കോട്ടയം∙ ഇടിച്ചക്ക കിട്ടാനില്ല, മൂത്ത ചക്ക മുൻവർഷത്തെക്കാൾ കൂടുതൽ ലഭ്യം. പൾപ്പ് ഉണ്ടാക്കാൻ എടുക്കുന്നതിനാൽ കൂഴച്ചക്കയ്ക്കും നല്ല ഡിമാൻഡ്.
ജില്ലയിലെ ചക്ക വിപണിയെ കുരുവും ചുളയുമായി ഇങ്ങനെ അടർത്തിപ്പറയാം. ഇടിച്ചക്കയ്ക്ക് കിലോയ്ക്ക് 20 രൂപവരെ മൊത്ത വിലയുണ്ട്.
മൂത്ത ചക്കയ്ക്ക് കിലോയ്ക്ക് 15 രൂപവരെ വില. അതേസമയം ചില പ്രത്യേക ഇനം ചക്കകൾക്ക് ചില ഫാമുകളിൽ 50 രൂപവരെ വില നൽകണം.
ജില്ലയിലെ ഒരു സംഭരണ കേന്ദ്രത്തിൽ നിന്ന് ഒരാഴ്ച കൊണ്ട് ശരാശരി 500 ടൺ വരെ ഇടിച്ചക്ക പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ 200 ടണ്ണേ പോകുന്നുള്ളൂ. ഇടിച്ചക്ക കൂടുതലും കാലടിയിലേക്കാണ് കൊണ്ടുപോകുന്നത്.
അവിടെ നിന്ന് പട്ന, സിലിഗുരി, കാൻപുർ, ഭോപാൽ എന്നിവിടങ്ങളിലേക്കെല്ലാം ഇടിച്ചക്ക കയറ്റി അയയ്ക്കുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇടിച്ചക്ക ലഭ്യത ഈ വർഷം കുറഞ്ഞതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സലേഷ് ആന്റണി പറഞ്ഞു. നാടൻ ഇടിച്ചക്കയ്ക്കാണ് ഡിമാൻഡ് കൂടുതൽ.
അതേസമയം വിയറ്റ്നാം ഏർലി പോലുള്ള ഹൈബ്രിഡ് ഇനങ്ങളാണ് എപ്പോഴും ലഭ്യമായുള്ളത്. രണ്ടു മൂന്നു വർഷത്തിനുള്ളിൽ വിള ലഭിക്കുമെന്നതിനാൽ ഈ ഇനങ്ങൾ നടുന്നതാണ് ലാഭകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്ഥലം കുറവുള്ളവർ മൂന്നും നാലും പേർ ചേർന്ന് ഗ്രൂപ്പായി കൃഷി നടത്തുന്നതും വിളവ് വിൽക്കുന്നതുമാണ് കൂടുതൽ ലാഭകരം. 25 സെന്റുള്ള നാലു പേർ ചേർന്നാൽ ഒരേക്കർ കൃഷിയാകും.
വിളവെടുക്കാൻ വരുന്നവർക്ക് അഞ്ചു കിലോമീറ്ററിനുള്ളിൽ നിന്ന് ആവശ്യത്തിന് ഇടിച്ചക്ക ലഭ്യമാക്കാനും ഇത് ഉപകരിക്കും.
മൂല്യവർധിത സ്വാദ്
ഇടിച്ചക്ക കുറഞ്ഞെങ്കിലും മൂത്ത ചക്ക ഈ വർഷം ഡിസംബർ മുതലേ കിട്ടിത്തുടങ്ങിയെന്ന് നീലൂർ പ്രൊഡ്യൂസർ കമ്പനിയിലെ ചെയർമാൻ മത്തച്ചൻ ഉറമ്പുക്കാട്ട് ചൂണ്ടിക്കാട്ടി. മൂല്യവർധിത ഉൽപന്നങ്ങളാണ് ചക്ക വിപണിയുടെ കാതൽ.
പൾപ്പ് ഉണ്ടാക്കുന്നതിനാൽ കൂഴച്ചക്കയ്ക്കും നല്ല ഡിമാൻഡാണ്. ഈ പൾപ്പ് ഉപയോഗിച്ച് കുമ്പിളപ്പം നിർമിക്കുന്നുണ്ട്.
നീലൂരിൽ നിന്നു മാത്രം സമീപ പ്രദേശങ്ങളിലെ ബേക്കറികളിലേക്ക് പ്രതിദിനം നാലായിരത്തിലധികം കുമ്പിളപ്പം ഉണ്ടാക്കി നൽകുന്നുണ്ട്. 15 രൂപയാണ് ഒരു അപ്പത്തിന്റെ വില.
ഡിമാൻഡിന്റെ അത്രയും നൽകാൻ കഴിയുന്നില്ലെന്ന് കമ്പനി സൂപ്പർവൈസർ പത്മിനി പറഞ്ഞു.
ഉണങ്ങിയാലും വില
സിന്ദൂരം പോലുള്ള ചക്ക ഡ്രയറിൽ ഉണങ്ങി നൽകിയാൽ ആയിരങ്ങളാണ് വില. കിലോയ്ക്ക് 2500 രൂപയ്ക്കാണ് താൻ വിൽക്കുന്നതെന്ന് ചക്കാമ്പുഴയിലെ വി.എ തോമസ് പറഞ്ഞു.
വാക്വം ഫ്രയർ ഉപയോഗിച്ചാൽ രുചി വ്യത്യാസം തീരെ ഉണ്ടാകില്ലെന്നും അനുഭവം. ചക്ക അരിഞ്ഞു വറുത്ത് നൽകുന്നതിനും നല്ല ഡിമാൻഡാണ്.
ചക്കക്കുരു പൊടി, ചക്ക ഹൽവ, ചക്കപ്പൊടി തുടങ്ങിയ ഉൽപന്നങ്ങളെല്ലാം നല്ല വിലയ്ക്കു വിൽക്കാൻ കഴിയും.
ചക്കച്ചുള ഫ്രീസ് ചെയ്ത് വർഷത്തോളം സൂക്ഷിക്കുന്നവരുമുണ്ട്. ഇതിന് വിദേശത്തും ആവശ്യക്കാർ ഏറെ.
നല്ല ഇനം ചക്കത്തൈകൾ ഉൽപാദിപ്പിച്ചു നൽകുന്നതും ഏറെ ലാഭകരമാണ്. ചക്കയുടെ വിപണി സാധ്യതയെക്കുറിച്ച് കർഷകർക്ക് ഇടയിൽ ധാരണ വർധിച്ചതിനാൽ തൈകൾക്കും ഡിമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

