ഏറ്റുമാനൂർ ∙ സ്ഥിരം അപകട മേഖലയായ പട്ടിത്താനം ജംക്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഓരോ മണ്ഡല കാലത്തും പട്ടിത്താനത്തെ ട്രാഫിക് സിഗ്നൽ ലൈറ്റ് ചർച്ചയിൽ വരുമെങ്കിലും ഇത്തവണയും പദ്ധതി യാഥാർഥ്യമായില്ല. നാല് വശങ്ങളിൽ നിന്നും റോഡുകൾ സംഗമിക്കുന്ന പ്രധാന ജംക്ഷനാണ് പട്ടിത്താനം.
ഇവിടെ ഗതാഗത സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് കുറുകെ കടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തലനാരിഴയ്ക്കാണ് പലപ്പോഴും അപകടങ്ങൾ വഴിമാറുന്നത്.
റൗണ്ടാന സംവിധാനത്തിലേക്കു ജംക്ഷൻ മാറിയെങ്കിലും ട്രാഫിക് സിഗ്നൽ ലൈറ്റ് വേണമെന്ന ആവശ്യമാണ് നാട്ടുകാരും ടാക്സി ഡ്രൈവർമാരും ഉന്നയിക്കുന്നത്. മണ്ഡല കാലമായതോടെ ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് ദിനംപ്രതി നൂറുകണക്കിനു അയ്യപ്പന്മാരാണ് എത്തുന്നത്.
ഇതിൽ ഭൂരിഭാഗം ആളുകളും പട്ടിത്താനം കവല വഴി ക്ഷേത്രത്തിൽ എത്തുന്നവരാണ്.
കുറവിലങ്ങാട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന പ്രധാന ജംക്ഷനാണ് ഇത്. മണർകാട് ബൈപാസ് റോഡ് തുറന്നതോടെ ഇവിടെയെത്തുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി.
ഇപ്പോൾ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ കൂടി എത്തിയതോടെ വലിയ തിരക്കാണ് ജംക്ഷനിൽ അനുഭവപ്പെടുന്നത്. അനധികൃത പാർക്കിങ്ങാണ് കവലയുടെ പ്രധാന ശാപം.
ട്രക്കുകൾ ഉൾപ്പെടെയുള്ള ഭാരവണ്ടികൾ റോഡ് അരികിൽ പാർക്ക് ചെയ്യുന്നതു മറ്റു ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നു.
എറണാകുളം ഭാഗത്തു നിന്നു മണർകാട്ടേക്കു വരുന്നവർക്ക് കുറവിലങ്ങാട് റൂട്ടിലെ റോഡ് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. സിഗ്നൽ ലൈറ്റ് ഇല്ലാത്തതിനാൽ വാഹനങ്ങൾ നേരെ മണർകാട്ട് ബൈപാസിലേക്കു പ്രവേശിക്കുന്നതും അപകട
കാരണമാകുന്നു.മണർകാട് ബൈപാസ് റോഡിലൂടെ എത്തുന്ന വാഹനങ്ങൾ പട്ടിത്താനത്ത് എത്തുമ്പോൾ മാത്രമാണ് ജംക്ഷൻ തിരിച്ചറിയുന്നത്. ഇത്തരത്തിൽ ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് വേണം പട്ടിത്താനം കവലയിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാൻ.
അപകടങ്ങൾ പതിവായിട്ടും കവലയിൽ ഗതാഗത സംവിധാനങ്ങൾ ഒരുക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

