
റവന്യു ടവറിൽ എല്ലാം പരസ്യമയം; സൂചനാ ബോർഡ് പോലും മറച്ച് സർവീസ് സംഘടനകളുടെ ബോർഡുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ മുന്നിലും പിന്നിലും പരസ്യം മാത്രം. റവന്യു ടവറിൽ കയറിയാൽ വഴി തെറ്റും. താലൂക്ക് ഓഫിസ്, മോട്ടർവാഹന വകുപ്പ് ഓഫിസ്, സിവിൽ സപ്ലൈസ് തുടങ്ങി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റവന്യു ടവറാണ് സർവീസ് സംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പരസ്യത്തിൽ മുങ്ങിപ്പോയത്. ഓഫിസുകൾ ഏതു നിലയിലാണെന്നറിയിക്കുന്ന സൂചനാ ബോർഡ് പോലും മറച്ചാണ് സർവീസ് സംഘടനയുടെ ബോർഡ് ചാരി വച്ചിരിക്കുന്നത്. ഓഫിസുകൾ കണ്ടുപിടിക്കാൻ ആളുകൾ പരക്കം പായുന്നു.
റവന്യു ടവറിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള ചുമർച്ചിത്രങ്ങളിലും പോസ്റ്റർ പതിച്ച് അലങ്കോലമാക്കി. ടവറിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും ബോർഡുകൾ തോന്നിയപോലെ തള്ളിയിരിക്കുകയാണ്. പരിസരത്ത് ബാനറുകളും കെട്ടിയിട്ടുണ്ട്. ശമ്പളം കിട്ടുന്നില്ല, പെൻഷൻ മുടങ്ങി തുടങ്ങിയ പരാതികളും പ്രതിഷേധങ്ങളും ഭിത്തിയിൽ എഴുതിയിരിക്കുകയാണ്. പ്രവേശന കവാടത്തിൽ സംഘടനകളുടെ കൊടികൾ സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ ഓഫിസുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന ചട്ടം പോലും ഇവിടെ പാലിക്കപ്പെടുന്നില്ല. അടുത്തയിടെ കുട്ടനാട് മിനി സിവിൽ സ്റ്റേഷനിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്തു മാതൃക കാട്ടിയിരുന്നു.