മണർകാട് ∙ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറിയതോടെ മരിയൻ തീർഥാടന കേന്ദ്രമായ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേക്കു തീർഥാടകർ എത്തിത്തുടങ്ങി. ഇത്തവണ കൂടുതൽ തീർഥാടകർ എത്തുമെന്നാണു പള്ളിക്കമ്മിറ്റിയുടെ പ്രതീക്ഷ.
ഇതിനായി വിപുലമായ ക്രമീകരണങ്ങൾ കത്തീഡ്രലിൽ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ കരോട്ടെ പള്ളിയിൽ നടന്ന കുർബാനയ്ക്കു തോമസ് മാർ അലക്സന്ത്രയോസും താഴത്തെ പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തിമോത്തിയോസും മുഖ്യകാർമികത്വം വഹിച്ചു. കലണ്ടർ പ്രകാശനവും നടത്തി.
ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ദുക്റോനോ പെരുന്നാളും ആചരിച്ചു.
മാതാവിനെ മാതൃകയാക്കണം: മാർ തിമോത്തിയോസ്
മനുഷ്യരായ നമ്മെത്തന്നെ കാണുന്ന കണ്ണാടിയാണ് പരിശുദ്ധ ദൈവമാതാവിന്റെ ജീവിതമെന്ന് ഡോ.തോമസ് മാർ തിമോത്തിയോസ്. എട്ടുനോമ്പാചരണത്തിന്റെ ആദ്യദിനത്തിൽ താഴത്തെ പള്ളിയിൽ മൂന്നിന്മേൽ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മാതാവിന്റെ ജീവിതത്തിലുടനീളം ത്യാഗങ്ങളും മനോപീഢകളും അനുഭവിച്ചു. എന്നാൽ പ്രതിസന്ധികളിൽ ദൈവത്തോടുള്ള വിശ്വസ്തത മാതാവിനെ വ്യത്യസ്തയാക്കി. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നു ദൈവത്താൽ തിരഞ്ഞടുക്കപ്പെട്ടാണ് മാതാവ് ബഹുമാന്യയായിത്തീർന്നത്. മാതാവിന്റെ ഉദാത്ത മാതൃക മനസ്സിലാക്കുമ്പോൾ നാം വ്യത്യസ്തരാകുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
നേർച്ചക്കഞ്ഞി വിതരണം
തീർഥാടകർക്കായി മണർകാട് പള്ളിയിലെ ഇടവകാംഗങ്ങൾ ചേർന്നു തയാറാക്കുന്ന നേർച്ചക്കഞ്ഞിയുടെ വിതരണം വടക്കുവശത്തെ പാരിഷ് ഹാളിൽ ആരംഭിച്ചു.
ഡോ.തോമസ് മാർ തിമോത്തിയോസിന്റെ കാർമികത്വത്തിൽ പ്രത്യേക പ്രാർഥനാച്ചടങ്ങുകളോടെയാണ് വിതരണം ആരംഭിച്ചത്. ഏഴാം തീയതി അർധരാത്രി വരെ രാവിലെ 10.30മുതലും വൈകിട്ട് ആറുമുതലും നേർച്ചക്കഞ്ഞി വിതരണം നടക്കും. പയർ, അച്ചാർ, ചമ്മന്തിപ്പൊടി എന്നിവയാണ് വിഭവങ്ങൾ.
മാനേജ്മെന്റ് കന്റീൻ, വിൽപന കന്റീൻ എന്നിവയുടെയും മറ്റു കൗണ്ടറുകളുടെയും പ്രവർത്തനവും ആരംഭിച്ചു.
ദീപാലംകൃതമായി പള്ളിയും വീഥികളും
എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ മിഴിതുറന്നതോടെ നാട് വർണപ്രഭയാൽ നിറഞ്ഞു. മണർകാട് കത്തീഡ്രൽ, കരോട്ടെ പള്ളി, പള്ളിക്കവാടം, മണിമാളിക, സമീപ കെട്ടിടങ്ങൾ, പള്ളിമുറ്റത്തെ വാകമരങ്ങൾ, കവലയിലെ കുരിശുപള്ളി, കണിയാംകുന്ന് കുരിശടി എന്നിവിടങ്ങളിലാണ് വൈദ്യുത ദീപാലങ്കാരങ്ങൾ.
മണർകാട് കവല വരെയുള്ള പ്രദക്ഷിണ വീഥികളിലെ ദീപാലങ്കാരങ്ങളും കാഴ്ചയ്ക്കു മിഴിവേകുന്നു.
പള്ളിയിൽ ഇന്ന്
കരോട്ടെപള്ളിയിൽ കുർബാന – 6.00
താഴത്തെ പള്ളിയിൽ പ്രഭാതനമസ്കാരം, മൂന്നിന്മേൽ കുർബാന– കുര്യാക്കോസ് മാർ ഇവാനിയോസ്–7.30
പ്രസംഗം–11.00
ഉച്ചനമസ്കാരം– 12.00
പ്രസംഗം–ഫാ.അരുൺ സി.ഏബ്രഹാം നല്ലില– 2.30
സന്ധ്യാനമസ്കാരം–5.00
ഗാനശുശ്രൂഷ, ധ്യാനപ്രസംഗം–ഫാ.മാത്യൂസ് ചാലപ്പുറം–7.00
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]