
കാഞ്ഞിരപ്പള്ളി∙ സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി നിറവിൽ. വിശുദ്ധ ദുമ്മിനിങ്കോസിന്റെ ( വിശുദ്ധ ഡൊമിനിക് ) നാമത്തിലുള്ള പുത്തൻപള്ളി വിശ്വാസവഴിയിൽ 2 നൂറ്റാണ്ടാണു പിന്നിടുന്നത്.
1825 ഓഗസ്റ്റ് 4നാണ് പള്ളി സ്ഥാപിതമായത്.
ചരിത്രം ഇങ്ങനെ തുടങ്ങുന്നു
15-ാം നൂറ്റാണ്ടിൽ നിലയ്ക്കലിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറിപ്പാർത്ത ക്രൈസ്തവസമൂഹം അക്കാലത്ത് അരുവിത്തുറ പള്ളിയിലാണു പ്രാർഥന നടത്തിയിരുന്നത്. 1449ൽ കാഞ്ഞിരപ്പള്ളിയിൽ അക്കരപ്പള്ളി (പഴയപള്ളി) സ്ഥാപിച്ചു.
1825ൽ വെള്ളപ്പൊക്കം മൂലം പഴയപള്ളിക്കു കേടുപാടുണ്ടായി. ഇതോടെ വെള്ളം കയറാത്ത ഉയർന്ന സ്ഥലമായ പള്ളിവക വയമ്പു പുരയിടത്തിൽ പള്ളി പണിയാൻ തീരുമാനിച്ചു.
1825 കാർത്തിക മാസം 21 ന് ദിവാൻ വെങ്കിട്ടരായ കൊച്ചുനാരായണപിള്ള പള്ളി നിർമാണത്തിന് അനുവാദം നൽകി. 1825 ഓഗസ്റ്റ് 4ന് വിശുദ്ധ ഡൊമിനിക്കിന്റെ നാമത്തിൽ പള്ളി സ്ഥാപിതമായി.
പരിശുദ്ധ കന്യാമറിയത്തിന്റെ ഭക്തനും ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധനുമായ വിശുദ്ധ ഡൊമിനിക്കിന്റെ നാമധേയത്തിൽ പള്ളി പണിതത് അക്കരയമ്മയോടുള്ള ബന്ധം മൂലമാണെന്നാണ് വിശ്വാസം.
പുനർനിർമാണം
1882ൽ മഴയിലും വെള്ളപ്പൊക്കത്തിലും പള്ളിക്കു കേടുപാടു സംഭവിച്ചു. മുഖവാരം ഇടിഞ്ഞുവീണു.
പിന്നീട് താൽക്കാലിക പള്ളിയായി സിമിത്തേരിക്കപ്പേള ഉപയോഗിച്ചു. 1885ൽ പള്ളി പൊളിച്ചുമാറ്റി പുതിയ പള്ളിയുടെ പണി ആരംഭിച്ചു.
ഇത് 1897 വരെ നീണ്ടു. 1945ൽ പള്ളി മൂന്നാമതും പൊളിച്ചുമാറ്റി ഇപ്പോഴുള്ള പള്ളിക്ക് മാർ ജയിംസ് കാളാശേരി മെത്രാൻ ശിലയിട്ടു.
മുഖവാരം ഒഴിച്ചുള്ള ഭാഗങ്ങൾ 1962 ൽ പണിതീർത്തു. പിന്നീട് 1977ൽ മുഖവാരവും പൂർത്തീകരിച്ചു.
32 വർഷം കൊണ്ട് പണി പൂർത്തിയാക്കി. മുൻഭാഗത്തുള്ള കൽക്കുരിശും കൊടിമരവും മാതാവിന്റെ രൂപവും പിന്നീട് സ്ഥാപിച്ചതാണ്.
2020 ൽ കത്തീഡ്രലിലെ മദ്ബഹ നവീകരിച്ചു.
ഫൊറോന
പോർച്ചുഗീസുകാരുടെ വരവിനു ശേഷം കാഞ്ഞിരപ്പള്ളി ഇടവക വരാപ്പുഴ ലത്തീൻ മെത്രാന്റെ കീഴിലായിരുന്നു. 1887 ൽ കോട്ടയം വികാരിയാത്തിന്റെയും പിന്നീട് ചങ്ങനാശേരി വികാരിയാത്തിന്റെയും ഭാഗമായി.
ചങ്ങനാശേരി രൂപതയിലെ ഫൊറോനയായി 1919 സെപ്റ്റംബർ 14ന് ഉയർത്തി. 1977ൽ കാഞ്ഞിരപ്പള്ളി രൂപത രൂപംകൊണ്ടതോടെ 6 ഫൊറോനകളിൽ ഒന്നായി പുത്തൻപള്ളി. ആനക്കല്ല്, കൂവപ്പള്ളി, പൊടിമറ്റം, അഞ്ചിലിപ്പ, കുന്നുംഭാഗം എന്നീ 5 കുരിശുപള്ളികൾ 1975ൽ ഇടവകകളായി.
കത്തീഡ്രൽ
1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപത രൂപംകൊണ്ടപ്പോൾ ഫൊറോന ദേവാലയമായിരുന്ന പുത്തൻപള്ളി കത്തീഡ്രലായി ഉയർത്തി.
പുതിയ രൂപതയുടെ ആദ്യത്തെ ബിഷപ് മാർ ജോസഫ് പൗവത്തിൽ 1977 മേയ് 12നു സ്ഥാനമേറ്റു.
ഇടവകയും സ്ഥാപനങ്ങളും
1,500 കുടുംബങ്ങളിലായി പതിനായിരത്തോളം ഇടവകാംഗങ്ങളുണ്ട്. 60 കുടുംബക്കൂട്ടായ്മകളുമുണ്ട്.
കത്തീഡ്രൽ ഇടവകയുടെ കീഴിൽ സെന്റ് ഡൊമിനിക്സ് കോളജ്, സെന്റ് ഡൊമിനിക്സ് ലോ കോളജ്, സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവ പ്രവർത്തിക്കുന്നു. രൂപതയുടെയും സന്യാസിനി സമൂഹത്തിന്റെയും മേൽനോട്ടത്തിൽ 5 കാരുണ്യ ഭവനങ്ങളും 2 സ്കൂളുകളുമുണ്ട്.
എസ്എബിഎസ്, എസ്എച്ച്, മാർത്താസ് കോൺവന്റുകളും ഇടവകയിലുണ്ട്. അഞ്ചിലിപ്പ, പനച്ചേപ്പള്ളി, പുളിമാവ് എന്നിവിടങ്ങളിൽ കുരിശുപള്ളികളും, ലൂർദ് ഹാളിനു മുൻപിലായി ലൂർദ് മാതാവിന്റെ ഗ്രോട്ടോയും കുരിശുങ്കൽ ജംക്ഷനിൽ കുരിശടിയും ഉണ്ട്. മഹാജൂബിലി പാരിഷ് ഹാൾ, സെന്റ് തോമസ് ഹാൾ എന്നിവയും കത്തീഡ്രലിന്റെ ഭാഗമായുണ്ട്.
പള്ളിയുടെ കീഴിൽ കൂവപ്പള്ളി റബർ എസ്റ്റേറ്റ് പ്രവർത്തിക്കുന്നു. 110 വർഷങ്ങളായി കൂവപ്പള്ളി കുരിശുമല മധ്യകേരളത്തിലെ പുരാതനമായ തീർഥാടന കേന്ദ്രമാണ്.
ചടങ്ങുകൾ 10 വരെ
ഒരു വർഷം നീണ്ട
ദ്വിശതാബ്ദി ആഘോഷ സമാപനം ഇന്നു മുതൽ 10 വരെ നടത്തും. ഇന്നു വൈകിട്ട് 5.45ന് അക്കരപ്പള്ളിയിൽ നിന്നു ടൗൺ ചുറ്റി കത്തീഡ്രലിലേക്കു നടത്തുന്ന റാലി കത്തീഡ്രൽ വികാരി ഫാ.കുര്യൻ താമരശേരി ഫ്ലാഗ് ഓഫ് ചെയ്യും.
പതാക ഉയർത്തൽ, തിരി തെളിക്കൽ, 200 പേർ അണിനിരക്കുന്ന ജൂബിലി ഗാനാലാപനം എന്നിവ നടക്കും. നാളെ 3നു രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ കുർബാന, വൈകിട്ട് 5നു സാംസ്കാരിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
തുടർന്നു നാടകം – മഞ്ഞു പെയ്യുന്ന മരുഭൂമി. 4ന് ഇടവകസംഗമം, 6ന് ഇടവകക്കൂട്ടായ്മകളുടെ സംഗമം, 7നു കാരുണ്യ ഭവനങ്ങളുടെ സംഗമം, 8ന് പ്രാർഥനാ ദിനം, 9ന് വൈദിക – സന്യസ്ത സംഗമം എന്നിവ നടത്തും. സമാപന ദിവസമായ 10ന് രാവിലെ 9ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ കുർബാന.
തുടർന്ന് ജൂബിലി സമാപന സമ്മേളനം നടക്കും. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ സിറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പ്രഭാഷണം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]