
തുരുത്തി – മുളയ്ക്കാംതുരുത്തി – വാലടി റൂട്ടിൽ കെഎസ്ആർടിസി സർവീസ് വീണ്ടും തുടങ്ങണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ തുരുത്തി – മുളയ്ക്കാംതുരുത്തി – വാലടി റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി സർവീസ് പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം. ഇന്നലെ കോട്ടയത്ത് നിന്നുള്ള രണ്ട് സർവീസ് മാത്രമാണ് റൂട്ടിലൂടെ ഓടിയത്. രാവിലെ 8.30ന് മുളയ്ക്കാംതുരുത്തി വരെയും വൈകിട്ട് കാവാലം വരെയുമാണ് ഈ ബസ് ഓടിയത്. ചങ്ങനാശേരിയിൽ നിന്നുള്ള സർവീസ് എന്ന് തുടങ്ങുമെന്നു അധികൃതർ വ്യക്തമാക്കുന്നില്ല.
മക്ക് ഇറക്കി റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുമെന്ന് കെഎസ്ടിപി വ്യക്തമാക്കിയെങ്കിലും നിർമാണത്തിൽ മെല്ലെപ്പോക്കാണ്. റോഡിന്റെ അപകടാവസ്ഥ കാരണം സ്കൂൾ ബസുകളും മുടങ്ങുന്നു. പല സ്കൂൾ ബസുകളും റോഡിന്റെ അപകട ഭീഷണിയില്ലാത്ത ഭാഗം വരെയാണ് എത്തുന്നത്. ഇവിടേക്ക് മാതാപിതാക്കൾ കുട്ടികളെ എത്തിക്കേണ്ട അവസ്ഥയാണ്. പലരും വെള്ളക്കെട്ടിലൂടെ കുട്ടികളുമായി നടന്നാണ് വരുന്നത്.
പകരം സർവീസ്
∙പറാൽ – കുമരങ്കരി വഴി വാലടി റൂട്ടിലൂടെ ആരംഭിച്ച ബദൽ സർവീസ് ഇന്നലെ നാരകത്തറ, കൃഷ്ണപുരം, കാവാലം വരെ സർവീസ് നടത്തി. തുരുത്തി – മുളയ്ക്കാംതുരുത്തി റൂട്ടിലെ ഷെഡ്യൂൾ അനുസരിച്ച് 64 ട്രിപ്പുകളാണ് നടത്തുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. എന്നാൽ ബസ് ഓടുന്ന സമയത്തിൽ വ്യക്തതയില്ല. വെളിയനാട് ഭാഗത്ത് നിന്നുൾപ്പെടെ 2 ബസുകൾ അധികം എത്തിച്ചാണ് ട്രിപ്പുകൾ നടത്തുന്നത്. വെളിയനാട് ഭാഗത്ത് വെള്ളം ഇറങ്ങി തുടങ്ങിയതോടെ അവരുടെ ബസുകൾ തിരികെ ആവശ്യപ്പെട്ടത് പ്രതിസന്ധിയായി. ബദൽ സർവീസിൽ ബസുകൾ സമയക്രമം പാലിക്കണമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ കുട്ടനാട് മേഖല പ്രസിഡന്റ് പ്രദീപ് വാലടി ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമാകുന്നു
∙ കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി. യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് വിനീഷ് വിജയനാഥ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി ബിജു മങ്ങാട്ടുമഠം, ആർ.സൂരജ്, എം.എസ്.ധനപാലൻ, അരവിന്ദാക്ഷൻ നായർ, കെ.സുകുമാരൻ, എം.എൻ.ബാലകൃഷ്ണൻ, പി.കെ.രഘുദാസ്, എൻ.ജി.പണിക്കർ, സജിത്ത് എന്നിവർ പ്രസംഗിച്ചു.
ഇന്ന് വള്ളം ഇറക്കി പ്രതിഷേധം
∙തുരുത്തി – മുളയ്ക്കാംതുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂദാപുരം സെന്റ് ജൂഡ് പള്ളി ഇടവകയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്ന് 5.30ന് റോഡിൽ വള്ളം ഇറക്കി പ്രതിഷേധിക്കും. ധർണയും നടത്തും.