
കാലിസമ്പത്ത് കാലിയാകുന്നു; കോട്ടയം ജില്ലയുടെ കന്നുകാലി സമ്പത്തിൽ 38 ശതമാനം കുറവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജില്ലയിലെ കന്നുകാലിസമ്പത്തിൽ 38 ശതമാനം കുറവെന്നു കണക്ക്. മൃഗസംരക്ഷണ വകുപ്പിന്റെ 21ാം കന്നുകാലി സെൻസസിലാണു മുൻ സെൻസസിനെ അപേക്ഷിച്ച് 38 ശതമാനം കന്നുകാലികൾ കുറഞ്ഞതായി കണ്ടെത്തിയത്. 10 വർഷം മുൻപായിരുന്നു 20ാം സെൻസസ്. കുറവു കണ്ടെത്തിയ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ജില്ലാ മൃഗസംരക്ഷണ ഓഫിസറോട് റിപ്പോർട്ട് തേടി.
എണ്ണം കുറഞ്ഞതിന്റെ കാരണം കണ്ടെത്താൻ പഞ്ചായത്ത്, നഗരസഭ കീഴിലുള്ള വെറ്ററിനറി ആശുപത്രികൾ വഴി കാലി വളർത്തൽ നിർത്തിയ കർഷകരിൽനിന്നു വിവര ശേഖരണം തുടങ്ങി.കാലി വളർത്തലിൽ സംസ്ഥാനത്ത് 30 മുതൽ 40 ശതമാനം വരെ കുറവുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ കാലി വളർത്തലിൽ 1.06 ശതമാനം വർധനവുണ്ടായപ്പോൾ കേരളത്തിൽ മാത്രമാണ് കുറവുണ്ടായത്.
എണ്ണം കുറഞ്ഞതിന് കാരണം
തലമുറമാറ്റമാണു കന്നുകാലികളുടെ എണ്ണം കുറയാൻ കാരണമെന്നാണു പ്രാഥമിക കണ്ടെത്തൽ. 60 വയസ്സ് പിന്നിട്ട കർഷകർ കാലി വളർത്തൽ ഉപേക്ഷിച്ചു. പുതിയ തലമുറ ഇതിനോട് താൽപര്യം പ്രകടിപ്പിക്കുന്നില്ല. കാലിത്തീറ്റ വില വർധനയും ചെലവുകളും മറ്റൊരു കാരണമെന്നും പ്രാദേശിക വെറ്ററിനറി ഓഫിസുകൾ വഴി നടത്തിയ പ്രാഥമിക സർവേ റിപ്പോർട്ടിലുണ്ട്
താൽപര്യം ഓമനമൃഗങ്ങളോട്
ഓമനമൃഗങ്ങളെ വളർത്താനുള്ള താൽപര്യം വർധിച്ചെന്നു മൃഗസംരക്ഷണ വകുപ്പ്. വ്യത്യസ്ത ഇനം നായകൾ, പൂച്ചകൾ തുടങ്ങിയവയെ വളർത്തുന്നവരുടെ എണ്ണം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.