
ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡ് അടച്ചു; റോഡ് നിരപ്പിലേക്ക് താഴ്ത്തുന്ന ജോലി ആദ്യം, ഗതാഗത പരിഷ്കാരം ഇങ്ങനെ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ പുതിയ കെഎസ്ആർടിസി ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്റ്റാൻഡ് ഇന്നലെ മുതൽ അടച്ചു പൂട്ടി. പകരം ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരത്തോടു വലിയ പരാതികളില്ലാതെ സഹകരിച്ച് ജനം. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ സർവീസുകൾ നടത്തുന്നത്. സ്റ്റേഷൻ മാസ്റ്ററുടെ റൂമും അന്വേഷണങ്ങളുടെ കൗണ്ടറും പെരുന്ന സ്റ്റാൻഡിൽ ആരംഭിച്ചു. ഇന്നലെ രാവിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണു സ്റ്റാൻഡ് അടയ്ക്കുന്ന ജോലികൾ ആരംഭിച്ചത്.
തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ നഗരസഭാ കാര്യാലയത്തിനു സമീപം ആളുകളെ കയറ്റിയിറക്കിയാണു കടന്നു പോകുന്നത്. ടാക്സി സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് ഇതിനായി സൗകര്യം ഏർപ്പെടുത്തി. കോട്ടയം, കറുകച്ചാൽ ഭാഗത്തേക്കുള്ള ബസുകൾ നിലവിലെ സ്റ്റാൻഡിനു മുൻപിൽ ആളുകളെ കയറ്റി ഇറക്കി പോകുന്നു. ആലപ്പുഴ ഭാഗത്ത് നിന്ന് ചങ്ങനാശേരിയിലേക്കുള്ള ബസുകൾ പെരുന്ന സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ചു. ബസുകളുടെ സമയ ക്രമീകരണങ്ങൾ വിലയിരുത്താനും പരിശോധനയ്ക്കുമായി രണ്ട് ഓൺ ഡ്യൂട്ടി ജീവനക്കാരെ നഗരസഭ കാര്യാലയത്തിനു സമീപം, പെരുന്ന സ്റ്റാൻഡ് എന്നിവിടങ്ങളിൽ കെഎസ്ആർടിസി നിയോഗിച്ചിട്ടുണ്ട്.
നിർമാണം ആദ്യഘട്ടം ഇങ്ങനെ
കെഎസ്ആർടിസി സ്റ്റാൻഡ് റോഡ് നിരപ്പിലേക്കു താഴ്ത്തുന്ന ജോലികളാണ് ആദ്യം തുടങ്ങുന്നത്. ഇതിനായി നിലവിലെ കോൺക്രീറ്റ് തറ പൊളിക്കും. ഇപ്പോൾ റോഡിൽ നിന്നു കയറ്റം കയറിയാണ് ബസ് സ്റ്റാൻഡിലേക്ക് എത്തേണ്ടത്. ഇത് പൂർണമായും ഒഴിവാക്കും. റോഡിന് സമാന്തരമായി പുതിയ ടെർമിനൽ നിർമിക്കാനാണു പദ്ധതി. പൊളിക്കേണ്ട ഭാഗങ്ങളിലെ മാർക്കിങ്ങുകൾ പൂർത്തിയായി. സ്റ്റാൻഡിലെ ഡീസൽ പമ്പ് ഉപയോഗിക്കാനും ഗാരജിലേക്കും പോകാനുമായി ബസുകൾക്ക് വേണ്ടി ഒരു ഭാഗം ഒഴിവാക്കിയാണ് സ്റ്റാൻഡ് അടച്ചു പൂട്ടിയിരിക്കുന്നത്.
ഒരാഴ്ച ട്രയൽ റൺ
ട്രയൽ റൺ ആയാണ് പുതിയ ഗതാഗത പരിഷ്കാരം നടത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്കു പരാതികളില്ലെങ്കിൽ ഇങ്ങനെ തന്നെ തുടരാനാണു ശ്രമം. പരാതികൾ ഉണ്ടാവുകയും നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്താൽ പരിഷ്കാരങ്ങളിൽ മാറ്റം കൊണ്ടുവരും. ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി നഗരസഭ, പൊലീസ്, ട്രാഫിക് പൊലീസ്, കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ യോഗം പതിവായി ചേരുന്നു.
യാത്രക്കാർ പറയുന്നു, വേണം താൽക്കാലിക സംവിധാനം.
വെയിലും മഴയും കൊള്ളാതെ ബസുകൾ കയറാൻ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. നഗരസഭാ കാര്യാലയത്തിനു സമീപം, നിലവിലെ കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശം എന്നിവിടങ്ങളിൽ വെയിലും മഴയും കൊണ്ടു വേണം ബസിനായി കാത്തുനിൽക്കേണ്ടത്. ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ കയറി നിൽക്കാൻ ഇടമില്ലാതെ യാത്രക്കാർ ഏറെ വലഞ്ഞു. ടെർമിനലിന്റെ നിർമാണം പൂർത്തിയാകുന്നതു വരെ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കണം.