സംഘത്തിന്റെ തിരുവാതിര, 2ന് തൃപ്പൂണിത്തുറ അംബിക വിശ്വനാഥന്റെ പ്രഭാഷണം, 3ന് വൈക്കം രമ്യ കൃഷ്ണൻ ഗോപിക ജി.നായർ, ഗൗരി കൃഷ്ണൻ എന്നിവർ അവതരിപ്പിക്കുന്ന തുള്ളൽ ത്രയം.