കോട്ടയം ∙ ആചാരപ്പെരുമയിൽ തിരുവോണത്തോണിയുടെ അകമ്പടിക്കുള്ള ചുരുളൻ വള്ളം കുമാരനല്ലൂർ മങ്ങാട്ടുകടവിൽനിന്നു പുറപ്പെട്ടു. മങ്ങാട്ട് ഇല്ലം അനൂപ് നാരായണ ഭട്ടതിരിയാണ് അകമ്പടി വള്ളത്തിൽ യാത്ര ചെയ്യുന്നത്.
കാട്ടൂരിൽനിന്നു തിരുവോണത്തോണിയിൽ ആറന്മുളയ്ക്ക് ഓണവിഭവങ്ങളുമായി പുറപ്പെടും. കാട്ടൂർ വരെ ചുരുളൻ വളളത്തിലാണു യാത്ര.
മങ്ങാട്ടുകടവിൽനിന്നു തോട്ടിലൂടെ മീനച്ചിലാറിലെത്തി തുടർന്നു വേമ്പനാട്ട് കായലിലൂടെയാണു യാത്ര. തുടർന്നു പമ്പയിലൂടെ കാട്ടൂരിലെത്തും.
യുഎസിൽ ജോലി ചെയ്യുന്ന അനൂപ് നാരായണ ഭട്ടതിരി അവധിയെടുത്താണു പാരമ്പര്യച്ചുമതലയിൽ കണ്ണിയായത്.
പാരമ്പര്യവഴിയിൽ അച്ഛനും ഇളയച്ഛനും ശേഷമാണ് ഈ നിയോഗം. മങ്ങാട്ടുകടവിൽ യാത്രാമംഗളം നേരാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കൗൺസിലർമാരായ സാബു മാത്യു, ടി.ആർ.അനിൽകുമാർ, വിനു ആർ.മോഹൻ, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, കുമാരനല്ലൂർ ദേവസ്വം ഭരണാധികാരി കെ.എ.മുരളി കാഞ്ഞിരക്കാട്ട് ഇല്ലം, ആനന്ദക്കുട്ടൻ ശ്രീനിലയം തുടങ്ങിയവരെത്തി.
രാധാകൃഷ്ണൻ മഴവഞ്ചേരിൽ, എം.ജി.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ടോടെ വരവേൽപ് നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]