
കുറിച്ചി ∙ ശുചിത്വത്തിനും മാലിന്യനിർമാർജനത്തിനും സംസ്ഥാന സർക്കാരിന്റെ കായകൽപ പുരസ്കാരം നേടിയ കുറിച്ചി ഗവ. ഹോമിയോ ആശുപത്രി മാലിന്യം തള്ളൽ കേന്ദ്രമാകുന്നു.
ചുറ്റുമതിൽ പൂർത്തിയാക്കാത്ത ആശുപത്രി പരിസരത്തേക്കു റോഡിലൂടെ കടന്നു പോകുന്നവരാണു മാലിന്യം തള്ളുന്നത്. അഭിമാന കേന്ദ്രമായ ആശുപത്രിയിൽ അധികൃതരുടെ ശ്രദ്ധ കൂടുതൽ പതിയണമെന്ന് ആവശ്യം.
ചുറ്റുമതിൽ പാതിയിൽ
നാലു വർഷം മുൻപ് നിർമാണം തുടങ്ങിയ ആശുപത്രിയുടെ ചുറ്റുമതിൽ പാതി വഴിയിൽ നിലച്ചു.
അതിർത്തി തർക്കം മൂലമാണ് മതിൽ പൂർത്തിയാക്കാൻ സാധിക്കാത്തതെന്ന് ആശുപത്രി അധികൃതർ. പഴയ മതിൽ പൊളിച്ച് മാറ്റിയായിരുന്നു നിർമാണം.
മതിൽ പൂർത്തിയാകാത്ത ഭാഗത്ത് ആശുപത്രി വളപ്പിനുള്ളിലേക്കു ആളുകൾ വ്യാപകമായി മാലിന്യം തള്ളുന്നു. സാമൂഹികവിരുദ്ധർ മതിലില്ലാത്ത ഭാഗത്ത് കൂടെ അതിക്രമിച്ച് കടക്കുന്നു.
രാത്രി ആശുപത്രി പരിസരത്ത് സുരക്ഷാജീവനക്കാരുടെ സേവനമില്ലെന്നു രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
ശുദ്ധജല ക്ഷാമം
മഴക്കാലത്തു പോലും പലപ്പോഴും ആശുപത്രിയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. വേനൽ ആയാൽ ക്ഷാമം കടുക്കും.
മാറി മാറി കിണറുകൾ കുഴിച്ചിട്ടും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ശുദ്ധജലമില്ല. 2 വർഷം മുൻപ് തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് കുഴിച്ച കിണറും വേനൽ എത്തുമ്പോൾ വറ്റും. ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും അതു പര്യാപ്തമല്ല.
2 ഓവർ ഹെഡ് ടാങ്കുണ്ടെങ്കിലും ഒരെണ്ണം നോക്കുകുത്തിയായി.ആശുപത്രി വികസന സമിതിയുടെ (എച്ച്എംസി) ഫണ്ടിൽ നിന്നാണു ശുദ്ധജലം വിലയ്ക്കു വാങ്ങാൻ തുക നൽകുന്നത്. വലിയ തുകയാണു ഇത്തരത്തിൽ ചെലവഴിക്കുന്നത്.
ആശുപത്രി വികസനസമിതി ചേർന്നാണ് ശുദ്ധജലം വിതരണം ചെയ്യാനുള്ളയാളെ നിശ്ചയിക്കുന്നത്.
തീരുന്നില്ല പ്രശ്നങ്ങൾ
∙ ആശുപത്രി പരിസരം മുഴുവൻ കാടുകയറി. ഇഴജന്തുക്കളുടെ ശല്യം രൂക്ഷം.
∙ തെരുവുനായ ശല്യം വ്യാപകം. ഒപി കൗണ്ടറിലും വാർഡുകളിലും തെരുവുനായ്ക്കൾ ഓടി നടക്കുന്നു.
∙ ആശുപത്രി വളപ്പിനുള്ളിലെ വാഹന പാർക്കിങ്ങിനെച്ചൊല്ലി തർക്കം. ∙ കന്റീൻ പ്രവർത്തിക്കുന്നില്ല.
മികച്ച സേവനം
പരാധീനതകൾ ഉണ്ടെങ്കിലും ചികിത്സ തേടിയെത്തുന്നവർക്ക് ആശുപത്രിയിലുള്ള സേവനങ്ങൾ ചെറുതല്ല.
വന്ധ്യത നിവാരണ പദ്ധതിയായ ജനനി, സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയം, ലഹരിവിരുദ്ധ പദ്ധതിയായ പുനർജനി, കാൻസർ ഒപി, പാലിയേറ്റീവ് ഒപി, തൈറോയ്ഡ് ഒപി, ഫിസിയോതെറപ്പി തുടങ്ങിയ ചികിത്സയ്ക്കായി സമീപ ജില്ലകളിൽ നിന്ന് ആളുകളെത്തുന്നു. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതി വിഹിതത്തിലൂടെ പുതിയ അത്യാധുനിക സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
12 ഓളം ഒപിയും, ലബോറട്ടറി, സ്കാനിങ് സൗകര്യങ്ങളും ആശുപത്രിയിൽ ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]