
ഏറ്റുമാനൂർ ∙ വീൽചെയറിൽ ക്ഷേത്രാങ്കണത്തിലെത്തിയ ഗൗരിയും പത്മകുമാറും ഏറ്റുമാനൂരപ്പനെ തൊഴുതു വണങ്ങിയപ്പോൾ ഇരുവരുടെയും കണ്ണുകളിൽ നിറഞ്ഞൊഴുകി. വർഷങ്ങൾക്കു ശേഷം ഏറ്റുമാനൂർ ക്ഷേത്ര കൊടിമരച്ചുവട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും.
ക്ഷേത്രത്തിൽ നിർമിച്ച റാംപുകളിലൂടെ വീൽ ചെയറിന്റെ സഹായത്തോടെ ഏറ്റുമാനൂർ ക്ഷേത്രദർശനം നടത്തിയ ആദ്യ ഭക്തരാണ് ഗൗരിയും പത്മകുമാറും. ചെറുപ്രായത്തിൽ അമ്മ ആശയുടെ ഒക്കത്തിരുന്ന് ഏറ്റുമാനൂരപ്പനെ തൊഴുതു വണങ്ങിയ ഓർമ മാത്രമേ ഇരുപത്തിമൂന്നുകാരിയായ ഗൗരിക്കുള്ളൂ. അപൂർവ രോഗത്തെത്തുടർന്ന് നടക്കാനാവാതെ വന്ന ഗൗരിയെ 10 വയസ്സ് വരെ അമ്മ ക്ഷേത്രദർശനത്തിനു കൊണ്ടുപോകുമായിരുന്നു.
വീൽചെയർ പ്രവേശിപ്പിക്കാൻ സംവിധാനമില്ലാതെ വന്നതോടെ പിന്നീട് ക്ഷേത്രത്തിനു പുറത്തുനിന്ന് പ്രാർഥിച്ചു മടങ്ങുകയായിരുന്നു പതിവ്.
ക്ഷേത്ര മുറ്റത്തെത്താൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണെന്നു ഗൗരി പറഞ്ഞു. 13 വർഷങ്ങൾക്ക് ശേഷം ക്ഷേത്രദർശനം സാധ്യമായതിന്റെ സന്തോഷത്തിലായിരുന്നു റിട്ട. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പത്മകുമാർ.പോളിയോ ബാധിച്ച് കാലുകൾക്ക് ബലക്ഷയം സംഭവിച്ചെങ്കിലും പത്മകുമാർ ക്ഷേത്ര ദർശനം നടത്തുമായിരുന്നു.
13 വർഷത്തിനു മുൻപ് ഒരു അപകടത്തിൽ പെട്ട് കാലിനു പരുക്കേറ്റതോടെ വീൽചെയറിന്റെ സഹായം ആവശ്യമായി വന്നു.
അന്നു മുതലാണ് ക്ഷേത്രദർശനം മുടങ്ങിയത്. റാംപുകളുടെ ഉദ്ഘാടനം ഇന്നലെ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.അഭിലാഷ് അധ്യക്ഷത വഹിച്ചു.ക്ഷേത്രം ഉപദേശക സമിതിയുടെ അഭ്യർഥന പ്രകാരമാണ് റാംപ് സംവിധാനം ഒരുക്കാൻ മന്ത്രി വി.എൻ.വാസവന് നിർദേശം നൽകിയത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.കെ.രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ, നഗരസഭ കൗൺസിലർമാരായ ഇ.എസ്.ബിജു, സുരേഷ് വടക്കേടം, മറ്റ് ഉപദേശക സമിതി അംഗങ്ങൾ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]