മണർകാട് ∙ പൂർണസമയവും ഭജനമിരുന്ന് നോമ്പാചരിക്കാൻ എത്തുന്ന തീർഥാടകരാൽ മണർകാട് കത്തീഡ്രൽ പരിസരം നിറഞ്ഞു. എവിടെയും പ്രാർഥനാന്തരീക്ഷം.
പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർഥനകളാലും ജാഗരണത്താലും ഭക്തിസാന്ദ്രമാണ് കത്തീഡ്രൽ. കൽക്കുരിശിലും തിരുശേഷിപ്പിങ്കലും വിശ്വാസികളുടെ തിരക്കേറിയിട്ടുണ്ട്.
വയോജനങ്ങൾക്ക് ആദരം, മെറിറ്റ് ഡേ
മണർകാട് പള്ളിയിൽ മെറിറ്റ് ഡേയും വയോജനങ്ങൾക്ക് ആദരവും ഇന്ന് വൈകിട്ട് ആറിന് കത്തീഡ്രൽ അങ്കണത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തിമോത്തിയോസിന്റെ അധ്യക്ഷതയിൽ നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഐസക് മാർ ഒസ്താത്തിയോസ് മുഖ്യപ്രഭാഷണം നടത്തും.
വയോജനങ്ങളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിക്കും.
പ്രാർഥനകളാൽ മുഖരിതം
ദൈവസ്തുതി കീർത്തനങ്ങളാൽ മുഖരിതമാണു മണർകാട് പള്ളി. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രസംഗങ്ങൾക്ക് തിങ്കളാഴ്ച തുടക്കമായി.
രാവിലെ 11 മുതൽ 12 വരെയും ഉച്ചയ്ക്കു രണ്ടുമുതൽ നാലുവരെയുമാണ് പ്രസംഗങ്ങൾ. വൈകിട്ട് 6.30 മുതൽ ഗാനശുശ്രൂഷയോടെ ധ്യാനപ്രസംഗങ്ങളുമുണ്ട്. ഇന്നലെ നടന്ന പ്രസംഗങ്ങൾക്ക് കുര്യാക്കോസ് മാർ ഇവാനിയോസ്, ഫാ.അരുൺ സി.ഏബ്രഹാം എന്നിവരും ധ്യാനപ്രസംഗത്തിനു ഫാ.മാത്യൂസ് ചാലപ്പുറവും നേതൃത്വം നൽകി.
സുവിശേഷ സംഗമത്തിൽ പങ്കുചേരാൻ ഭജനമിരുന്ന് എട്ടുനോമ്പാചരിക്കുന്ന തീർഥാടകർക്കു പുറമേ നാനാജാതി മതസ്ഥരായ നൂറുകണക്കിനാളുകൾ എത്തുന്നു. അഞ്ചാം തീയതി ധ്യാനപ്രസംഗം സമാപിക്കും.
വ്യാപാരപ്പെരുമയുമായി പള്ളി മൈതാനം
മണർകാട് പെരുന്നാളിനു പോയാൽ ഉപ്പുതൊട്ടു കർപ്പൂരം വരെ വാങ്ങാമെന്ന നിലയിൽ പള്ളിയുടെ വടക്ക്, തെക്കുവശങ്ങളിലെ മൈതാനത്ത് വ്യാപാര കേന്ദ്രങ്ങൾ ഉണർന്നു.
പഴയ പെരുമ നിലനിർത്തി പള്ളിമൈതാനത്തിന്റെ പകുതിയോളം ഭാഗമാണ് വ്യാപാര കേന്ദ്രമായി മാറിയിരിക്കുന്നത്. പടിഞ്ഞാറുവശത്തെ കണിയാംകുന്ന് റോഡിലേക്കുള്ള വഴിയിലും വെച്ചുവാണിഭക്കാർ നിറഞ്ഞു. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, പണിയായുധങ്ങൾ, സ്ത്രീകളുടെ ആഭരണങ്ങൾ തുടങ്ങിയവയും ഭക്ഷണശാലകളും സജീവമായിട്ടുണ്ട്.
കന്യാമറിയത്തെപ്പോലെ കത്തിയെരിയുന്നവരാകണം: കുര്യാക്കോസ് മാർ ഇവാനിയോസ്
∙ പരിശുദ്ധ കന്യാമറിയത്തോടു ഹൃദയം നുറുങ്ങി പ്രാർഥിക്കുമ്പോൾ ദൈവത്തിൽ നിന്ന് അനുഗ്രഹം ലഭിക്കുമെന്ന വിശ്വാസവും നന്ദിയുമാണ് എട്ടുനോമ്പിൽ മണർകാട് പള്ളിയിലെ ജനത്തിരക്കിനു പിന്നിലെന്ന് കുര്യാക്കോസ് മാർ ഇവാനിയോസ്.
എട്ടുനോമ്പാചരണത്തിന്റെ രണ്ടാം ദിനത്തിൽ മൂന്നിന്മേൽ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
രക്ഷാകര ചരിത്രത്തിന്റെ ഭാഗമാകാൻ മെഴുകുതിരി പോലെ പരിശുദ്ധ കന്യാമറിയം കത്തിയെരിഞ്ഞു. മെഴുകുതിരിയിലെ നൂൽ കത്തുമ്പോഴാണ് പ്രകാശമുണ്ടാകുന്നത്.
നൂൽ കത്തണമെങ്കിൽ അതിനെ ആവരണം ചെയ്തിരിക്കുന്ന മെഴുക് ഉരുകിത്തീരണം. മെഴുകാകുന്ന മാതാവ് ഉരുകിത്തീർന്നുകൊണ്ട് ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ നൽകി.
മറ്റുള്ളവർക്ക് വേണ്ടി കത്തിയെരിഞ്ഞാൽ മാത്രമേ ദൈവം ഹൃദയത്തിൽ വസിക്കുകയുള്ളുവെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
പള്ളിയിൽ ഇന്ന്
∙ കരോട്ടെപള്ളിയിൽ കുർബാന – 6.00
∙ താഴത്തെ പള്ളിയിൽ പ്രഭാതനമസ്കാരം, മൂന്നിന്മേൽ കുർബാന– പൗലോസ് മാർ ഐറേനിയോസ്–7.30
പ്രസംഗം–11.00
∙ ഉച്ചനമസ്കാരം– 12.00
പ്രസംഗം–ഫാ.അലക്സാണ്ടർ പട്ടശ്ശേരിൽ– 2.30
∙ സന്ധ്യാനമസ്കാരം–5.00
∙ മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും – 6.00
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]